അറിയാം ലാര്‍ജ്‌, മിഡ്, സ്മാള്‍ ക്യാപ് ഓഹരികളെക്കുറിച്ച്

0
1392
blue chip stocks

സ്റ്റോക്ക് മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്നവര്‍ സ്ഥിരമായി കേള്‍ക്കുന്ന പദങ്ങളാണ് ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികള്‍ എന്നത്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ മാത്രമല്ല മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരും ഈ പദങ്ങള്‍ സ്ഥിരമായി കേള്‍ക്കുന്നവരോ അഥവാ ഉപയോഗിക്കുന്നവരോ ആയിരിക്കും. യഥാര്‍ത്ഥത്തില്‍ ഈ പദങ്ങള്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും നിക്ഷേത്തില്‍ ഈ പദങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യം ഉണ്ട് എന്നും മനസിലാക്കാതെയാണ് ഷെയറുകളും മ്യൂച്വല്‍ ഫണ്ടുകളും തിരഞ്ഞെടുക്കുന്നത്. വിപണിയിലെ കമ്പനികളുടെ മൂല്യത്തിന്‍റെ അടിസ്ഥാനത്തിലാണ് കമ്പനികളെ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മാള്‍ ക്യാപ് എന്ന് തരം തിരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്റ്റോക്കിലോ മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപിക്കുന്നതിനു മുന്‍പ് തന്നെ നിക്ഷേപിക്കാന്‍ പോകുന്ന കമ്പനികള്‍ ഏത് വിഭാഗത്തില്‍ വരുന്നവയാണെന്നു കൃത്യമായി മനസിലാക്കിയിരിക്കണം. അല്ലാത്ത പക്ഷം ചിലപ്പോള്‍ വന്‍ നഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഓരോ വിഭാഗത്തിലെ ഷെയറുകളെ വിവിധ തരത്തിലായിരിക്കും ബാധിക്കുക. അത് കൊണ്ട് തന്നെ നിക്ഷേപിക്കാന്‍ പോകുന്ന പദ്ധതികളുടെയും ഷെയറുകളുടെയും വിപണിമൂല്യവും ഇതില്‍ ഉള്ള റിസ്ക് അഥവാ നഷ്ടം വരാനുള്ള സാധ്യത എത്രമാത്രം ഉണ്ട് എന്ന് മനസ്സിലാക്കുകയാണെങ്കില്‍ അതിനനുസൃതമായി ഷെയറുകള്‍ തിരഞ്ഞെടുത്ത് പോര്‍ട്ട്ഫോളിയോ ഉണ്ടാക്കാനാകും.

ഒരു കമ്പനിയുടെ വിപണിമൂല്യം കണ്ടുപിടിക്കാന്‍ ആ കമ്പനി ഇറക്കിയിട്ടുള്ള ആകെ ഓഹരികളുടെ ഇന്നത്തെ തൊട്ടുപുറകിലെ ദിവസത്തെ വ്യാപാരം അവസാനിപ്പിച്ച വിലകൊണ്ട് ഗുണിച്ചാല്‍ മതി. ഇത്തരത്തില്‍ വിപണിമൂല്യം കണ്ടുപിടിച്ചു കഴിഞ്ഞാല്‍ ഓഹരികള്‍ ഏത് വിഭാഗത്തില്‍ വരുന്നതാണ് എന്ന് മനസിലാക്കാം. അതായത് 20000 കോടിക്ക് മുകളില്‍ വിപണിമൂല്യം ഉള്ള കമ്പനികളെ ലാര്‍ജ് ക്യാപ് ഓഹരികള്‍ എന്ന് വിളിക്കുംമ്പോള്‍ 5000 കോടിക്കും 20000 കോടിക്കും ഇടയില്‍ വിപണിമൂല്യം രേഖപ്പെടുത്തുന്ന കമ്പനികള്‍ മിഡ്ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെടും. മറ്റു കമ്പനികള്‍ അതായത് 5000 കോടിക്ക് താഴെ വിപണിമൂല്യം ഉള്ള കമ്പനികള്‍ സ്മാള്‍ ക്യാപ് കമ്പനികള്‍ എന്ന വിഭാഗത്തിലാണ് വരുന്നത്. ഇങ്ങനെ വിപണിമൂല്യത്തില്‍ അടിസ്ഥാനത്തില്‍ മാത്രം കമ്പനികളെ തരംതിരിക്കുന്നതിനു പകരം മറ്റൊരു ഘടകം കൂടി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ 2017 മുതല്‍ കൂട്ടിച്ചേര്‍ത്തു. കമ്പനികളുടെ വിപണിമൂല്യം കണ്ടെത്തിയ ശേഷം അവയെ റാങ്ക് ചെയ്ത് വിവിധ വിഭാഗങ്ങളായി തിരിക്കുന്ന രീതിയാണ് പുതുതായി കൊണ്ടുവന്നിരിക്കുന്നത്. അതായത് ഉയര്‍ന്ന വിപണി മൂല്യം ഉള്ള ആദ്യ 100 കമ്പനികളെ ലാര്‍ജ് ക്യാപ് വിഭാഗത്തിലും പിന്നീട് വരുന്ന 150 കമ്പനികളെ മിഡ്ക്യാപ് വിഭാഗത്തിലും അതില്‍ താഴെ വരുന്ന അതായത് ആദ്യ 250 കമ്പനികള്‍ കഴിഞ്ഞു വരുന്നവയെ സ്മാള്‍ ക്യാപ് കമ്പനികള്‍ ആയും ആണ് ഇപ്പോള്‍ കണക്കാക്കുന്നത്.

ഓഹരിവിപണിയിലെ ചാഞ്ചാട്ടം ഓഹരികളുടെയും മ്യൂച്വല്‍ ഫണ്ടിന്‍റെയും പ്രകടനത്തെ ബാധിക്കും എന്നതിനാല്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കാണ് ഓഹരി നിക്ഷേപങ്ങള്‍ കൂടുതല്‍ അനുയോജ്യം. ലാര്‍ജ് ക്യാപ് വിഭാഗത്തിലെ കമ്പനികള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവയും വളര്‍ച്ചയുടെ ഉന്നതങ്ങളില്‍ എത്തിനില്‍ക്കുന്നവയുമായിരിക്കും. അതുകൊണ്ട് തന്നെ താരതമ്യേന റിസ്കുകുറവുള്ള ഈ ഓഹരികള്‍ വളര്‍ച്ച നിരക്ക് അധികം ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ പോകുന്നവയുമായിരിക്കും. മിഡ് ക്യാപ് ഓഹരികള്‍ ഏറെക്കുറെ വലിയ ചാഞ്ചാട്ടം ഇല്ലാത്തവയാണെങ്കിലും നഷ്ട സാധ്യത ലാര്‍ജ് ക്യാപ് ഓഹരികളേക്കാള്‍ കൂടുതല്‍ ആയിരിക്കും. നാളത്തെ മിഡ്ക്യാപ് ലാര്‍ജ് ക്യാപ് ഓഹരികളാണ് ഇന്നത്തെ സ്മാള്‍ ക്യാപ് ഓഹരി വിഭാഗത്തില്‍ വരുന്നവ. ഈ കമ്പനികളുടെ തുടക്കകാലമായതുകൊണ്ട് എങ്ങനെ കമ്പനി മുന്നോട്ട് പോകും എന്ന് പ്രവചിക്കാനാവില്ല. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിലെ ഓഹരികളുടെ നിക്ഷേപം റിക്സ് കൂടുതല്‍ എടുക്കാന്‍ സാധിക്കുന്നവര്‍ക്ക് അനുയോജ്യമായിരിക്കും. ഇത്തരം ഓഹരികള്‍ ചില സന്ദര്‍ഭങ്ങളില്‍ അപ്രതീക്ഷിത നേട്ടം നല്കാന്‍ കഴിവുള്ളവയുമാണ്. ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍ ആരുടെയെങ്കിലും നിര്‍ദ്ദേശം സ്വീകരിക്കുന്നതോടൊപ്പം സ്വന്തമായി അവയെ വിലയിരുത്താന്‍ കൂടി സാധിച്ചാല്‍ നമുക്ക് അനുയോജ്യ ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here