മികച്ചത് ഏത്? വാല്യു സ്റ്റോക്കോ ഗ്രോത്ത് സ്റ്റോക്കോ?

0
1230
Investment
Human hand stacking generic coins over a black background with hexagonal golden shapes. Concept of investment management and portfolio diversification. Composite image between a hand photography and a 3D background.

നിക്ഷേപത്തിനു യോജിച്ച ഓഹരികള്‍ തിരഞ്ഞെടുക്കുന്നതിനായി നിക്ഷേപകര്‍ പല രീതികളും പരീക്ഷിച്ചുവരാറുണ്ട്. സുരക്ഷിതമെന്ന നിലയില്‍ കണ്ണടച്ച് ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതും ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്ത സ്മോള്‍ ക്യാപ് കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതും ഫണ്ടമെന്‍റല്‍ ആയി യാതൊരു വിധ ഗ്യാരണ്ടിയുമില്ലെന്നറിഞ്ഞിട്ടും വലിയ അളവില്‍ പെനി സ്റ്റോക്കുകള്‍ വാങ്ങിക്കൂട്ടുന്നതുമൊക്കെ വിപണിയില്‍ അവര്‍ പയറ്റുന്ന തന്ത്രങ്ങളാണ്. നിക്ഷേപം നിലനിര്‍ത്തിപ്പോരേണ്ട കാലാവധി, നിക്ഷേപകന്‍റെ സാമ്പത്തിക ഭദ്രത, റിസ്ക് എടുക്കാനുള്ള ശേഷി മുതലായ ഘടകങ്ങള്‍ അനുസരിച്ച് നിക്ഷേപം തിരഞ്ഞെടുക്കുന്ന രീതിയിലും മാറ്റം കണ്ടുവരാറുണ്ട്.
അതേസമയം, അടിസ്ഥാനപരമായി നിരീക്ഷിച്ചാല്‍ രണ്ടു തരം രീതികളാണ് ഓഹരികള്‍ തിരഞ്ഞെടുക്കാനായി നിക്ഷേപകര്‍ അവലംബിച്ചു പോരുന്നത്. വാല്യു ഇന്‍വെസ്റ്റിങ്ങും ഗ്രോത്ത് ഇന്‍വെസ്റ്റിങ്ങുമാണ് പ്രസ്തുത രീതികള്‍. ഇവ എന്താണെന്ന് വെവ്വേറെ പരിശോധിക്കാം.

വാല്യു ഇന്‍വെസ്റ്റിങ്ങ്

കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ ലഭ്യമാവുന്ന സംഖ്യകളും മറ്റു സൂചകങ്ങളും അപഗ്രഥനം ചെയ്തും മാനേജ്മെന്‍റ്, കമ്പനി നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റു ഗുണഗണങ്ങള്‍ മുതലായവ ആഴത്തില്‍ വിശകലനം ചെയ്തുമാണ് ഓഹരിയുടെ യഥാര്‍ഥ മൂല്യം അഥവാ ഇന്‍ട്രിന്‍സിക് വാല്യു കണ്ടെത്തുന്നത്. ഇങ്ങനെ കണ്ടെത്തിയ വാല്യു നിലവിലെ മാര്‍ക്കറ്റ് വിലയെക്കാള്‍ മുകളിലാണെങ്കില്‍ പ്രസ്തുത ഓഹരി നിക്ഷേപത്തിനായി തിരഞ്ഞെടുക്കാമെന്നാണ് നിക്ഷേപകരുടെ കണക്കുകൂട്ടല്‍. ഭാവിയില്‍ മാര്‍ക്കറ്റ് വാല്യു ഇന്‍ട്രിന്‍സിക് വാല്യുവിന് അടുത്തെത്തുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇത്തരത്തില്‍ നിലവില്‍ വാല്യുവേഷന്‍ താഴ്ന്നു നില്‍ക്കുന്നതും ഭാവിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധ്യത കല്‍പിക്കപ്പെടുന്ന കമ്പനികളുടെ ഓഹരികളില്‍ നടത്തുന്ന നിക്ഷേപമാണ് വാല്യു ഇന്‍വെസ്റ്റിങ്ങ് എന്നറിയപ്പെടുന്നത്. തിരഞ്ഞെടുക്കുന്ന കമ്പനികളുടെ പി ഇ റേഷ്യോ, സെക്ടറിലെ മറ്റു മുന്‍നിര കമ്പനികളുടേതിനെ അപേക്ഷിച്ച് താരതമ്യേന കുറവായിരിക്കും. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താന്‍ തയ്യാറുള്ളവര്‍ക്ക് കൂടുതല്‍ അനുയോജ്യമായ ഒരു രീതിയായി വാല്യു ഇന്‍വെസ്റ്റിങ്ങിനെ കാണാവുന്നതാണ്.

ഗ്രോത്ത് ഇന്‍വെസ്റ്റിങ്ങ്

വിപണിയില്‍ അറിയപ്പെടുന്നതും ശരാശരിക്ക് മുകളില്‍ വളര്‍ച്ച കാണിച്ചുകൊണ്ടിരിക്കുന്നതുമായ കമ്പനികളുടെ ഓഹരികളാണ് ഗ്രോത്ത് ഇന്‍വെസ്റ്റിങ്ങില്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത്. ശക്തമായ സാമ്പത്തിക അടിത്തറയുള്ള ഇത്തരം കമ്പനികള്‍ വര്‍ഷങ്ങളായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നവയും ഭാവിയിലും നിക്ഷേപകര്‍ക്ക് നേട്ടങ്ങള്‍ കൊടുക്കാന്‍ പ്രാപ്തിയുള്ളവയുമാണെന്നാണ് വിലയിരുത്തല്‍. മുന്‍കാലങ്ങളിലുണ്ടായ വളര്‍ച്ച വരും വര്‍ഷങ്ങളിലും തുടര്‍ന്നുകൊണ്ടേയിരിക്കും എന്ന കണക്കുകൂട്ടലിലാണ് നിക്ഷേപകര്‍ ഇത്തരം സ്റ്റോക്കുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ലാര്‍ജ്, മിഡ്, സ്മോള്‍ മുതലായ എല്ലാ ക്യാപ് വിഭാഗങ്ങളിലും ഗ്രോത്ത് സ്റ്റോക്കുകളെ കാണാം. വാല്യു സ്റ്റോക്കുകളില്‍ നിന്നും വിഭിന്നമായി ഗ്രോത്ത് സ്റ്റോക്കുകളുടെ പി ഇ പൊതുവെ ഉയര്‍ന്നു നില്‍ക്കുന്നതായി കാണാറുണ്ട്. വിപണിയില്‍ പേരെടുത്ത ഓഹരികളായതുകൊണ്ടു തന്നെ വിലകളിലുണ്ടാകുന്ന ചാഞ്ചാട്ടവും ഇത്തരം ഓഹരികളില്‍ കൂടുതലായി പ്രതീക്ഷിക്കാം.

ഏതു സ്ട്രാറ്റജി തിരഞ്ഞെടുക്കണം

മികച്ച സ്ട്രാറ്റജി ഏത് എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരമില്ല എന്നതാണ് യാഥാര്‍ഥ്യം. രണ്ടു നിക്ഷേപ രീതികള്‍ക്കും അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ശക്തമായ അടിത്തറയുള്ളതും അതേസമയം അറിയപ്പെടാതെ പോയതുമായ കമ്പനികളാണ് വാല്യു ഇന്‍വെസ്റ്റിങ്ങിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ കേട്ടുപരിചയമുള്ള ബ്രാന്‍ഡുകള്‍ വില അല്‍പം കൂടുതലാണെങ്കിലും ഭാവിയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പോയേക്കാമെന്ന കണക്കുകൂട്ടലില്‍ താരതമ്യേന ഉയര്‍ന്ന റിസ്കില്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന രീതിയാണ് ഗ്രോത്ത് ഇന്‍വെസ്റ്റിങ്ങില്‍. രണ്ടു വിഭാഗത്തിലും ഉള്‍പ്പെടുന്ന സ്റ്റോക്കുകളുടെ ഒരു മോഡല്‍ പോര്‍ട്ട്ഫോളിയോ വളര്‍ത്തിയെടുക്കുക എന്നതാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് പിന്തുടരാവുന്ന ഒരു മാര്‍ഗം.

First published in Malayala Manorama

LEAVE A REPLY

Please enter your comment!
Please enter your name here