ഈ സാമ്പത്തിക വര്‍ഷം എടുക്കാം മികച്ച തീരുമാനങ്ങള്‍

0
3157

2024-25 സാമ്പത്തിക വര്‍ഷം ഇന്നുമുതല്‍ ആരംഭിക്കുകയാണ്. എല്ലായ്പ്പോഴും പുതിയ കാര്യങ്ങള്‍ തുടങ്ങാനും പുതുതീരുമാനങ്ങള്‍ എടുക്കാനും മറ്റും പുതിയ വര്‍ഷം വരെ കാത്തിരിക്കുന്നവര്‍ക്ക് ജീവിതത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തുടക്കം കുറിക്കേണ്ട ദിവസമാണിന്ന്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഭാവിയിലേക്കുള്ള ജീവിതം കരുപ്പിടിപ്പിക്കുന്നതിനും മുന്നേറുന്നതിനുമായി എന്തെല്ലാം ചെയ്യാനാകും എന്ന് മനസ്സിലാക്കി അതിലേക്ക് ആവശ്യമായ കാര്യങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കാവുന്നതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ നടക്കാതെ പോയ സാമ്പത്തിക തീരുമാനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ തുടങ്ങുന്നതിനോടൊപ്പം സാമ്പത്തിക അച്ചടക്കം വരുത്തുക കൂടി ചെയ്യാനായാല്‍ ഭാവി കൂടുതല്‍ ശോഭനമാകാന്‍ സഹായകമാകും. ഈ സാമ്പത്തിക വര്‍ഷം മുന്‍ഗണന കൊടുക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

സാമ്പത്തിക ആസൂത്രണം: സാമ്പത്തിക വര്‍ഷാരംഭം എപ്പോഴും സാമ്പത്തിക കാര്യങ്ങള്‍ തുടക്കം കുറിക്കാന്‍ പറ്റിയ സമയമാണ്. ജീവിതത്തില്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവന്നാല്‍ മാത്രമേ ജീവിതലക്ഷ്യങ്ങള്‍ സഫലീകരിക്കുന്നതോടൊപ്പം സമ്പത്ത് കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ സാമ്പത്തിക ആസൂത്രണത്തിനുള്ള സ്ഥാനം വളരെ വലുതാണ്. ചിലവുകള്‍ നിയന്ത്രിച്ചു ഭാവിയെ മുന്നില്‍ക്കണ്ട് നിക്ഷേപിക്കാന്‍ ശരിയായ സാമ്പത്തിക ആസൂത്രണം നിങ്ങളെ സഹായിക്കും.

ഇന്‍ഷുറന്‍സ് പരിരക്ഷ: പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വ്യക്തികളുടെ പ്രായവും അതനുസരിച്ച് കൂടിക്കൊണ്ടിരിക്കുകയാണ്. നമ്മളെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുക എന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ.് നമ്മുടെ അഭാവത്തിലും ജീവിത ചിലവുകളും സാമ്പത്തിക ലക്ഷ്യങ്ങളും സഫലമാകാന്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ സഹായിക്കും. ഇന്‍ഷുറന്‍സുകള്‍ ഇതുവരെ എടുക്കാത്തവര്‍ ആവശ്യമായ പരിരക്ഷ ഉറപ്പാക്കുന്നതിന് ഇന്നുതന്നെ ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രമിക്കുക. അതോടൊപ്പം തന്നെ ആശുപത്രി ചിലവുകളും മറ്റും ദൈനംദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ഉറപ്പുവരുത്താനായാല്‍ പെട്ടെന്ന് ഉണ്ടാകാനിടയുള്ള ഹോസ്പിറ്റല്‍ ചിലവുകള്‍ ഒരു പരിധിവരെ കുറയ്ക്കാനാവും.

വായ്പകളില്‍ നിയന്ത്രണം

ഇന്നത്തെ കാലഘട്ടത്തില്‍ പലവിധ വായ്പകള്‍ ലഭിക്കുന്നതിനുള്ള അവസരം ഉണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍, പലവിധ വ്യക്തിഗത വായ്പകള്‍, ഭവന, വാഹന, സ്വര്‍ണ്ണ വായ്പകള്‍ എന്നിവ യഥേഷ്ടം എടുക്കാന്‍ സാധിക്കും. എന്നാല്‍ ഇവയുടെ തിരിച്ചടവ് എത്രമാത്രം ചെയ്യാനാകും എന്നതിന്‍റെ അടിസ്ഥാനത്തില്‍ വേണം ബാധ്യതകള്‍ എടുക്കാന്‍. കടക്കെണിയില്‍ കുടുങ്ങി പലരും കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിന്‍റെയും അതിന്‍റെ അനന്തരഫലങ്ങളും പല പത്രവാര്‍ത്തകളില്‍ നിന്നും നാം ദിനംപ്രതി മനസ്സിലാക്കുന്നുണ്ട്. വായ്പകള്‍ എടുക്കുന്നത് നിയന്ത്രിക്കാനായാല്‍ തന്നെ മികച്ച അച്ചടക്കം ജീവിതത്തില്‍ ഉണ്ടാക്കാനാകും. പ്രത്യേകിച്ചും ക്രെഡിറ്റ് കാര്‍ഡുകളുടെ വിനിയോഗത്തില്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ ചിലവുകള്‍ കുറയ്ക്കാനാകും.

അനാവശ്യ ചിലവുകളില്‍ നിയന്ത്രണം:

ഓഫറുകളുടെയും മറ്റും പുറകെ പോയി അനാവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഒരു സംസ്കാരം നമ്മുടെ ഇടയില്‍ വളര്‍ന്നുവരുന്നുണ്ട.് അവശ്യസാധനങ്ങള്‍ ഓഫറില്‍ വാങ്ങിക്കുമ്പോള്‍ ആണ് നമുക്ക് യഥാര്‍ത്ഥ ലാഭം ലഭിക്കുന്നത് എന്ന കാര്യം ഓര്‍മ്മിക്കുക. ഈ സാമ്പത്തിക വര്‍ഷം മികച്ച തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ടു പോകാന്‍ ആകട്ടെ എന്ന് ആശംസിക്കുന്നു.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here