സെക്ടറല്‍ മാറ്റങ്ങള്‍ നല്‍കുന്ന സൂചനയെന്ത്?

0
1306
Indian stock market
Economical chart and graph

ഓഹരിവിപണിയില്‍ റാലിയുടെ കാലമാണ്. പുതിയ ഉയരങ്ങള്‍ തേടുന്ന വിപണിയില്‍ ഈ റാലിയെ നയിക്കുന്നത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്: ഒന്ന്, ആഗോളവും രണ്ട്, ആഭ്യന്തരവും. റാലി ആഗോള തലത്തില്‍ ദൃശ്യമാണ് എന്നത് തന്നെയാണ് ആഗോള ഘടകം. മാതൃവിപണി യുഎസില്‍, എസ്&പി500 52-ആഴ്ചയിലെ ഉയര്‍ന്ന നിലയിലാണ്; യൂറോ സ്റ്റോക്സ്50യും 52-ആഴ്ചയിലെ ഉയര്‍ന്ന നിലയിലാണ്; ജര്‍മ്മനി മാന്ദ്യത്തിലാണെങ്കിലും, ഡാക്സ് 52ആഴ്ചയിലെ ഉയര്‍ന്ന നിലയിലാണ്; ഫ്രഞ്ച് സിഎസി 52-ആഴ്ചയിലെ ഉയര്‍ന്ന നിലയിലാണ്; ജാപ്പനീസ് നിക്കി ഈ വര്‍ഷത്തില്‍ ഇതുവരെ 24 ശതമാനം റിട്ടേണുമായി കുതിക്കുന്നു; ദക്ഷിണ കൊറിയ, തായ്വാന്‍ സൂചികകളും 52 -ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇന്ത്യയില്‍ നിഫ്റ്റിയും സെന്‍സെക്സും റെക്കോര്‍ഡ് ഉയരത്തിലാണ്. ഇതൊരു ആഗോള റാലിയാണെന്നത് വ്യക്തമാണ്.


ഇന്ത്യയുടെ മികച്ച സാമ്പത്തിക പ്രകടനമാണ് വിപണിയുടെ കുതിപ്പിനെ സഹായിക്കുന്ന ആഭ്യന്തര ഘടകം. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. 2024 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന 6.4 ശതമാനം ജിഡിപി വളര്‍ച്ച, ജിഎസ്ടി, പ്രത്യക്ഷ നികുതി എന്നിവയിലെ ശ്രദ്ധേയമായ വളര്‍ച്ച, നിയന്ത്രണവിധേയമായ പണപ്പെരുപ്പം, ധനക്കമ്മി, കറന്‍റ് അക്കൗണ്ട് കമ്മി, ശക്തമായ ബാങ്കിംഗ് സംവിധാനം, മികച്ച കോര്‍പ്പറേറ്റ് മേഖല, ഉയരുന്ന പിഎംഐ സൂചികകള്‍ എന്നിവ ആരോഗ്യകരമായ സമ്പദ്വ്യവസ്ഥയെ സൂചിപ്പിക്കുന്നു.
ഈ അനുകൂല സാമ്പത്തിക സാഹചര്യം ഇന്ത്യയിലേക്കുള്ള വന്‍തോതിലുള്ള എഫ്പിഐ (വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍) ഒഴുക്കിന് കാരണമായി. 2023-ലെ ആദ്യ രണ്ട് മാസങ്ങളില്‍ 34,626 കോടി രൂപയ്ക്ക് ഓഹരികള്‍ വിറ്റ എഫ്പിഐകള്‍ പിന്നീട് വന്‍തോതില്‍ വാങ്ങുന്നവരായി മാറുകയും മെയ്, ജൂണ്‍ മാസങ്ങളില്‍ യഥാക്രമം 43,838 രൂപയ്ക്കും 47,148 കോടി രൂപയ്ക്കും ഓഹരികള്‍ വാങ്ങുകയും ചെയ്തു. വാങ്ങല്‍ പ്രവണത ജൂലൈയിലും തുടരുന്നു. ഈ ആഗോള, ആഭ്യന്തര ഘടകങ്ങളുടെ സംയോജിത ഫലമായി വിപണി റെക്കോര്‍ഡുകള്‍ തിരുത്തി ഉയര്‍ച്ച തുടരുകയാണ്.
സെക്ടറല്‍ ചാഞ്ചാട്ടങ്ങള്‍
സെക്ടറല്‍ ചാഞ്ചാട്ടങ്ങള്‍ എപ്പോഴും വിപണിയില്‍ സംഭവിക്കാറുണ്ട്. ഏത് മേഖലകളാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്, ഏതൊക്കെ മേഖലകള്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്നു എന്നത് വിവിധ മേഖലകളുടെ മാറിമറിയുന്ന സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. കോവിഡിന്‍റെ പ്രാരംഭത്തിലെ തകര്‍ച്ചയെ തുടര്‍ന്ന് വിപണിയിലുണ്ടായ ബുള്‍ തരംഗത്തില്‍, നിഫ്റ്റി 2020 മാര്‍ച്ചില്‍ 7511ല്‍ നിന്ന് 2021 ഒക്ടോബറോടെ 16804 എന്ന നിലയിലേക്ക് ഉയര്‍ന്നു.
2020ല്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് സെക്ടര്‍ റാലിക്ക് നേതൃത്വം നല്‍കിയ്യെങ്കില്‍ 2021ല്‍ ഡിജിറ്റൈസേഷന്‍ പകര്‍ന്ന ശക്തിയില്‍ ഐടി സെക്ടര്‍ റാലിക്ക് നേതൃത്വം നല്‍കി. കയറ്റുമതി അധിഷ്ഠിത മേഖലകളായ ഫാര്‍മസ്യൂട്ടിക്കല്‍സും ഐടിയും നയിച്ചിരുന്ന റാലിയെ ഇപ്പോള്‍ നയിക്കുന്നത് ആഭ്യന്തര ഉപഭോഗത്തിലൂന്നിയ റിയല്‍റ്റി, ഓട്ടോമൊബൈല്‍, ക്യാപിറ്റല്‍ ഗുഡ്സ്, ബാങ്കുകള്‍ തുടങ്ങിയ മേഖലകളാണ്. ഇത്തരം മാറ്റങ്ങളില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ഓഹരി വിപണിയിലെ ഗതിവിഗതികളെ മനസ്സിലാക്കാന്‍ സഹായിക്കും. അതുവഴി ചാഞ്ചാട്ടങ്ങളെ മുന്‍കൂട്ടിക്കണ്ടുകൊണ്ടുള്ള മികച്ച നിക്ഷേപ തന്ത്രം രൂപീകരിക്കാനും സാധിക്കും.


വ്യത്യസ്ത കാലയളവില്‍ വിവിധ മേഖലകളുടെ പ്രകടനം എങ്ങിനെ ആയിരുന്നു എന്നു നോക്കാം

ډ നിഫ്റ്റി റിയല്‍റ്റിയും നിഫ്റ്റി ഓട്ടോയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന രണ്ട് മേഖലകളാണ്. അവയുടെ സമീപകാല മികച്ച പ്രകടനം മെച്ചപ്പെട്ട സാധ്യതകളെ സൂചിപ്പിക്കുന്നു. ഹൗസിംഗ് ഫിനാന്‍സ്, സിമന്‍റ്, ഇലക്ട്രിക്കല്‍സ്, സെറാമിക്സ് തുടങ്ങി നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലകളിലൂടെയും റിയല്‍റ്റി മേഖലയില്‍ നിക്ഷേപം നടത്താമെന്ന് നിക്ഷേപകര്‍ ഓര്‍ക്കണം. അതുപോലെ, ഓട്ടോമൊബൈല്‍ സ്പെയര്‍പാര്‍ട്സ് തുടങ്ങിയ വാഹന അനുബന്ധ മേഖലകളിലൂടെ വാഹന മേഖലയില്‍ നിക്ഷേപം സാധ്യമാണ്.
ډ നിഫ്റ്റി ഐടി മോശം പ്രകടനമാണ് നടത്തുന്നത്, കാരണം ഐടി മേഖല കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്. എന്നിരുന്നാലും ഈ മേഖലയിലെ ഗുണനിലവാരമുള്ള ഓഹരികളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതില്‍ തെറ്റില്ല.
ډ എങഇഏ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്, എന്നാല്‍ എല്ലായ്പ്പോഴും എന്നപോലെ വാലുവേഷന്‍ ഉയര്‍ന്നതാണ്.
ډ ആഗോളതലത്തില്‍ ലോഹങ്ങളുടെ വിലയിലുണ്ടായ ഇടിവ് ലോഹ സൂചികയിലും പ്രകടമാണ്. വരും മാസങ്ങളിലും ലോഹങ്ങളുടെ വില താഴ്ന്നുതന്നെ തുടരാനാണ് സാധ്യത.
ډ കഴിഞ്ഞ കുറച്ചു മാസങ്ങളായി നിഫ്റ്റി ഫാര്‍മ മുന്നേറ്റത്തിന്‍റെ വഴിയിലാണ്. ഈ വിഭാഗത്തിന് നല്ല ദീര്‍ഘകാല സാധ്യതകളുണ്ട്.

നിഫ്റ്റിയും സെന്‍സെക്സും റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിട്ടും, വാലുവേഷന്‍ ഉയര്‍ന്നതാണെങ്കിലും, വിപണിയില്‍ ഭയമില്ല. വിപണിയിലെ ഭയസൂചിക, വിക്സ്, ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് (11ന് താഴെയാണ് വിക്സ്). എങ്കിലും നിക്ഷേപകര്‍ കരുതലോടെ ഇരിക്കണം.

First published in Mathrubhumi

LEAVE A REPLY

Please enter your comment!
Please enter your name here