അറിയണം, സ്ത്രീകൾക്കായുള്ള നിക്ഷേപ പദ്ധതികളെ

0
1754

മാര്‍ച്ച് 9 ഒരു വനിതാദിനം കൂടി കടന്നുപോയി. പതിവുപോലെ, സ്ത്രീകളുടെ പ്രധാന്യം ഉയര്‍ത്തിക്കാട്ടുന്ന പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും ലേഖനങ്ങളും ഈ ദിവസങ്ങളില്‍ ധാരാളം കാണുകയുണ്ടായി. സ്ത്രീകള്‍ക്ക് നല്‍കേണ്ട പരിഗണനകളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സമത്വത്തെക്കുറിച്ചുമൊക്കെ ആയിരുന്നു അവ. ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. എല്ലാവരും തന്നെ തങ്ങളുടെ മേഖലകളില്‍ കഴിവ് തെളിയിച്ചു മുന്നേറുന്നുമുണ്ട്. എന്നാല്‍ സ്വന്തം നിലയില്‍ വരുമാനം ഉണ്ടാക്കുന്നവരില്‍ പോലും എത്രപേര്‍ തങ്ങളുടെ തന്നെ ഭാവിയെ കരുതി നിക്ഷേപിക്കുന്നു എന്ന കാര്യത്തില്‍ സംശയമാണ്.

സ്ത്രീകളുടെയും കുട്ടികളുടെയും സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ തന്നെ പല നിക്ഷേപ പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് സുകന്യ സമൃദ്ധി യോജന. താരതമ്യേന ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നല്‍കുന്ന ഈ പദ്ധതിയില്‍ 10 വയസ്സില്‍ താഴെയുള്ള റസിഡന്‍റ് ഇന്ത്യന്‍ സ്റ്റാറ്റസുള്ള പെണ്‍കുട്ടികളുടെ പേരില്‍ തുടങ്ങാന്‍ സാധിക്കുന്ന മികച്ച നിക്ഷേപ പദ്ധതിയാണിത് . 21 വര്‍ഷം കാലാവധിയുള്ള ഈ നിക്ഷേപം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ്. ദീര്‍ഘകാല നിക്ഷേപത്തിന് പല പദ്ധതികളും ഉണ്ടെങ്കിലും നഷ്ടസാധ്യത ഇല്ലാത്ത എന്നാല്‍ താരതമ്യേന ഉയര്‍ന്ന വളര്‍ച്ച നല്‍കുന്ന പദ്ധതി എന്ന നിലയില്‍ ഇത് മികച്ച പദ്ധതിയാണ്.

വനിതകള്‍ക്ക് വേണ്ടി മാത്രം ഏപ്രില്‍ 2023 മുതല്‍ തുടങ്ങിയ ഒരു നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്. 5% വളര്‍ച്ച നിരക്ക് നല്‍കുന്ന ഈ നിക്ഷേപ പദ്ധതിയില്‍ ഒരു അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക രണ്ട് ലക്ഷം രൂപയാണ്. രണ്ടുവര്‍ഷമാണ് ഈ നിക്ഷേപത്തിന്‍റെ കാലാവധി.

പബ്ലിക് പ്രോവിഡന്‍റ് ഫണ്ട് ആണ് ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായ മറ്റൊരു നഷ്ട സാധ്യതയില്ലാത്ത നിക്ഷേപ പദ്ധതി. 15 വര്‍ഷ കാലാവധിയുള്ള ഈ പദ്ധതിയില്‍ ഒരു വര്‍ഷം 1,50,000 രൂപ വരെ സാമ്പത്തിക വര്‍ഷം നിക്ഷേപിക്കാനാവും. നികുതിയിളവിനായി വിനിയോഗിക്കാവുന്ന മികച്ച പദ്ധതികളില്‍ ഒന്നാണിത്.

ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ താല്പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപ പദ്ധതിയാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍. ഒറ്റത്തവണ നിക്ഷേപമായോ പ്രതിമാസം എസ്ഐപി ആയോ ഈ പദ്ധതികളില്‍ നിക്ഷേപിക്കാവുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയര്‍മെന്‍റ് പോലുള്ള ദീര്‍ഘകാലയളവില്‍ നിക്ഷേപിക്കാനുള്ള ജീവിത ലക്ഷ്യങ്ങള്‍ക്കാണ് നിക്ഷേപം എങ്കില്‍ ഓഹരിയധിഷ്ഠിത മ്യൂച്ചല്‍ഫണ്ടുകള്‍ ആവും കൂടുതല്‍ അനുയോജ്യം. നിക്ഷേപ പദ്ധതി ഏതാണെങ്കിലും അച്ചടക്കത്തോടെ തുടര്‍ച്ചയായി നിക്ഷേപിക്കുക എന്നതാണ് പ്രധാനം. കുടുംബ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം സ്വന്തം നിലയില്‍ നിക്ഷേപം കൂടി നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാനാവൂ.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here