ഓഹരി നിക്ഷേപത്തിലെ ആദ്യത്തെ ചുവട്

0
1770

“അപ്പോഴേ പറഞ്ഞതല്ലേ ദിനേശാ കുറച്ച് പണം ഓഹരിയില്‍ നിക്ഷേപിക്കാന്‍ . ഇപ്പൊ കണ്ടില്ലേ മാര്‍ക്കറ്റ് 52,000 കഴിഞ്ഞു മുന്നോട്ട് പോയിക്കൊണ്ടിരിക്കുവാ. ഞാന്‍ കഴിഞ്ഞ കൊല്ലം ഇട്ടത് ഇന്നേക്ക് ഇരട്ടിയായി.” കുറച്ചു തീ വാരിയിട്ട് കൂട്ടുകാരന്‍ നടന്നു പോയി. രാത്രി കുറെ ചിന്തിച്ചു.”ശ്ശേ അന്നേ കുറച്ച് കാശ് ഇട്ടിരുന്നെങ്കില്‍ ഇന്ന് നല്ല വരുമാനമായേനെ. ഇനി ഒരു വീഴ്ച സംഭവിച്ചുകൂടാ, നാളെത്തന്നെ കുറച്ചു പണം കൊണ്ട് പോയി നിക്ഷേപിക്കണം.”
ഇതാണ് സാധാരണ സംഭവിക്കുന്നത്. സംഭാഷണം പല രീതിയില്‍ ആകുമെങ്കിലും തെറ്റായ ഒരു തീരുമാനത്തിന്‍റെ തീപ്പൊരിക്ക് ഏകദേശം ഈ രൂപമായിരിക്കും. നിക്ഷേപം വേഗത്തില്‍ പണമുണ്ടാക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടായതുകൊണ്ട് പ്രതീക്ഷകള്‍ ഏറെയായിരിക്കും. പക്ഷെ ഓഹരി എന്നത് ദിവസേന, ഓരോ നിമിഷവും വില വ്യതിയാനം നേരിടുന്ന ഒരു നിക്ഷേപമായതുകൊണ്ട് ഉദ്ദേശിച്ച സമയം കൊണ്ട് ഉദ്ദേശിച്ച നേട്ടം കൊയ്യാന്‍ ഉള്ള സാധ്യത വളരെ കുറവാണ്. ഇത് ആദ്യമായി ഓഹരിയില്‍ നിക്ഷേപിക്കുന്നവരെ നിരാശരാക്കുകയും പിന്നീടൊരിക്കലും അങ്ങോട്ട് തിരിഞ്ഞു പോലും നോക്കില്ലെന്നുള്ള തീരുമാനത്തിലെത്തിക്കുകയും ചെയ്യും.
എന്തുകൊണ്ടാണ് നാം ഓഹരി നിക്ഷേപത്തില്‍ തോല്‍ക്കുന്നത്? എവിടെയാണ് നമുക്ക് പിഴവ് സംഭവിക്കുന്നത്? ആദ്യമായി നിക്ഷേപത്തിലേക്കിറങ്ങുന്നവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്തൊക്കെ? ഇനി കുറെ നാളായി നിക്ഷേപിക്കുന്നവരായാല്‍ പോലും ഓഹരി നിക്ഷേപത്തിനോടുള്ള സമീപനം മനസ്സിലാക്കാന്‍ ഈ ലേഖനം സഹായിക്കും.
ആദ്യ നിക്ഷേപം
ഓഹരിയിലേക്കുള്ള നിങ്ങളുടെ ആദ്യ നിക്ഷേപം ഒരു മ്യൂച്വല്‍ ഫണ്ടിന്‍റെ രൂപത്തിലായിരിക്കണം. അതും പ്രതിമാസ നിക്ഷേപമായി വേണം ചെയ്യാന്‍. ഇതിനുള്ള ഏറ്റവും നല്ല സമയം എന്നത് പഠനമെല്ലാം കഴിഞ്ഞ് ഒരു ജോലിയില്‍ പ്രവേശിച്ച് ആദ്യ ശമ്പളം കിട്ടുമ്പോഴാണ്. കിട്ടിയ ശമ്പളത്തിന്‍റെ 5 ശതമാനം ഒന്നോ രണ്ടോ മുന്‍നിര സ്കീമുകളില്‍ നിക്ഷേപിക്കുക. നേരിട്ട് ഓഹരിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. അതില്‍ തകരാറൊന്നുമില്ല. എന്നാല്‍ അത് ആദ്യ നിക്ഷേപം കഴിഞ്ഞ് നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു നല്ല തുക സ്വരൂപിച്ചതിന് ശേഷം ചെയ്യുന്നതാവും ഉചിതം. ഈ സമയം പഠനകാലമാണ്. വിപണിയുടെ സ്പന്ദനം മനസ്സിലാക്കി വ്യവസായത്തേയും സാമ്പത്തിക മേഖലയേയും കൂടുതല്‍ അറിഞ്ഞ് സ്വന്തമായൊരു നിക്ഷേപം നടത്താന്‍ അപ്പോഴേക്കും കഴിവുണ്ടാകും.
ആദ്യ നിക്ഷേപത്തിന്‍റെ ഒരു ഉത്സാഹം മൂലം ഇടയ്ക്കിടെ നിക്ഷേപിച്ച തുക എത്രയായി എന്നറിയാനുള്ള ആഗ്രഹം ഉണ്ടാകും. ഇത് മൂലം പല ദോഷങ്ങളുമുണ്ട്. ഒന്ന്, നിക്ഷേപത്തെ ദീര്‍ഘ വീക്ഷണത്തോടു കൂടി കാണാനുള്ള മനസ്സ് നഷ്ടപ്പെടും. രണ്ട്, മൂല്യത്തില്‍ ഇടിവു കണ്ടാല്‍ നിക്ഷേപത്തില്‍ നിന്ന് പിډാറാനുള്ള തോന്നലുണ്ടാകും. മൂന്ന്, നല്ല വരുമാനമുണ്ടെന്നു കണ്ടാല്‍ അതില്‍ നിന്ന് ലാഭം പിന്‍വലിക്കാന്‍ തോന്നും. അതുകൊണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം നിക്ഷേപത്തിലേക്ക് ഒരെത്തിനോട്ടം മതിയാകും.
പരിജ്ഞാനം
നാം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. നാം ഉപയോഗിക്കുന്ന മൊബൈല്‍, വണ്ടി, കമ്പ്യൂട്ടര്‍, വീട്ടുപകരണങ്ങള്‍ എന്നിവയൊക്കെ തകരാറിലായാല്‍ നാം ഒരു പ്രാഥമിക വിശകലനം നടത്താനുള്ള അറിവ് കരുതി വയ്ക്കണം. അതുപോലെ നിക്ഷേപങ്ങളിലും. ഇതിന് രണ്ട് ഗുണങ്ങളുണ്ട്. ഒന്ന്, ഒരു നിക്ഷേപം നമുക്ക് അനുയോജ്യമാണോ എന്ന് മനസ്സിലാക്കാന്‍ അത് സഹായിക്കും. രണ്ട്, തെറ്റായ ഒരു ഉപദേശം ആരെങ്കിലും തരാന്‍ ശ്രമിച്ചാല്‍ അതിനെതിരെ തക്കതായ ചോദ്യങ്ങള്‍ ഉന്നയിച്ച് സ്വന്തം നിക്ഷേപങ്ങളെ രക്ഷിക്കാനും സാധിക്കും. നാമെല്ലാം ജോലി ചെയ്യുന്നത് പല മേഖലയിലായാലും അതിന്‍റെ പ്രതിഫലം എല്ലാവര്‍ക്കും കിട്ടുന്നത് പണമായിട്ടാണ്. അത് മൂല്യച്യുതി വരാതെ സംരക്ഷിക്കാനും വളര്‍ത്താനുമുള്ള ഉത്തരവാദിത്വവും നമ്മളോരോരുത്തര്‍ക്കുമുണ്ട്. അതുകൊണ്ട് നിക്ഷേപങ്ങളെപ്പറ്റിയുള്ള അറിവ് ആദ്യ നിക്ഷേപത്തിന് മുന്‍പ് തന്നെ തുടങ്ങേണ്ടതുണ്ട്.

മുന്‍കരുതലുകള്‍
ഇന്നത്തെ കാലത്ത് വിവരങ്ങള്‍ അറിയാന്‍ ഒരു തടസ്സവുമില്ല മാത്രമല്ല വിവരത്തിന്‍റെ ഒരു അതിപ്രസരം തന്നെ നമുക്ക് ചുറ്റുമുണ്ട്. അത് ചിലപ്പോള്‍ ആപത്ത് വരുത്തി വച്ചേക്കാം. ഒന്നില്‍ കൂടുതല്‍ ഉപദേഷ്ടാക്കളുടെ അഭിപ്രായം ആരായുന്നത് നല്ലത് തന്നെ. പക്ഷെ അധികമായാല്‍ അത് ദോഷം ചെയ്യും. എല്ലാ നിക്ഷേപങ്ങളിലും ചെന്ന് തലയിടുന്നതല്ല, നമുക്ക് യോജിച്ച നിക്ഷേപങ്ങളില്‍ നമ്മുടെ ആവശ്യമനുസരിച്ചുള്ള അനുപാതത്തില്‍ നിക്ഷേപിക്കുമ്പോഴാണ് നമ്മുടെ സാമ്പത്തിക ആവശ്യങ്ങള്‍ എല്ലാം നേടാനാവുക. വര്‍ഷത്തിലൊരിക്കല്‍ നിക്ഷേപങ്ങള്‍ വിശകലനം ചെയ്യുന്നതും വേണ്ട ക്രമീകരണങ്ങള്‍ വരുത്തുന്നതും നല്ലതായിരിക്കും. കൂടാതെ നിക്ഷേപത്തിന്‍റെ തുക ഓരോ വര്‍ഷവും ശമ്പളം കൂടുന്നതനുസരിച്ച് കൂട്ടിക്കൊണ്ടിരിക്കണം.
ഓഹരി വിപണി തികച്ചും വില വ്യതിയാനങ്ങളും വീഴ്ചകളും നിറഞ്ഞതാണ്. ദീര്‍ഘകാലത്തെ നിക്ഷേപ വീക്ഷണത്തോട് കൂടി മാത്രമേ ഓഹരി നിക്ഷേപത്തിലേക്ക് കാലെടുത്ത് വയ്ക്കാവു. ഹ്രസ്വ കാല നിക്ഷേപ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് നിക്ഷേപിക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല. പക്ഷെ അത് ജീവിത ലക്ഷ്യങ്ങളിലേക്കായുള്ള ദീര്‍ഘ കാല നിക്ഷേപങ്ങള്‍ ഉപയോഗിച്ചാകരുത്. അതിന് ഒരു പ്രത്യേക തുക മാറ്റി വയ്ക്കാം. ഈ രണ്ട് നിക്ഷേപങ്ങളും ഒരിയ്ക്കലും കൂട്ടിക്കുഴയ്ക്കരുതെന്ന് മാത്രം.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here