ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നികുതി നഷ്ടം കുറയ്ക്കാം

0
1173
tax saving funds

സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ മാസം എല്ലാവരും ആദായ നികുതിയിളവിന് എന്തൊക്കെ ചെയ്യണം എന്ന് പ്ലാന്‍ ചെയ്തു ചെയ്തിട്ടുണ്ടാകും. അതനുസരിച്ചുള്ള വിവരങ്ങള്‍ അവരവര്‍ ജോലി എടുക്കുന്ന ഇടങ്ങളില്‍ കൊടുത്തിട്ടുണ്ടാകും.

എന്നാല്‍ അന്ന് കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിക്ഷേപങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട സമയമാണിത.് കമ്പനികളില്‍ നിന്ന് സ്ഥിര വരുമാനം ലഭിക്കുന്നവരുടെ ആകെ വരുമാനം കണക്കാക്കി നികുതി വിധേയമായ വരുമാനം ഉണ്ടെങ്കില്‍ നികുതി സ്രോതസ്സില്‍ നിന്ന് തന്നെ പിടിച്ച് അടയ്ക്കാന്‍ (ടിഡിഎസ)് ആദായനികുതി വകുപ്പില്‍ അടയ്ക്കാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ട്. നേരത്തെ ആദായനികുതി ഇളവിന് കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ വരുമാനത്തില്‍ നിന്ന് നികുതി പിടിക്കുന്നില്ലായിരിക്കാം. കമ്പനികള്‍ ഈ വര്‍ഷം ചെയ്ത നിക്ഷേപങ്ങളുടെ രേഖകള്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടങ്ങളില്‍ ചോദിക്കും. ഈ സമയത്ത് നേരത്തെ കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങള്‍ നടത്തി അതിന്‍റെ തെളിവായി രേഖകള്‍ കമ്പനിയില്‍ ഏല്‍പ്പിക്കാന്‍ സാധിച്ചില്ല എങ്കില്‍ വരുമാനത്തില്‍നിന്ന് നികുതിപിടിച്ച ശേഷം ബാക്കി തുക മാത്രമേ ലഭിക്കുകയുള്ളൂ. ഇത് പ്രതിമാസ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കാന്‍ ഇടയാകും. അതുകൊണ്ട് നികുതി നിക്ഷേപങ്ങള്‍ നടത്താത്തവര്‍ കൃത്യമായി ഇനിയുള്ള നാല് മാസം പ്ലാന്‍ ചെയ്തു നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം.

നികുതിയിളവ് പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം തന്നെ ചെയ്യേണ്ടത് ഏത് ടാക്സ് റെജിം തെരഞ്ഞെടുക്കണമെന്ന് കണ്ടുപിടിക്കുന്നതാണ.് നികുതി ദായകര്‍ക്ക് ഏറ്റവും യോജിച്ച നികുതി തിരഞ്ഞെടുക്കാന്‍ ഒരു പരിധിയും ഇപ്പോള്‍ ഇല്ല. അതുകൊണ്ട് ഏത് രീതിയും തിരഞ്ഞെടുക്കാവുന്നതാണ.് പുതിയ രീതിയിലുള്ള ആദായനികുതി കണക്കാക്കുകയാണ് എങ്കില്‍ പ്രത്യേകിച്ച് നിക്ഷേപങ്ങള്‍ ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ല. എന്നാല്‍ പഴയ രീതിയിലുള്ള നികുതി കണക്കാക്കുന്ന രീതിയാണ് എങ്കില്‍ നികുതിയിളവിനായി നിക്ഷേപങ്ങള്‍ നടത്തേണ്ടതായിട്ട് വരും. പുതിയ നികുതി കണക്കാക്കുന്ന രീതിയില്‍ കഴിഞ്ഞ ബഡ്ജറ്റില്‍ വരുത്തിയ മാറ്റങ്ങള്‍ ഈ രീതി തിരഞ്ഞെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട.് പ്രത്യേകിച്ച് ഉയര്‍ന്ന വരുമാനം ഉള്ളവര്‍ക്ക് പുതിയ രീതിയിലുള്ള നികുതി കണക്കാക്കല്‍ കൂടുതല്‍ ആനുകൂല്യം നല്‍കുന്നുണ്ട്. എന്നിരുന്നാലും രണ്ട് രീതിയിലുള്ള നികുതി കണക്കാക്കലില്‍ ഏതാണ് മെച്ചം എന്ന് മനസ്സിലാക്കി തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

പഴയ രീതി തിരഞ്ഞെടുക്കുന്നവര്‍ക്ക് ആദായ നികുതി വകുപ്പിലെ 80സി പ്രകാരം ഒരു 150000 രൂപ വരെ നികുതിയിളവ് നേടാം. ഇതിനായി ഭവന വായ്പയിലെ മുതലിലേക്കുള്ള തിരിച്ചടവ,് സ്കൂള്‍ ഫീസ്, ഇന്‍ഷുറന്‍സ് പോളിസി അടവുകള്‍, നിക്ഷേപങ്ങളായ അഞ്ചുവര്‍ഷത്തെ സ്ഥിരനിക്ഷേപം, സുകന്യ സമൃദ്ധി, എന്‍പിഎസ് ,പിപിഎസ് മുതലായവയും കൂടാതെ ഇഎല്‍എസ്എസ് പോലുള്ള മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളും വിനിയോഗിക്കാവുന്നതാണ്. മറ്റു നിക്ഷേപങ്ങള്‍ എല്ലാം ചേര്‍ത്ത് 150000 രൂപ ഉണ്ട് എങ്കില്‍ എന്‍പിഎസ് നിക്ഷേപിക്കുന്ന 50000 രൂപ അധികമായി നികുതിയിളവിന് വിനിയോഗിക്കാം. 80സി നിക്ഷേപം കൂടാതെ ഭവന വായ്പയിലേക്ക് അടയ്ക്കുന്ന പലിശയില്‍ 2 ലക്ഷം രൂപ വരെയും ആരോഗ്യ ഇന്‍ഷുറന്‍സിലേക്ക് അടയ്ക്കുന്ന 25000 രൂപയും, മാതാപിതാക്കള്‍ മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ 50000 രൂപ വരെയും നികുതിയിളവിന് ഉപയോഗിക്കാം. കുടുംബത്തിനുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം, മാതാപിതാക്കള്‍ക്ക് അടയ്ക്കുന്ന പ്രീമിയം, രണ്ടായി നികുതി ഇളവിന് വിനിയോഗിക്കാനാകും എന്ന കാര്യം കൂടുതല്‍ ആനുകൂല്യം ലഭിക്കാന്‍ സഹായിക്കും.

വാടകയ്ക്ക് താമസിക്കുന്നവര്‍ ആണെങ്കില്‍ വാടക കരാറും റെസിപ്റ്റും കൊണ്ടാണ് എച്ച്ആര്‍എ ആയി ലഭിക്കുന്ന ശമ്പളം നികുതിയിളവിന് വിനിയോഗിക്കാം. എന്‍പിഎസ് നികുതി ദായകര്‍ നേരിട്ട് അടക്കുന്നതോടൊപ്പം ചില കമ്പനികള്‍ ശമ്പളത്തില്‍ നിന്ന് എന്‍പിഎസിലേക്ക് നേരിട്ട് അടയ്ക്കാറുണ്ട്. ഇത്തരത്തില്‍ അടയ്ക്കുന്ന തുക ശമ്പളത്തിന്‍റെ 10% വരെ നികുതി വിനിയോഗിക്കാം ഇവിടെ ബേസിക് സാലറിയും ഡിഎയും ചേര്‍ന്നുള്ള തുക ആയിരിക്കും ശമ്പളമായി പരിഗണിക്കുക. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായ നിക്ഷേപം നടത്തിയാല്‍ വലിയ നികുതി നഷ്ടം കുറയ്ക്കാനാകും എന്ന കാര്യം ഓര്‍ക്കുക.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here