കാത്തിരിക്കൂ വിപണിയുടെ തിരിച്ചുവരവിനായി

0
703

നേരിട്ടു നടത്തുന്ന ഓഹരി നിക്ഷേപങ്ങള്‍ക്കുള്ള സ്വതസിദ്ധമായ റിസ്ക് മറികടക്കുവാന്‍ നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗമാണല്ലോ മ്യൂച്വല്‍ ഫണ്ടുകള്‍. വിവിധങ്ങളായ സെക്ടറുകളിലും സ്റ്റോക്കുകളിലും നിക്ഷേപിച്ച് റിസ്ക് കുറച്ചുകൊണ്ടുവരാമെന്നതും, പ്രൊഫഷണലുകളുടെ സഹായത്താല്‍ തങ്ങളുടെ നിക്ഷേപം മാനേജ് ചെയ്യപ്പെടാമെന്നതും, എസ് ഐ പി മോഡല്‍ തിരഞ്ഞെടുക്കുക വഴി ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാമെന്നതുമൊക്കെ റീടെയില്‍ നിക്ഷേപകരെ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തിയവരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഏതാനും ആഴ്ചകളായി അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോവിഡ് ഏല്‍പിച്ച ആഘാതത്തില്‍ നിന്നും കരകയറിയ വിപണി പുതിയ ഉയരങ്ങള്‍ കീഴടക്കുകയും 2021 ഒക്ടോബര്‍ മൂന്നാം വാരത്തോടെ ബി എസ് ഇ സെന്‍സെക്സ് 62,000 പോയിന്‍റിന് മുകളില്‍ എത്തുന്ന സാഹചര്യം വരെ സംജാതമാകുകയും ചെയ്തു. അതേസമയം 2022 ഫെബ്രുവരി മാസത്തില്‍ തുടക്കം കുറിക്കപ്പെട്ട റഷ്യ- ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ വിപണി ക്രമാനുഗതമായി തിരിച്ചിറങ്ങുന്ന കാഴ്ചകളാണ് പിന്നീട് കണ്ടത്. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ 9000 ലധികം പോയിന്‍റുകളുടെ കുറവാണ് സെന്‍സെക്സില്‍ ഉണ്ടായിരിക്കുന്നത്. ഉയര്‍ന്നുവരുന്ന പണപ്പെരുപ്പം, ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന രൂപയുടെ വിനിമയ നിരക്ക്, ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടം, വിദേശധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന വില്‍പന, അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഉടലെടുത്തിരിക്കുന്ന അനിശ്ചിതത്വം എന്നിങ്ങനെ അനവധി ഘടകങ്ങള്‍ ഇപ്പോഴത്തെ വീഴ്ചക്ക് കാരണങ്ങളായി വിലയിരുത്താവുന്നതാണ്.

സമീപകാലത്തുണ്ടായ പതനം
2021 ഒക്ടോബര്‍ 19നാണ് ബി എസ് ഇ സെന്‍സെക്സ് 62,000 പോയിന്‍റ് കടന്നത്. 8 മാസങ്ങള്‍ക്കിപ്പുറം 2022 ജൂണ്‍ 15ന് വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 52,541ല്‍ എത്തിയിരിക്കുന്നു. ഏതാണ്ട് 15 ശതമാനത്തിലധികം നഷ്ടം. ഇതേ കാലയളവില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ പ്രധാന ഉപവിഭാഗങ്ങളില്‍ സംഭവിച്ച ഇടിവ് താഴെ പറയും പ്രകാരമാണ്.

ഹ്രസ്വകാല വീഴ്ചകള്‍ സാധാരണം

വിപണിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഹ്രസ്വകാലത്തേക്ക് നിലനില്‍ക്കുന്ന നിരവധി വീഴ്ചകള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് കാണാം. ആഗോള മാന്ദ്യത്തെ തുടര്‍ന്നുണ്ടായ 2008ലെ തകര്‍ച്ചയും, 2016ന്‍റെ തുടക്കത്തില്‍ ഇന്ത്യയിലെ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി ക്രമാതീതമായി ഉയരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ തകര്‍ച്ചയും (ക്രൂഡ് ഓയില്‍ വില കൂപ്പുകുത്തിയത് മറ്റൊരു കാരണം), ഏറ്റവും ഒടുവില്‍ കോവിഡ് വ്യാപനം ഉണ്ടാക്കിയ അനിശ്ചിതത്വത്തെ തുടര്‍ന്ന് 2020ന്‍റെ ആദ്യ പകുതിയിലുണ്ടായ തകര്‍ച്ചയുമെല്ലാം ഏതാനും ഉദാഹരണങ്ങള്‍ മാത്രം. ഏതാനും മാസങ്ങള്‍ മാത്രം നീണ്ടു നിന്ന ഈ തകര്‍ച്ചയുടെ കാലഘട്ടത്തില്‍ മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ സംഭവിച്ചതെന്താണെന്ന് നോക്കാം.

ക്ഷമാശീലരാവാം നേട്ടം കൊയ്യാം

ഇനി ഹ്രസ്വകാല വീഴ്ചകള്‍ വിട്ട് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് വിപണി നല്‍കിയ നേട്ടങ്ങള്‍ എന്താണെന്ന് പരിശോധിക്കാം. തുടക്കത്തില്‍ പരാമര്‍ശിച്ച ഏതാനും മാസങ്ങളായി വിപണിയില്‍ നിലനില്‍ക്കുന്ന തകര്‍ച്ച കണക്കിലെടുത്താല്‍ പോലും ക്ഷമാശീലരായ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ മികച്ച നേട്ടമെടുത്തതായി കാണാം. താഴെ കൊടുത്തിരിക്കുന്ന പട്ടിക ശ്രദ്ധിക്കുക.

ചാഞ്ചാട്ടമെന്നത് ഓഹരിവിപണിയുടെ തനതായ സ്വഭാവവിശേഷങ്ങളിലൊന്നാണ്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ചെയ്യേണ്ടത് സ്കീമുകളുടെ മുന്‍കാല പ്രകടനം, വിപണിയുടെ താഴ്ചകളിലും ഫണ്ട് കൈകാര്യം ചെയ്യപ്പെട്ട രീതി, മ്യൂച്വല്‍ ഫണ്ട് സ്ഥാപനത്തിന്‍റെ സല്‍പേര്, ഫണ്ട് മാനേജര്‍മാരുടെ കഴിവ് മുതലായ ഘടകങ്ങളെല്ലാം മികച്ചതെന്ന് ഉറപ്പു വരുത്തി ക്ഷമാപൂര്‍വം നിക്ഷേപം തുടരുക എന്നുള്ളതാണ്. നേട്ടം വഴിയേ വരും.

First published in Mathrubhumi