ഇന്‍ഡെക്സ് മൊത്തമായി വാങ്ങിയാലോ…

0
1222

നിഫ്റ്റിയിലും സെന്‍സെക്സിലുമെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത് മുന്‍നിര ഓഹരികളാണല്ലോ. എന്നാല്‍ പിന്നെ ഇന്‍ഡെക്സിന്‍റെ ഒരു മിശ്രണം തന്നെ വാങ്ങി വെയ്ക്കുന്നതല്ലേ ബുദ്ധി? വിപണിയിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ സമയമില്ലാത്തവരും ഏതെങ്കിലും ഒന്നോ രണ്ടോ സ്റ്റോക്കുകളില്‍ മാത്രം നിക്ഷേപിച്ചാലുണ്ടാവുന്ന റിസ്കിനെക്കുറിച്ച് അറിയുന്നവരുമായ നിക്ഷേപകര്‍ക്കിടയില്‍ ഉയര്‍ന്നു വരാറുള്ള ഒരു സംശയമാണിത്. സൂചികകളില്‍ നിക്ഷേപിക്കാന്‍ വളരെ എളുപ്പത്തില്‍ സാധ്യമാണ് എന്നതാണ് അവരുടെ ചോദ്യത്തിനുള്ള മറുപടി.

നിഫ്റ്റി 50, ബി എസ് ഇ സെന്‍സെക്സ് മുതലായ പ്രമുഖ ഓഹരി സൂചികകളില്‍ അവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓഹരികളുടെ വെയിറ്റേജ് നിലനിര്‍ത്തിക്കൊണ്ടു തന്നെ നിക്ഷേപം നടത്താനുള്ള സൗകര്യം വിപണിയിലുണ്ട്. മുന്‍നിര കമ്പനികളുടെ പ്രാതിനിധ്യ സ്വഭാവമുള്ള ഒരു സാങ്കല്‍പിക പോര്‍ട്ട്ഫോളിയോ ആയി ഈ നിക്ഷേപത്തെ വളര്‍ത്തിയെടുക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. സൂചികയുടെ ഒരു കണ്ണാടി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സൂചിക നല്‍കി വരുന്ന അതേ റിട്ടേണ്‍ തന്നെയാണ് നിക്ഷേപകര്‍ക്ക് ലഭ്യമാവുക. നേരിട്ട് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് പകരം മികച്ച കമ്പനികള്‍ ഉള്‍പ്പെടുന്ന സൂചികകളില്‍ തന്നെ പാസ്സീവ് ആയി നിക്ഷേപം നടത്തുമ്പോള്‍ ലഭ്യമാവുന്ന വൈവിധ്യവല്‍ക്കരണം വഴി ഒരുപരിധിവരെ നിക്ഷേപത്തിന്‍റെ ടോട്ടല്‍ റിസ്ക് കുറച്ചുകൊണ്ടുവരാമെന്ന നേട്ടവും കൂടി ഇവിടെയുണ്ട്.

സൂചികകളില്‍ നിക്ഷേപിക്കാന്‍ ഏതെല്ലാം മാര്‍ഗങ്ങള്‍?

പ്രധാനമായും രണ്ടു രീതികളില്‍ സൂചികയില്‍ നിക്ഷേപം നടത്താം- ഇന്‍ഡക്സ് ഫണ്ടുകള്‍ വഴിയും ഇന്‍ഡക്സ് ഇ ടി എഫ് അഥവാ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ വഴിയും. ഈ രണ്ടു നിക്ഷേപ മാര്‍ഗങ്ങളും പ്രതിഫലിപ്പിക്കുന്നത് അവ പ്രതിനിധീകരിക്കുന്ന സൂചികയുടെ പ്രകടനത്തെയാണെങ്കിലും രണ്ടും തമ്മില്‍ ഘടനാപരമായി ചില വ്യത്യാസങ്ങളുണ്ട്.

ഇന്‍ഡക്സ് ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍ പ്രവര്‍ത്തിച്ചുവരുന്ന അതേ മാതൃകയിലാണ് ഇന്‍ഡക്സ് ഫണ്ടുകളും നിക്ഷേപകര്‍ക്ക് മുന്നിലെത്തുന്നത്. ഏത് സൂചികയെയാണോ പ്രതിനിധാനം ചെയ്യുന്നത് പ്രസ്തുത സൂചികയില്‍ ഉള്‍പ്പെടുന്ന ഓഹരികളിലെല്ലാം സൂചികയില്‍ അവയ്ക്കുള്ള വെയ്റ്റേജ് അനുസരിച്ച് തന്നെ ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപം നടത്തുന്നു. ്വിപണി സഞ്ചരിക്കുന്ന അതേ ട്രാക്കില്‍ തന്നെയാണ് ഇന്‍ഡക്സ് ഫണ്ടുകളും സഞ്ചരിക്കുന്നത് എന്നതിനാല്‍ ഫണ്ടുകളുടെ പ്രകടനം ബെഞ്ച് മാര്‍ക്കിന്‍റേതില്‍ നിന്നും വിഭിന്നമാകാറില്ല. ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ ഫണ്ടുകളിലേതിന് സമാനമായി ഏത് സമയത്തും നിക്ഷേപിക്കാനും നിക്ഷേപം പിന്‍വലിക്കാനുമുള്ള സൗകര്യം, ഗ്രോത്ത് ഓപ്ഷനോ ഡിവിഡണ്ട് ഓപ്ഷനോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മുതലായവയെല്ലാം ഇന്‍ഡെക്സ് ഫണ്ടുകളിലുമുണ്ട്. ഒറ്റത്തവണയായും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ വഴിയും നിക്ഷേപം നടത്താം. ഡീമാറ്റ് എക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ല.

ഇന്‍ഡക്സ് ഇ ടി എഫുകള്‍:

എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് എന്ന പേര് സൂചിപ്പിക്കുന്നതു പോലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഇന്‍ഡക്സ് ഫണ്ടുകളാണ് ഇന്‍ഡക്സ് ഇ ടി എഫുകള്‍. സൂചികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ഓഹരികളെയും അവയ്ക്കുള്ള വെയിറ്റേജ് പരിഗണിച്ചുകൊണ്ട് മ്യൂച്വല്‍ ഫണ്ടുകളിലെ എന്‍ എ വി മാതൃകയില്‍ ഒരു ട്രേഡിംഗ് മൂല്യം കണക്കാക്കുന്നു. ഓഹരിവില ട്രേഡിങ്ങ് ടെര്‍മിനലില്‍ കാണിക്കുന്ന അതേ മാതൃകയില്‍ ഇ ടി എഫ് എന്‍ എ വി കാണിക്കുകയും അവയില്‍ വ്യാപാരം നടക്കുകയും ചെയ്യുന്നു. മറ്റൊരര്‍ഥത്തില്‍് പറഞ്ഞാല്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്കീം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയാണെന്ന് സങ്കല്‍പിച്ചാല്‍ അതിന്‍റെ എന്‍ എ വിയില്‍ ലൈവ് ആയി വ്യാപാരം നടക്കുന്ന രീതിയില്‍ ഇന്‍ഡക്സ് ഇ ടി എഫുകളില്‍ ഇടപാടുകള്‍ നടക്കുന്നു എന്നര്‍ഥം.

ഓഹരികള്‍ സൂക്ഷിക്കുന്നതിന് സമാനമായി ഇ ടി എഫ് യൂണിറ്റുകള്‍ സൂക്ഷിച്ചുവെക്കാന്‍ ഡീമാറ്റ് എക്കൗണ്ട് നിര്‍ബന്ധമാണ്. എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട് ട്രേഡ് നടക്കുന്നതിനാല്‍ ലിക്വിഡിറ്റി എന്നത് ഇ ടി എഫുകളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ഘടകമാണ്. വിലകളിലെ ചാഞ്ചാട്ടവും പ്രതീക്ഷിക്കാം. അതേസമയം ഇന്‍ഡക്സ് ഫണ്ടുകളെ അപേക്ഷിച്ച് ഇ ടി എഫ് നിക്ഷേപങ്ങളുടെ എക്സ്പെന്‍സ് റേഷ്യോ അഥവാ ഇടപാടുകള്‍ നടത്തുന്നതിനുള്ള ചിലവ് താരതമ്യേന കുറവാണ്. റിസ്ക് സംബന്ധിച്ചാണെങ്കില്‍ ഇ ടി എഫുകള്‍ ഇന്‍ഡക്സ് ഫണ്ടിനെക്കാള്‍ സ്വല്‍പം റിസ്ക് കൂടുതലുള്ളവയാണെന്നും വിലയിരുത്താം.

First published in Malayala Manorama

LEAVE A REPLY

Please enter your comment!
Please enter your name here