ജീവിതച്ചിലവ് നിയന്ത്രിക്കാൻ

0
1527

ജീവിതച്ചിലവുകള്‍ നിയന്ത്രിക്കാനാവാത്തതാണ് പലരുടെയും സാമ്പത്തികമായി ബന്ധപ്പെട്ട പ്രധാന പ്രശ്നം. ഇത് എങ്ങനെ പരിഹരിക്കാനാകും എന്ന് ചിന്തിക്കുന്നിടത്ത് വരുന്ന ഒരു പ്രധാനപ്പെട്ട പരിഹാരം മാര്‍ഗമാണ് വരവുചിലവുകള്‍ക്കായി ഒരു ബഡ്ജറ്റ് ഉണ്ടാക്കുക എന്നത്. ശരിയായ രീതിയില്‍ ബഡ്ജറ്റ് ഉണ്ടാക്കുന്നതിന് ചില കുറക്കുവഴികള്‍ ഉപയോഗിക്കാം

വരുമാനം കണക്കാക്കുക

ബഡ്ജറ്റ് ഉണ്ടാക്കുന്നതിന്‍റെ ആദ്യ പടിയാണ് വരുമാനം എത്രയെന്ന് മനസ്സിലാക്കുന്നത്. ബഡ്ജറ്റ് വ്യക്തിഗത ചിലവുകള്‍ നിയന്ത്രിക്കുന്നതോടൊപ്പം കുടുംബ ചിലവ് കൂടി നിയന്ത്രിക്കുന്നതിനായിട്ടാവും ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. അങ്ങനെയെങ്കില്‍ കുടുംബത്തിലെ ആകെ വരുമാനം ബഡ്ജറ്റ് ഉണ്ടാക്കുന്നതിനായി കണക്കാക്കുന്നതാണ് ഉചിതം. വരുമാനം കണക്കാക്കുമ്പോള്‍ മാസവരുമാനം ലഭിക്കുന്നവരാണെങ്കില്‍ അതില്‍ നിന്ന് നികുതി, പിഎഫ് പോലുള്ള ഘടകങ്ങള്‍ കുറച്ച ശേഷം കൈയില്‍ ലഭിക്കുന്ന തുകയായിരിക്കണം ഉപയോഗിക്കുന്നത.് സ്ഥിര വരുമാനം ലഭിക്കാത്തവര്‍ ഭാവിയില്‍ ലഭിക്കാന്‍ ഇടയുള്ള വരുമാനം എത്രയാകും എന്ന് കണക്കാക്കി അതനുസരിച്ച് ബഡ്ജറ്റ് ഉണ്ടാക്കാന്‍ തുടങ്ങാം. ചിലരെ സംബന്ധിച്ചിടത്തോളം ചില മാസങ്ങളില്‍ ഉയര്‍ന്ന വരുമാനം ഉണ്ടാകും. പ്രതിമാസ വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കില്‍ ആ വര്‍ഷത്തെ ശരാശരി പ്രതിമാസ വരുമാനം അനുസരിച്ച് ബഡ്ജറ്റ് ഉണ്ടാക്കുകയോ പ്രതിമാസ വരുമാനത്തില്‍ വളരെ വലിയ വ്യത്യാസം ഉണ്ടെങ്കില്‍ അതനുസരിച്ച് വരുമാനം കണക്കാക്കുന്നതാവും അഭികാമ്യം.

ചിലവുകള്‍
വരവുകള്‍ കണക്കാക്കി കഴിഞ്ഞാല്‍ ചിലവുകള്‍ ഏതൊക്കെ എന്ന് കണക്കാക്കുകയാണ് വേണ്ടത്. ഒരോ വിഭാഗത്തില്‍ വരുന്ന ചിലവുകളും പ്രത്യേകം എഴുതി കണക്കാക്കുകയാണ് ഏറ്റവും ഉചിതമായ രീതി. എല്ലാ ചിലവുകളും കൃത്യമായി എഴുതി വയ്ക്കുന്നവര്‍ ചുരുക്കമാണ.് ഇന്ന് കൂടുതലും ഗൂഗിള്‍ പേ പോലുള്ള ആപ്പുകള്‍ വഴി പണം നല്‍കുന്നതുകൊണ്ട് ഇടപാടുകള്‍ പരിശോധിക്കാന്‍ ഒരു പരിധിവരെ സാധിക്കും. വരവ് ചിലവുകള്‍ എഴുതി സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയോ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ ചിലവുകളുടെ യഥാര്‍ത്ഥ കണക്ക് ലഭിക്കാന്‍ സഹായകമാകും.

പദ്ധതി തയ്യാറാക്കല്‍
വരവ് ചിലവുകള്‍ കണക്കാക്കിയാല്‍ ഇനി ഒരു പ്ലാന്‍ തയ്യാറാക്കുകയാണ് അടുത്ത പടി. ഇവിടെ വച്ചാണ് ഏതൊക്കെ ചിലവുകള്‍ ഭാവിയില്‍ കുറയ്ക്കാന്‍ ആകും അല്ലെങ്കില്‍ ഒഴിവാക്കാന്‍ ആകുമെന്ന് നിശ്ചയിക്കേണ്ടത്. ചിലവുകള്‍ ആകെ വരുമാനത്തിന്‍റെ 50 ശതമാനത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ വായ്പ തിരിച്ചടവിനും നിക്ഷേപിക്കാനുമുള്ള തുക കണ്ടെത്താനാകൂ. വായ്പ തിരിച്ചടവ് വരുന്നുണ്ടെങ്കില്‍ ചിലവുകള്‍ ആകെ വരുമാനത്തിന്‍റെ 40% ആക്കി നിര്‍ത്താനും ശ്രദ്ധിക്കുക. അതുപോലെതന്നെ ആകെ വായ്പ തിരിച്ചടവ് വരുമാനത്തിന്‍റെ 30 ശതമാനത്തിന് മുകളില്‍ ആകാതെയും ശ്രദ്ധിക്കണം. അതായത് കുറഞ്ഞത് 20 മുതല്‍ 30 ശതമാനം എങ്കിലും നിക്ഷേപത്തിനായി തുക ലഭിക്കുന്ന തരത്തില്‍ വേണം ബഡ്ജറ്റ് തയ്യാറാക്കാന്‍.

ഒരിക്കല്‍ ബഡ്ജറ്റ് ഉണ്ടാക്കിയാല്‍ അതനുസരിച്ചാണ് കാര്യങ്ങള്‍ പോകുന്നത് എന്ന കാര്യം ഉറപ്പുവരുത്തുകയാണ് അടുത്ത പടി. അസാധ്യമായ ബഡ്ജറ്റുമായി ആണ് മുന്നോട്ടുപോകുന്നതെങ്കില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണം. ആദ്യം പറഞ്ഞ പോലെ ചിലവ് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ബഡ്ജറ്റ് പ്രകാരം നിക്ഷേപത്തിനായി മാറ്റിവയ്ക്കേണ്ട തുക ആദ്യം തന്നെ മാറ്റിവച്ച ശേഷം മാത്രം മറ്റ് ആവശ്യങ്ങള്‍ക്കായി തുക വിനിയോഗിക്കാന്‍ ശ്രദ്ധിച്ചാല്‍ സാമ്പത്തിക അച്ചടക്കം കാലക്രമേണ ജീവിതത്തില്‍ ശീലമാക്കി എടുക്കാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here