ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍

0
1109
Retirement
financial planning, retirement planning

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പിഎഫ് പെന്‍ഷന്‍ നല്‍കുന്നത് സംബന്ധിച്ച് ഫെബ്രുവരി 20-ാം തീയതി സംയുത ഓപ്ഷന്‍ നല്‍കുന്നതിനുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നവംബര്‍ മാസം പിഎഫ് പെന്‍ഷന്‍ നല്‍കുന്നത് സംബന്ധിച്ച് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇപിഎഫ്ഒ സര്‍ക്കുലര്‍ ഇറക്കിയത്. ഈ വിധിപ്രകാരം ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ നിലവിലെ പിഎഫ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഇപിഎഫ്ഒ നിശ്ചയിച്ച പരമാവധി ശമ്പളപരിധിയുടെ 8.33% വിഹിതമായിരുന്നു പെന്‍ഷന്‍ ഫണ്ടിലേക്ക് പോയിക്കൊണ്ടിരുന്നത്. നേരത്തെ ഈ ശമ്പള പരിധി 5,000 രൂപയും പിന്നീട് ഇത് 6,500 രൂപയുമായി ഉയര്‍ത്തി. തുടര്‍ന്ന് 2014ല്‍ ഈ ശമ്പളപരിധി 15,000 രൂപയായി ഉയര്‍ത്തി. നിലവിലെ ശമ്പള പരിധി 15,000 രൂപയാണ്. ഈ ശമ്പള പരിധിയുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് പോകുന്ന പരമാവധി തുക യഥാക്രമം 417 രൂപ, 541 രൂപ, 1250 രൂപ എന്നിങ്ങനെ ആയിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നതിനുള്ള സംയുത ഓപ്ഷന്‍ നല്‍കുന്നവര്‍ക്ക് കൂടുതല്‍ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കാന്‍ സാധിക്കുകയും ഉയര്‍ന്ന പെന്‍ഷന്‍ അര്‍ഹത നേടുകയും ചെയ്യാനാകും. പെന്‍ഷന്‍ ഫണ്ടിലേക്ക് ഉയര്‍ന്ന ശമ്പളത്തിന് അനുപാതമായി ഉയര്‍ന്ന വിഹിതം അടയ്ക്കണം എന്ന് തൊഴിലാളിയും തൊഴിലുടമയും ഒന്നിച്ച് അനുമതി നല്‍കണം. ഈ സംയുക്ത ഓപ്ഷന്‍ നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് 3 ആണ്.


തൊഴിലാളിയും തൊഴിലുടമയും നിലവില്‍ അടിസ്ഥാന ശമ്പളവും ഡിയര്‍നെസ് അലവന്‍സ് ചേര്‍ന്നുള്ള ശമ്പളത്തിന്‍റെ 12% പിഎഫ് ആയി അടയ്ക്കുന്നുണ്ട്. ഇതില്‍ തൊഴിലുടമയുടെ വിഹിതത്തില്‍ 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്കും ബാക്കി 3.67% ഇപിഎഫിലേക്കുമാണ് പോകുന്നത്. എന്നാല്‍ ഇപിഎഫ് നിശ്ചയിച്ചിരിക്കുന്ന ഉയര്‍ന്ന ശമ്പള പരിധിയായ 15,000 പതിനയ്യായിരം രൂപയുടെ 8.33% അതായത് 1250 രൂപ മാത്രമാണ് നിലവില്‍ പരമാവധി പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കാന്‍ പറ്റുക. 25,000 രൂപ അടിസ്ഥാന ശമ്പളം ഉള്ള ആളുടെ തൊഴിലുടമ-വിഹിതമായ 8.33% അതായത് 2082 രൂപ പെന്‍ഷന്‍ ഫണ്ടിലേക്ക് പോകേണ്ട സ്ഥാനത്ത് 1250 രൂപ മാത്രമായിരിക്കും പോവുക. അതുകൊണ്ടുതന്നെ ഈ അടച്ച തുകയുടെ അടിസ്ഥാനത്തില്‍ ഉള്ള പെന്‍ഷന്‍ തുകയായിരിക്കും വിരമിക്കുമ്പോള്‍ ലഭിക്കുന്നത്. അതിനാല്‍ പുതിയ രീതി തിരഞ്ഞെടുക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും (2082 രൂപ) പെന്‍ഷന്‍ ഫണ്ടിലേക്ക് പോവുകയും ഉയര്‍ന്ന പെന്‍ഷന്‍ അര്‍ഹത ലഭിക്കുകയും ചെയ്യും. ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം അടച്ചാല്‍ മാത്രമേ പെന്‍ഷന്‍ തുക ഉയരുകയുള്ളൂ. ഈ വിഹിതം തൊഴിലുടമ അടയ്ക്കുന്ന തുകയില്‍ നിന്നാണ് പോകേണ്ടത്. അതുകൊണ്ടാണ് തൊഴിലുടമ കൂടി സമ്മതിക്കുന്ന ജോയിന്‍റ് ഓപ്ഷന്‍ നല്‍കേണ്ടിവരുന്നത്.


2014 സെപ്റ്റംബറിന് മുമ്പ് പിഎഫ അംഗത്വം ഉള്ള എന്നാല്‍ ഇപിഎഫ്ഒ നിശ്ചയിച്ചിരിക്കുന്ന പരമാവധി ശമ്പളത്തിന് മുകളിലുള്ള ശമ്പളത്തിന് അനുപാതമായി തൊഴിലുടമ പിഎഫ് വിഹിതം അടച്ചു കൊണ്ടിരിക്കുന്നവരില്‍ പെന്‍ഷന്‍ പദ്ധതിയിലെ 11 (3) വ്യവസ്ഥ പ്രകാരം 2014 സെപ്റ്റംബറിനു മുമ്പ് ഓപ്ഷന്‍ നല്‍കാത്തവര്‍ക്ക് പുതിയ രീതിയിലേക്ക് മാറാന്‍ അപേക്ഷ നല്‍കാം.


ഉയര്‍ന്ന പെന്‍ഷന്‍ രീതിയിലെ പല കാര്യങ്ങളിലും കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പൂര്‍ണ്ണമായും മികച്ച രീതി ഏത് എന്ന് ഇപ്പോള്‍ പറയുവാന്‍ ബുദ്ധിമുട്ടാണ്. ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നവര്‍ കൂടുതല്‍ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല. മുന്‍കാല സര്‍വീസ് കാലത്ത് പിഎഫിലേക്ക് ഉയര്‍ന്ന ശമ്പള പരിധിക്ക് മുകളിലുള്ള ആളുകള്‍ അടച്ച മുഴുവന്‍ തുകയും അതിനു ലഭിച്ച പലിശയും ചേര്‍ത്ത് തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണം. നേരത്തെ പിഎഫ് തുക പിന്‍വലിച്ചവര്‍ അധിക തുക ഡിഡിയായി പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കേണ്ടി വരും. ദീര്‍ഘകാല സര്‍വീസ് കൊണ്ട് ഉയര്‍ന്ന ശമ്പളം ഭാവിയില്‍ ലഭിക്കും എന്നുള്ളവര്‍ക്ക് ഈ രീതി മികച്ച രീതി ആയിരിക്കും. വിരമിക്കുമ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ അടച്ച തുകയും ആയി ബന്ധമില്ല. വിരമിക്കുന്നതിന് മുമ്പുള്ള അവസാന 60 മാസത്തെ ശരാശരി ശമ്പളത്തിന്‍റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ തുക കണക്കാക്കുക. അതായത് ഭാവിയില്‍ ശമ്പളം കുറഞ്ഞാല്‍ അതിനനുസരിച്ച് പെന്‍ഷന്‍ തുകയും കുറയും. ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് കൂടുതല്‍ തുക പോകുന്നതുകൊണ്ട് പി എഫിലേക്ക് പോകുന്ന തുക കുറവായിരിക്കും. അതിനാല്‍ വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് ലഭിക്കുന്ന തുകയില്‍ കുറവുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here