ഓഹരി പാഠം-2: പ്രാഥമിക വിപണിയെ അടുത്ത് അറിയാം

0
1473

ഘടനാപരമായി ഓഹരിവിപണി രണ്ടു തലങ്ങളായാണ് പ്രവര്‍ത്തിച്ചുവരുന്നത്. പ്രൈമറി മാര്‍ക്കറ്റ് അഥവാ പ്രാഥമിക വിപണി, സെക്കന്‍ഡറി മാര്‍ക്കറ്റ് അഥവാ ദ്വിതീയ വിപണി എന്നിവയാണവ. കമ്പനികളുടെ രൂപീകരണ സമയത്ത് പുറത്തിറക്കുന്ന പുത്തന്‍ ഓഹരികളാണ് പ്രൈമറി മാര്‍ക്കറ്റില്‍ കൈകാര്യം ചെയ്യപ്പെടുന്നതെങ്കില്‍ സ്വരൂപിക്കപ്പെട്ട മൂലധനം ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തിവരുന്ന നിലവിലുള്ള കമ്പനികളിലെ ഓഹരികളുടെ ക്രയവിക്രയമാണ് സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നടക്കുന്നത്. മൂലധന സമാഹരണം ലക്ഷ്യമിട്ട് ‘ഇനീഷ്യല്‍ പബ്ലിക് ഓഫര്‍’ അഥവാ ഐ പി ഒ വഴി പ്രൈമറി മാര്‍ക്കറ്റിലെ നിക്ഷേപകരെ ലക്ഷ്യമാക്കി പുറത്തിറക്കുന്ന ഓഹരികള്‍ ഫേസ് വാല്യു അഥവാ മുഖവിലയ്ക്കോ, അതല്ലെങ്കില്‍ ഫേസ് വാല്യൂവിനോട് ചേര്‍ന്ന് കൂടുതല്‍ വിലയ്ക്ക് പ്രീമിയത്തിലോ, ഫേസ് വാല്യൂവിലും താഴെ ഡിസ്കൗണ്ട് വിലയ്ക്കോ (വളരെ അപൂര്‍വമായി മാത്രമാണ് ഇത്തരത്തില്‍ സംഭവിക്കാറുള്ളത്) ലഭ്യമാകുന്നു. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അനുവദിക്കപ്പെട്ട അനുപാതത്തിലാണ് ഓഹരികള്‍ അലോട്ട് ചെയ്യപ്പെടുന്നത്. സ്വരൂപിക്കപ്പെട്ട മൂലധനം ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തന മികവ് അടിസ്ഥാനമാക്കിയാണ് ഓഹരിവില കൂടുകയോ കുറയുകയോ ചെയ്യുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കമ്പനികളുടെ ഓഹരികള്‍ക്ക് സ്വാഭാവികമായും നിക്ഷേപകര്‍ക്കിടയില്‍ ഡിമാന്‍ഡ് കൂടുതലായിരിക്കും. മറിച്ചാണെങ്കില്‍ പ്രസ്തുത കമ്പനിയുടെ ഓഹരി വാങ്ങാന്‍ ആവശ്യക്കാര്‍ ഉണ്ടാവണമെന്നില്ല. ഏവര്‍ക്കും സുപരിചിതമായ ഒരു കമ്പനിയുടെ കാര്യം തന്നെ ഇവിടെ ഉദാഹരണമായി എടുക്കാം. 2003 ജൂണ്‍ മാസത്തിലാണ് രാജ്യത്തെ പ്രമുഖ മോട്ടോര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡ് 5 രൂപാ മുഖവിലയുള്ള ഓഹരികള്‍ 120 രൂപാ പ്രീമിയം ചേര്‍ത്ത്, അതായത് ഓഹരിയൊന്നിന് 125 രൂപാ നിരക്കില്‍ പബ്ലിക് ഇഷ്യൂ നടത്തിയത്. വമ്പന്‍ സ്വീകരണമായിരുന്നു പ്രൈമറി മാര്‍ക്കറ്റില്‍ ഈ ഇഷ്യൂവിന് നിക്ഷേപകര്‍ നല്‍കിയത്. പുറത്തിറക്കാന്‍ ഉദ്ദേശിച്ച ഓഹരികളുടെ എണ്ണത്തിന്‍റെ ഏതാണ്ട് 13 ഇരട്ടിയോളം വരുന്ന ഓഹരികള്‍ക്കായി അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടു. നിക്ഷേപകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല. വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായി ശക്തമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന മാരുതിയുടെ ഓഹരിവില ഈ ലേഖനം തയ്യാറാക്കുന്ന വേളയിലും 8000 രൂപയ്ക്കും മുകളിലാണ്. 2021 ഡിസംബര്‍ മാസംപുറത്തുവന്ന കണക്കനുസരിച്ച് ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ വില്‍പനയുടെ 48 ശതമാനത്തിലധികവും മാരുതി കൈയടക്കി വെച്ചിരിക്കുന്നുവെന്നതും കൂട്ടിവായിക്കുക.
മാരുതിയുടെ വിജയകഥ ഉദാഹരിക്കുമ്പോഴും മറിച്ചുള്ള അനുഭവം നിക്ഷേപകര്‍ക്ക് നല്‍കിയ ധാരാളം ഐ പി ഒകളും ഇന്ത്യന്‍ വിപണിയില്‍ വന്നുപോയിട്ടുണ്ടെന്ന വസ്തുതയും ഓര്‍ക്കേണ്ടതുണ്ട്. 2011-21 കാലഘട്ടങ്ങളില്‍ ഏതാണ്ട് 270ല്‍ പരം ഐ പി ഒകളാണ് അവതരിപ്പിക്കപ്പെട്ടത്. അവയില്‍ ഏതാനും ചില ഐ പി ഒകളുമായി ബന്ധപ്പെട്ട വിവരങ്ങളും അവയുടെ വിലയിലുണ്ടായ വ്യതിയാനങ്ങള്‍ എപ്രകാരമാണെന്നും പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.

പ്രാഥമിക വിപണിയില്‍ ഐ പി ഒ വഴി പുത്തന്‍ കമ്പനികളുടെ ഓഹരികള്‍ക്കായി അപേക്ഷിക്കേണ്ട രീതിയും തുടര്‍ന്ന് നടക്കുന്ന നടപടിക്രമങ്ങളും ഓഹരി പാഠത്തിന്‍റെ അടുത്ത ലക്കത്തില്‍.

First published in Malayala Manorama