നികുതി ലാഭിക്കാനും റിട്ടയര്‍മെന്‍റ് തുക സമാഹരിക്കാനും എന്‍പിഎസ് നിക്ഷേപം

0
1517
Retirement plan

നികുതിയിളവിന് പലവിധ നിക്ഷേപങ്ങളും തിരഞ്ഞെടുക്കുന്നവര്‍ക്ക് പരിചിതവും എന്നാല്‍ നിക്ഷേപിക്കാന്‍ താല്പര്യപ്പെടാത്തതുമായ ഒരു പദ്ധതിയാണ് എന്‍പിഎസ് (നാഷണല്‍ പെന്‍ഷന്‍ സ്കീം). നികുതി ലാഭിക്കാന്‍ ഉപയോഗിക്കുന്ന ഇഎല്‍എസ്എസ് മ്യൂച്ചല്‍ ഫണ്ടുകള്‍ പോലെ ഉയര്‍ന്ന വളര്‍ച്ച നിരക്ക് ലഭിക്കാന്‍ സാധ്യതയുള്ള ഒരു നിക്ഷേപ പദ്ധതിയാണിത്.

പഠനം പൂര്‍ത്തിയാക്കി ഒരു വ്യക്തി ജോലിയില്‍ പ്രവേശിച്ച് കഴിയുമ്പോള്‍ വിരമിക്കല്‍ എന്നത് വളരെ കാലം കഴിഞ്ഞ് നടക്കുന്ന ഒരു കാര്യമായതുകൊണ്ട് വിരമിക്കലിനെക്കുറിച്ചും അതിനുശേഷവുമുള്ള ചിലവുകള്‍ എങ്ങനെ നടത്തണം എന്നതിനെപ്പറ്റിയും ചിന്തിക്കണം എന്നില്ല. എന്നാല്‍ 25ാം വയസ്സില്‍ ജോലിയില്‍ പ്രവേശിക്കുന്ന ആള്‍ 60ാം വയസ്സില്‍ വിരമിക്കുകയാണെങ്കില്‍ 35 വര്‍ഷമായിരിക്കും ജോലി ചെയ്യുന്ന കാലയളവ്. തുടര്‍ന്ന് 80 വയസ്സ് വരെ ജീവിക്കുകയാണെങ്കില്‍, അതായത് 20 വര്‍ഷം, വിരമിക്കലിനു ശേഷം ജീവിക്കുന്നതിന് ആവശ്യമായ തുക ഈ വ്യക്തി കണ്ടെത്തേണ്ടതുണ്ട്. മറ്റു വരുമാനങ്ങള്‍ ഇല്ലാത്ത ഈ കാലയളവില്‍ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിന് വലിയൊരു തുക വിരമിക്കുന്ന സമയത്ത് കണ്ടെത്തേണ്ടതായിട്ട് വരും. എന്നാല്‍ ജീവിത പ്രാരാബ്ധങ്ങള്‍ക്കും മറ്റു ജീവിത ലക്ഷ്യങ്ങള്‍ക്കും വേണ്ടിയുള്ള പരക്കം പാച്ചിലിനിടയില്‍ വരുമാനം ഇല്ലാത്ത കാലയളവിലേക്കുള്ള തുക സമാഹരിക്കാന്‍ പലപ്പോഴും മറന്നു പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഒരു വ്യക്തി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ വളരെ ചെറിയ തുക ഈ ലക്ഷ്യത്തിനായി നീക്കി വെച്ചാല്‍ റിട്ടയര്‍മെന്‍റിനു ശേഷം ജീവിക്കുന്നതിനാവശ്യമായ തുക സമാഹരിക്കാനാകും.

ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനും അവരുടെ സമ്പാദ്യശീലം വര്‍ദ്ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് എന്‍പിഎസ്. ഈ പദ്ധതി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) യുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വളരെ എളുപ്പത്തില്‍ ലളിതമായ വ്യവസ്ഥകളിലൂടെ എന്‍പിഎസ് അക്കൗണ്ട് തുറക്കാന്‍ ആകും. രണ്ടുതരം അക്കൗണ്ടുകള്‍ ഉണ്ട് ടയര്‍ 1 അക്കൗണ്ടും ടയര്‍ 2 അക്കൗണ്ടും. ടയര്‍ 1 അക്കൗണ്ടാണ് പെന്‍ഷന്‍ ആവശ്യമായ തുക സമാഹരിക്കുന്നതിനുള്ള അക്കൗണ്ട്. ഇതില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ചില നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍ ടയര്‍ 2 അക്കൗണ്ടില്‍ ഈ നിയന്ത്രണങ്ങള്‍ ഇല്ല. റിട്ടയര്‍മെന്‍റിനു വേണ്ടി പണം നിക്ഷേപിക്കേണ്ടത് ടയര്‍ 1 അക്കൗണ്ടിലാണ്. ഈ അക്കൗണ്ട് 500 രൂപ നിക്ഷേപിച്ചു തുടങ്ങാനാകും, തന്നെയുമല്ല കൃത്യമായ ഇടവേളകളിലോ അല്ലാതെയോ ഈ അക്കൗണ്ടിലേക്ക് നിക്ഷേപം നടത്താനാകും.

മറ്റൊരു പെന്‍ഷന്‍ പദ്ധതിയുടെയും ഭാഗമല്ലാത്തവര്‍ക്ക് ഈ പദ്ധതിയിലൂടെ 60 വയസ്സിനുശേഷം നിശ്ചിത തുക എല്ലാ മാസവും ലഭിക്കാന്‍ ഇത് സഹായിക്കും. ഇതില്‍ നിക്ഷേപിക്കുമ്പോള്‍ നിക്ഷേപകന്‍റെ പ്രായത്തിനനുസരിച്ച് ഈ പദ്ധതിക്കുള്ളില്‍ പോര്‍ട്ട്ഫോളിയോ തനിയെ മാറിക്കൊള്ളും. അതായത് വിരമിക്കലിനോട് അടുക്കുമ്പോള്‍ പോര്‍ട്ട്ഫോളിയോയിലുള്ള നഷ്ടസാധ്യതയുള്ള ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളിലേക്കുള്ള നിക്ഷേപം കുറച്ച് നഷ്ട സാധ്യത കുറവുള്ള മറ്റു നിക്ഷേപങ്ങളിലേക്ക് തുക മാറ്റും. ഇതിനായി അക്കൗണ്ട് തുടങ്ങുമ്പോള്‍ ‘ഓട്ടോ ചോയ്സ്’ തെരഞ്ഞെടുക്കണം. സ്വന്തമായിട്ടാണ് പോര്‍ട്ട്ഫോളിയോയുടെ നിക്ഷേപ അനുപാതം തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ ‘ആക്ടീവ്’ എന്നത് എടുക്കണം. ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളും ഉള്‍പ്പെട്ടതാണ് എന്‍പിഎസ് പദ്ധതി. അതിനാല്‍ത്തന്നെ ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് ആയിരിക്കും ലാഭനഷ്ട സാധ്യത. എന്നിരുന്നാലും ദീര്‍ഘകാല നിക്ഷേപം ആയതുകൊണ്ട് ശരാശരി 9 മുതല്‍ 12 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കാം.

എന്‍പിഎസിലെ നിക്ഷേപം അറുപതാം വയസ്സിലേ പിന്‍വലിക്കാനാവൂ എന്നതാണ് പലരെയും ഈ നിക്ഷേപത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്. കൂടാതെ ആകെ സമാഹരിച്ച തുകയില്‍ 40% ആന്വിറ്റി തുകയായി മാത്രമേ ലഭിക്കൂ. അതായത് സമാഹരിച്ച മുഴുവന്‍ തുകയില്‍ നിന്നും 60% തുക മാത്രമാണ് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പിന്‍വലിക്കാന്‍ ആവുകയുള്ളു. റിട്ടയര്‍മെന്‍റ് തുക സമാഹരിക്കാന്‍ എന്‍പിഎസ് മികച്ച പദ്ധതി തന്നെയാണ്.

നികുതി ലാഭിക്കാനുള്ള നിക്ഷേപമായി എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയാണ് എന്‍പിഎസ്. 80സി നിക്ഷേപത്തില്‍ ഒരു 150000 രൂപ മിക്കവര്‍ക്കും മറ്റു നിക്ഷേപങ്ങളില്‍ നിന്ന് തന്നെ കണ്ടെത്താന്‍ ആകുന്നുണ്ടാകും. അതിനു സാധിക്കാത്തവര്‍ക്ക് എന്‍പിഎസില്‍ നിക്ഷേപിച്ച് 80സിയുടെ ആനുകൂല്യം എടുക്കാവുന്നതാണ്. നിലവില്‍ 150000 രൂപയുടെ പരിധി കഴിഞ്ഞിരിക്കുന്നവര്‍ക്ക് എന്‍പിഎസില്‍ നിക്ഷേപിച്ച് 50000 രൂപ അധികമായി നികുതിയിളവിനായി വിനിയോഗിക്കാന്‍ ആകും. ആദായ നികുതി വകുപ്പിലെ 80സിസിഡി (1ബി) പ്രകാരമാണ് ഈ അധിക നികുതിയിളവ് എടുക്കാന്‍ പറ്റുന്നത്. അതായത് മറ്റു നിക്ഷേപങ്ങളില്‍ നിന്ന് 80സിയില്‍ ഒരു 150000 രൂപയുടെ നികുതിയിളവും 80സിസിഡി (1ബി) പ്രകാരം എന്‍പിഎസ് നിക്ഷേപത്തിന് ലഭിക്കുന്ന 50,000 രൂപയും ചേര്‍ത്ത് രണ്ട് ലക്ഷം രൂപയുടെ ആനുകൂല്യം എടുക്കാന്‍ ആകും. വരുമാനത്തിന്‍റെ 30% നിരക്കില്‍ നികുതി അടയ്ക്കുന്ന വ്യക്തിക്ക് അമ്പതിനായിരം രൂപ എന്‍പിഎസില്‍ നിക്ഷേപിക്കുന്നതിലൂടെ ഒരു 15,000 രൂപയുടെ നികുതിയിളവ് ലഭിക്കും എന്നുള്ളത് കൊണ്ട് തന്നെ നികുതിയിളവിനും റിട്ടയര്‍മെന്‍റ് വേണ്ടിയുള്ള മികച്ച നിക്ഷേപമായി എന്‍പിഎസ് കണക്കാക്കാം.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here