ഇതാണ് പ്രതിമാസ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ ബോണ്ട്

0
1760

പ്രതിമാസ നിക്ഷേപത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത് എസ.് ഐ. പിയാണ്. അതിനു മുന്‍പുതന്നെ ബാങ്കിലെ ആര്‍. ഡി, ചിട്ടി മുതലായവ ഉണ്ടായിരുന്നെങ്കിലും ജന ശ്രദ്ധ പിടിച്ചുപറ്റാന്‍ ഓഹരിയധിഷ്ഠിത നിക്ഷേപത്തിന് വേഗം കഴിഞ്ഞു. മാത്രമല്ല, ഓഹരികളില്‍ പ്രതിമാസ നിക്ഷേപം എന്ന ആശയത്തിന് തന്ത്രപരമായ ഒരു പ്രാധാന്യവുമുണ്ട്. ഒന്നിച്ചുള്ള നിക്ഷേപത്തേക്കാള്‍ ദീര്‍ഘകാല നിക്ഷേപത്തില്‍ പ്രതിമാസ നിക്ഷേപത്തിന് വളര്‍ച്ചാസാധ്യതയില്‍ മുന്‍തൂക്കമുണ്ട്. വിപണിയിലെ ഏറ്റക്കുറച്ചിലുകളെ തന്‍റേതായ ഗുണത്തിലേക്ക് ഉപയോഗിക്കാന്‍ എസ.് ഐ. പിക്ക് സാധിക്കും.

സ്ഥിര നിക്ഷേപങ്ങളില്‍ സ്ഥിതി അല്പം വ്യത്യസ്തമാണ്. നമുക്ക് പലിശ നിരക്കും നിക്ഷേപത്തിനവസാനം ലഭിക്കുന്ന തുകയുമെല്ലാം മുന്‍കൂട്ടി അറിയാം. വരുമാനം പലിശയിനത്തില്‍ ഒതുങ്ങി നില്‍ക്കുമെന്ന് മാത്രം. റിസ്ക് എടുക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ട് ആളുകള്‍ ആര്‍. ഡികളിലും പോസ്റ്റ് ഓഫീസ്
സ്കീമുകളിലും നിക്ഷേപിക്കുന്നു. വിപണിയില്‍ പലിശനിരക്കുകളില്‍ ഉണ്ടാകുന്ന ഏറ്റക്കുറവുകള്‍ ഇവയെ ബാധിക്കാറില്ല. പലിശ കൂടിയാല്‍ അതിന്‍റെ ഗുണം കിട്ടുകയോ കുറയുമ്പോള്‍ അതിന്‍റെ ഫലമോ ഒന്നും നിക്ഷേപത്തില്‍ കാണില്ല. സ്ഥിരനിക്ഷേപത്തില്‍ പലിശ നിരക്കുകളുടെ ഏറ്റക്കുറച്ചിലുകളുടെ നേട്ടം ആവാഹിക്കാന്‍ സാധിക്കുന്ന ഒരു നിക്ഷേപം ഇതുകൊണ്ടുതന്നെ ഒരു നല്ല ആശയമാണ്.
ബാങ്കിതര സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ബോണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാന്‍ നിക്ഷേപകര്‍ മടിക്കുന്നതിന്‍റെ പ്രധാന കാരണം അവയിലടങ്ങിയിട്ടുള്ള റിസ്കാണ്. പലിശ കൂടുതല്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഉയര്‍ന്ന റിസ്കിനും ഇവ വഴിയൊരുക്കുന്നു. ദീര്‍ഘകാല ബോണ്ട് സ്കീമുകളില്‍ നിക്ഷേപിക്കുമ്പോഴും കൂടെക്കൂടെ സ്കീമിന്‍റെ പോര്‍ട്ട്ഫോളിയോയില്‍ അടങ്ങിയിട്ടുള്ള ബോണ്ടുകളുടെ വിശ്വാസ്യതയും സാമ്പത്തിക സ്ഥിതിയും ഉറപ്പുവരുത്തുകയും വേണം. ഇതൊന്നുമില്ലാതെ, പലിശ നിരക്കുകളില്‍ വ്യതിയാനം ഉണ്ടായാല്‍പോലും മൂലധനം നഷ്ടപ്പെടാതെ തിരിച്ചു കിട്ടുമെന്നുള്ള ഉറപ്പുണ്ടെങ്കില്‍ നിക്ഷേപകന് സങ്കോചമില്ലാതെ നിക്ഷേപിക്കാനാകും. അങ്ങിനെയൊരു സ്കീം വിപണിയിലുണ്ടോ? ഉണ്ട്.

ഗവണ്‍മെന്‍റ് ബോണ്ടുകള്‍
ദീര്‍ഘകാല ബോണ്ടുകളായതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ പലിശയിലും വിലയിലും വ്യതിയാനമുണ്ടാകുന്ന ഒരു വിഭാഗമാണ് ഗവണ്‍മെന്‍റ് ബോണ്ടുകള്‍. ഒരു പ്രത്യേക പലിശനിരക്കിലാണ് വിപണിയില്‍ ഇറങ്ങുന്നതെങ്കിലും വിപണിയിലെ പണലഭ്യതയ്ക്കും പണപ്പെരുപ്പത്തിനും അനുസരിച്ച് ഈ ബോണ്ടുകളുടെ യീല്‍ഡ് വ്യത്യാസപ്പെട്ടിരിക്കും. ബോണ്ടുകള്‍ക്ക് സര്‍ക്കാരിന്‍റെ പിന്‍ബലമുണ്ടെന്നുള്ളത് ഏറ്റവും പ്രധാന സവിശേഷതയാണ്. വിലകളില്‍ വ്യതിയാനം നിലനില്‍ക്കുമ്പോള്‍ അതിലേക്ക് ഒരു പ്രതിമാസ നിക്ഷേപം നടത്തിയാല്‍ എന്തായിരിക്കും സ്ഥിതി?
ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളില്‍ വ്യത്യാസമില്ലാത്ത ഒരു പലിശനിരക്കില്‍ ഒരു നിശ്ചിത തുക ലഭിക്കുന്നു. ഗവണ്‍മെന്‍റ് ബോണ്ടില്‍ ഒരു മ്യുച്വല്‍ ഫണ്ട് സ്കീം വഴി പ്രതിമാസ നിക്ഷേപം നടത്തുമ്പോള്‍ ഓരോ മാസവും വ്യത്യസ്ത യീല്‍ഡിലാണ് നിക്ഷേപം നടക്കുന്നത്. ഈ വിധത്തില്‍ ദീര്‍ഘകാല നിക്ഷേപം നടത്തുമ്പോള്‍ മികച്ച നേട്ടം ഉണ്ടാക്കാനുള്ള സാധ്യത കൂടുന്നു. ഓഹരിവിപണിയിലുള്ള ഏറ്റക്കുറച്ചിലിന്‍റെ അതേ തോതിലല്ലെങ്കിലും പലിശ നിരക്കുകളുടെ വ്യത്യാസങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഗവണ്‍മെന്‍റ് ബോണ്ടുകള്‍ ശ്രമിക്കും. ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ കൂടിയ പലിശയാണ് സാധാരണ ബോണ്ടുകള്‍ കൊടുക്കുക. അതിന് പ്രധാന കാരണം അവയുടെ നിക്ഷേപ ദൈര്‍ഘ്യമാണ്.
ഏതൊരു ദീര്‍ഘകാല ആവശ്യത്തിലേക്കും നിക്ഷേപിക്കുമ്പോള്‍ ഓഹരി നിക്ഷേപത്തിനോടൊപ്പം തന്നെ ചെയ്യാവുന്ന സ്ഥിരാവരുമാന നിക്ഷേപമാണ് ഗവണ്‍മെന്‍റ് ബോണ്ടിലേക്കുള്ളത്. ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാള്‍ നികുതിയിനത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതാണ് ബോണ്ട് നിക്ഷേപങ്ങള്‍. വിശ്വാസ്യതയില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും ഇവ തന്നെ. ഗവണ്മെന്‍റ് ബോണ്ടുകള്‍ കൂടുതല്‍ ജനകീയവല്‍ക്കരിക്കാനും അവയുടെ ആഴവും വ്യാപ്തിയും വര്‍ദ്ധിപ്പിക്കാനും അവയെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ കൂടുതല്‍ ഉപയോഗിക്കാനുമുള്ള ആഹ്വാനം ഈയിടെ ആര്‍ ബി ഐ ഗവര്‍ണ്ണര്‍ നടത്തുകയുണ്ടായി. പല കാലയളവിലേക്കുള്ള ബോണ്ടുകളില്‍ നിക്ഷേപകരെ കണ്ടെത്തി എല്ലായിപ്പോഴും പണലഭ്യത ഉറപ്പുവരുത്താനുള്ള നടപടികളും ഭാവിയില്‍ ഉണ്ടാകും. ഇന്ന് ചില പ്രത്യേക കാലയളവിലേക്കുള്ള (ഉദാ: 10 വര്‍ഷം) ബോണ്ടുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. നിക്ഷേപകരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഈ സ്ഥിതിക്ക് മാറ്റംവരും. ആഗോള വിപണികളില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ സ്ഥാനം പിടിക്കുന്ന ദിനവും വിദൂരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here