അനിവാര്യമാണ് ഒരു ഹെല്‍ത്ത് ചെക്കപ്പ്

0
2141

ലോക്കഡൗണ്‍ കാലത്ത് മെയില്‍ ബോക്സ് തുറക്കുമ്പോള്‍ ഇടയ്ക്കെങ്കിലും കാണുന്ന ഒന്നാണ് മാനസികാരോഗ്യ വിദഗ്ധരുമായി സംസാരിക്കാനുള്ള അവസരങ്ങളും അതിനായുള്ള വെബ്ബിനാറുകളും പാക്കേജുകളും. ജീവിതരീതിയില്‍ വന്നിട്ടുള്ള സമൂല മാറ്റം മൂലം ശാരീരികം മാത്രമല്ല എല്ലാവരുടെയും മാനസിക ആരോഗ്യത്തിനും കോട്ടം സംഭവിച്ചിട്ടുണ്ട്. ജനങ്ങളെ ഏറ്റവും കൂടുതല്‍ അലട്ടിയിട്ടുള്ള പ്രശ്നങ്ങള്‍ എന്താണെന്നു കൌണ്‍സില്‍ ചെയ്യുന്നവരോടുതന്നെ ചോദിക്കേണ്ടിവരും. പക്ഷേ, ഒരു കാര്യം വ്യകതമാണ്. ലോകത്തെ എല്ലാ മനുഷ്യരും ചെറിയ തോതിലെങ്കിലും മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോയിട്ടുണ്ട്. അത് അവരുടെ ജോലിയേയും ബന്ധങ്ങളെയും ബാധിച്ചിട്ടുമുണ്ട്. ശാരീരികമായിട്ടും ജനങ്ങളുടെ ആരോഗ്യനിലയില്‍ ച്യുതി സംഭവിച്ചിട്ടുണ്ട്. രക്തസമ്മര്‍ദ്ദം, ശരീരത്തിലെ ഗ്ലുക്കോസിന്‍റെ അളവ്, കൊളസ്ട്രോള്‍ എന്നിവയില്‍ ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. വ്യായാമമില്ലാത്ത ജീവിത രീതി മൂലം എല്ലാവരുടെയും ആരോഗ്യനില മോശമായിട്ടുണ്ട്. ഇതൊക്കെ അളന്നു അറിയിക്കാന്‍ നമുക്ക് സംവിധാനങ്ങള്‍ ഉള്ളതുകൊണ്ട് ഇടയ്ക്കിടെ ചെക്കപ്പ് നടത്തി അതിനുവേണ്ട വൈദ്യം സ്വീകരിക്കാന്‍ സാധിക്കും. അത് വളരെ ആവശ്യവുമാണ്. നമ്മളില്‍ മിക്കവരുടെയും ശരീരഘടനയില്‍ത്തന്നെ നല്ല മാറ്റം വന്നിട്ടുണ്ടാകാം. ഒരു വര്‍ഷം മുന്‍പും ഇന്നും നോക്കുകയാണെങ്കില്‍ കാര്യങ്ങള്‍ വഷളായിട്ടേ ഉണ്ടാകൂ.

ശാരീരികവും മാനസികവുമായ ആരോഗ്യം വിശകലനം ചെയ്യുന്നത് പോലെതന്നെ പ്രധാനമാണ് നമ്മുടെ സാമ്പത്തിക ആരോഗ്യം അളന്നു തിട്ടപ്പെടുത്തുന്നത്. ഇന്നത്തെ അവസരത്തില്‍ അത് അത്യന്താപേക്ഷികവുമാണ്. രക്തസമ്മര്‍ദ്ദവും, കൊളസ്ട്രോളും അളക്കുന്നതുപോലെ തന്നെ ചില അളവുകള്‍ സാമ്പത്തിക ആരോഗ്യത്തിലും ഉണ്ട്. അവയ്ക്ക് ചില പരിധികളും നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണം രക്തസമ്മര്‍ദം 80 -120 എന്ന സാധാരണ നിലയും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഈ തോതില്‍ നിന്ന് വ്യതിചലിച്ചും കാണപ്പെടും. അതുപോലെതന്നെ ചില പരിധികള്‍ സാമ്പത്തിക ആരോഗ്യ നിര്‍ണ്ണയത്തിലും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതിനായി കുറെ അനുപാതങ്ങളും അവയുടെ പരിധിയും, സാധാരണ അളവില്‍ നിന്നും വ്യതിചലിച്ചാലുള്ള പ്രശ്ങ്ങളും നമുക്കിന്ന് വായിച്ചറിയാം. ഇത് നിങ്ങള്‍ക്ക് സ്വയം പരിശോധിക്കാവുന്നതുമാണ്.

  1. വായ്പ അനുപാതം
    ‘ഇന്ത്യാ മഹാരാജ്യം പോലും ലോണെടുത്താണ് ജീവിക്കുന്നത്. പിന്നെ ഞാനെടുത്താല്‍ എന്താ കുഴപ്പം?’ എന്ന് ആരോ ചോദിക്കുന്നത് കേട്ടു. മഹാരാജ്യങ്ങള്‍ക്ക് കടമെടുക്കാനും, അത് തിരിച്ചടയ്ക്കാനായില്ലെങ്കില്‍ കറന്‍സി അച്ചടിക്കാനും പറ്റും. പക്ഷെ, നിങ്ങളെക്കൊണ്ട് അച്ചടിക്കാന്‍ സാധിക്കുമോ? ഇല്ല. പക്ഷേ അച്ചടക്കം ആവാം. ഇന്നത്തെ നിലയില്‍ നിങ്ങളുടെ മൊത്തം വായ്പയുടെ തുക നിങ്ങള്‍ക്കുള്ള ആസ്തിയെക്കാള്‍ വലുതാണെകില്‍ നിങ്ങളുടെ സ്ഥിതി പരുങ്ങലിലാണ്. അതായത് ഇന്ന് നിങ്ങള്‍ക്കുള്ള മൊത്തം സമ്പാദ്യത്തെ മൊത്തം കടങ്ങള്‍ കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഉത്തരം 1 നേക്കാള്‍ കൂടുതലാണെങ്കില്‍ നല്ലത്. അല്ലായെങ്കില്‍ പ്രശ്നമാണ്. ആസ്തിയില്‍ നിങ്ങള്‍ താമസിക്കുന്ന വീടും, സ്വര്‍ണ്ണാഭരണങ്ങളും, വീട്ടുപകരണങ്ങളുടെ വിലയും വരെ ഉള്‍പ്പെടുത്താം. താമസിക്കുന്ന വീടിേډലുള്ള വായ്പയും, മറ്റെല്ലാ കടങ്ങളും വായ്പകളുടെ ലിസ്റ്റില്‍പ്പെടുത്താം. എല്ലാം വിറ്റുപെറുക്കി കടങ്ങള്‍ അടച്ചുതീര്‍ക്കണമെന്ന് ഇതിനര്‍ത്ഥമില്ല. എല്ലാം വിറ്റുപെറുക്കിയാലും കടങ്ങള്‍ തീരില്ലെങ്കിലാണ് കുഴപ്പം. ഈ അനുപാതമാണ് ഇന്നത്തെ സാഹചര്യത്തില്‍ നാം കണക്കാക്കേണ്ട ഏറ്റവും പ്രധാന സാമ്പത്തിക അളവുകോല്‍.

വായ്പകള്‍ അടച്ചുതീര്‍ക്കാനുള്ള ഏറ്റവും അടിസ്ഥാന മാര്‍ഗം, ഏറ്റവും പലിശ കൂടുതലുള്ളവ ഏറ്റവും ആദ്യം അടയ്ക്കുക എന്നതാണ്. നിക്ഷേപങ്ങളൊന്നും നടത്തിയില്ലെങ്കിലും വായ്പകളിലേക്ക് കൂടുതല്‍ അടച്ച് കഴിയുന്നതും വേഗം അവയില്‍ നിന്നും മുക്തരാകാനാണ് ശ്രമിക്കേണ്ടത്. പലിശ കൂടിയ വായ്പ അടച്ചു തീര്‍ക്കാന്‍ പലിശ കുറഞ്ഞ വായ്പകള്‍ എടുക്കുന്നവരുമുണ്ട്. ചിലര്‍ ചിട്ടിയെ ആശ്രയിക്കാറുണ്ട്. എങ്ങിനെയും വായ്പകള്‍ നിയന്ത്രണത്തിലാക്കുക എന്നതാവും സാമ്പത്തികാരോഗ്യത്തിന്‍റെ ആദ്യത്തെ ഉദ്യമം.

  1. വായ്പ തിരിച്ചടവ്
    ചിലര്‍ ജോലി ചെയ്യുന്നത് വായ്പകള്‍ തിരിച്ചടയ്ക്കാനാണെന്നു തോന്നും. കിട്ടുന്ന ശമ്പളത്തിന്‍റെ മുക്കാല്‍ ഭാഗവും വായ്പകളും പ്രാദേശിക കടങ്ങളും കൊടുത്തു തീര്‍ക്കാനേ അവര്‍ക്കു തികയാറുള്ളു. വര്‍ഷങ്ങള്‍ എടുക്കും ഇതില്‍ നിന്നൊക്കെ ഒന്ന് പുറത്തു കടക്കാന്‍. ഔദ്യോഗിക ജീവിതത്തിന്‍റെ ആദ്യ പാദത്തില്‍ത്തന്നെ വന്‍ വായ്പകള്‍ എടുത്ത് ജീവിതത്തിലെ മറ്റു സുപ്രധാന ആവശ്യങ്ങള്‍ക്ക് പണം തികയാതെ ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ മിക്കവരും. ഒരാളുടെ വരുമാനത്തിന്‍റെ 40 ശതമാനത്തില്‍ കൂടുതല്‍ വായ്പ തിരിച്ചടവുകള്‍ക്കായി ഉപയോഗിക്കരുതെന്നാണ് പറയുന്നത്. ഇതുതന്നെ 50 ശതമാനത്തിനു മുകളില്‍ പോയാല്‍ ജീവിതാവശ്യങ്ങള്‍ക്കും, മറ്റു പല ആവശ്യങ്ങള്‍ക്കും, ചിലപ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വരെ പണം തികയാത്ത അവസ്ഥ വരും. അതുകൊണ്ട് ഇപ്പോഴും വായ്പ തിരിച്ചടവുകള്‍ പ്രതിമാസ വരുമാനത്തിന്‍റെ 30 ശതമാനത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. അതായത് 30,000 രൂപ വരുമാനമുള്ള ഒരാള്‍ 9,000 രൂപയില്‍ കൂടുതല്‍ പ്രതിമാസം വായ്പാ തിരിച്ചടവിലേക്കായി വിനിയോഗിക്കേണ്ടി വരരുത്.
  2. നിക്ഷേപ അനുപാതം
    പ്രതിമാസ/വാര്‍ഷിക വരുമാനത്തിന്‍റെ 25 ശതമാനമെങ്കിലും ഭാവിയിലെ ആവശ്യങ്ങള്‍ക്കായുള്ള നിക്ഷേപങ്ങളിലേക്ക് വിന്യസിക്കണം. ഇങ്ങനെയൊരു നീക്കിയിരുപ്പ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ വായ്പകളെയും ജീവിതച്ചിലവുകളെയും ഒന്ന് ക്രമപ്പെടുത്തേണ്ടതായി വരും. അനാവശ്യമെന്നു തോന്നുന്ന ജീവിതച്ചിലവുകള്‍ കുറച്ചു കൂടുതല്‍ തുക മാറ്റിവെക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ പ്രതിമാസ വരുമാനത്തിന്‍റെ 40 ശതമാനം ജീവിതച്ചിലവുകള്‍ക്കായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ 20 ശതമാനമെങ്കിലും മാറ്റിവെച്ചാലല്ലേ ഭാവിയില്‍ വരുമാനമില്ലാത്ത സമയത്ത് ജീവിക്കാനാവൂ.
  3. അത്യാവശ്യ നീക്കിയിരുപ്പ്

കുറഞ്ഞത് 6 മാസത്തെ ചിലവിനുള്ള കാശെങ്കിലും പെട്ടെന്ന് പണമാക്കി മാറ്റാവുന്ന രൂപത്തില്‍ കൈവശം ഉണ്ടായിരിക്കണം. ഉദാഹരണത്തിന്, നിങ്ങളുടെ പ്രതിമാസ ചിലവുകളുടെയും തിരിച്ചടവുകളുടെയും ആകെത്തുക 30,000 രൂപയാണെങ്കില്‍, സ്ഥിരനിക്ഷേപമായോ, സ്വര്‍ണത്തിന്‍റെ രൂപത്തിലോ 1,80,000 രൂപയെങ്കിലും എപ്പോഴും കൈവശം ഉണ്ടായിരിക്കണം. ഇത് മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചതാവാം. പക്ഷെ അത്യാവശ്യ ഘട്ടങ്ങളില്‍ (ജോലി നഷ്ടപ്പെടുക, ജോലിക്കു പോകാന്‍ പറ്റാതിരിക്കുക എന്നിങ്ങനെയുള്ള സാഹചര്യങ്ങള്‍) ഇത് ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ അവ തിരിച്ച് പഴയപടിയാക്കുകയും വേണം.

ചുരുക്കത്തില്‍
ഒരാള്‍ തന്‍റെ വരുമാനത്തെ മൂന്ന് ഭാഗങ്ങളാക്കി മാറ്റണം. അതിന്‍റെ അനുപാതം 30:30:40 ആയിരിക്കണം. അതായത് 30 ശതമാനം നിക്ഷേപിക്കാനും അടുത്ത 30 ശതമാനം വായ്പകള്‍ അടയ്ക്കാനും പിന്നെ 40 ശതമാനം ജീവിതച്ചിലവിനും. ഇങ്ങനെ കൃത്യമായി ചിട്ടയോടെ കാര്യങ്ങള്‍ നിയന്ത്രിച്ചാല്‍ തികഞ്ഞ സാമ്പത്തിക ആരോഗ്യത്തോടുകൂടി മുന്നോട്ടു പോകാം. ജീവിതത്തില്‍ എല്ലാ ആവശ്യങ്ങളും നിറവേറ്റാം.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here