Geojit Financial Services Blog

സിബില്‍ സ്കോറിനുള്ള പ്രസക്തി

അടുത്തകാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒരു പ്രധാന കാര്യമാണ് കര്‍ഷകര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് ലഭിക്കാത്തതുകൊണ്ട് അവരുടെ സിബില്‍ സ്കോറിനെ ബാധിച്ചു എന്നത്. എന്താണ് സിബില്‍ സ്കോര്‍, ഇന്നത്തെ സാഹചര്യത്തില്‍ സിബില്‍ സ്കോറിനുള്ള പ്രസക്തി എന്താണ് എന്ന കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.

ഒരു വായ്പയ്ക്കായി ബാങ്കിനെയോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളെയോ ആശ്രയിക്കുന്ന സാഹചര്യത്തില്‍ അവര്‍ പ്രധാനമായും നോക്കുന്ന കാര്യമാണ് വ്യക്തിയുടെ ക്രെഡിറ്റ് സ്കോര്‍. ക്രെഡിറ്റ് സ്കോര്‍ പരിശോധിച്ച ശേഷം മാത്രമേ ബാങ്കുകള്‍ വായ്പ അനുവദിക്കുകയുള്ളൂ. 300 മുതല്‍ 900 വരെയാണ് സിബില്‍ സ്കോര്‍ കണക്കാക്കുന്നത്. ഇത് ഒരു വ്യക്തിയുടെ വായ്പ തിരിച്ചടവിലെ സ്ഥിരത, കൃത്യത എന്നിവയനുസരിച്ച് വ്യത്യസ്തപ്പെട്ടിരക്കും. കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ ഉള്ള വ്യക്തിക്ക് വായ്പ നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ട.് 700 മുകളില്‍ ഉള്ള ക്രെഡിറ്റ് സ്കോര്‍ ആണ് മികച്ചതായി കണക്കാക്കുന്നത്. ഏറ്റവും മികച്ച ക്രെഡിറ്റ് സ്കോര്‍ ഉള്ള വ്യക്തികള്‍ക്കാണ് ബാങ്കുകള്‍ പരസ്യത്തിലും മറ്റും കാണിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കിന് വായ്പ നല്‍കുന്നത്.

ഒരു വായ്പ എടുക്കാന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം പരിശോധിക്കേണ്ടത് ക്രെഡിറ്റ് സ്കോറാണ്. സൗജന്യമായി സിബില്‍ സ്കോര്‍ പരിശോധിക്കാന്‍ സാധിക്കുന്ന പല വെബ്സൈറ്റുകളും ഇന്ന് ലഭ്യമാണ്. ഇവ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കാവുന്നതാണ.് വര്‍ഷത്തിലൊരിക്കല്‍ സൗജന്യമായി ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കാന്‍ സിബില്‍ വെബ്സൈറ്റ് അനുവദിക്കുന്നുണ്ട്.

നിലവില്‍ രണ്ട് തരത്തിലാണ് വായ്പ നല്‍കുന്നത.് ഒന്ന് ഈട് വെച്ച് എടുക്കുന്നത്, രണ്ട്, കാര്യമായ സെക്യൂരിറ്റി നല്‍കാതെ നല്‍കുന്ന വായ്പകളും. ക്രെഡിറ്റ് കാര്‍ഡ്, പേഴ്സണല്‍ ലോണ്‍ എന്നിവ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നവയാണ്. ഇത്തരം വായ്പകളുടെ കൃത്യമായ തിരിച്ചടവ് സിബില്‍ സ്കോര്‍ ഉയരാന്‍ സഹായിക്കും. പലപ്പോഴും ക്രെഡിറ്റ് കാര്‍ഡുകളുടെ വിനിയോഗത്തില്‍ കാണിക്കുന്ന അലംഭാവം ക്രെഡിറ്റ് സ്കോറിനെ ബാധിക്കാറുണ്ട.് ലഭ്യമായ മുഴുവന്‍ തുകയും എപ്പോഴും വിനിയോഗിക്കുന്നത് സ്കോര്‍ കുറയാന്‍ കാരണമാകും. ലഭ്യമായ ആകെത്തുകയുടെ 30%ത്തില്‍ കൂടുതല്‍ വിനിയോഗിക്കാതിരിക്കുന്നതാണ് ശരിയായ രീതി. അതുപോലെതന്നെ ക്രെഡിറ്റ് കാര്‍ഡ് വിനിയോഗിച്ച തുകയുടെ കൃത്യമായ തിരിച്ചടവ് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ.് ചിലര്‍ ധാരാളം ക്രെഡിറ്റ് കാര്‍ഡുകള്‍ അനാവശ്യമായി കൈവശം വയ്ക്കാറുണ്ട്. ഇത് ക്രെഡിറ്റ് സ്കോര്‍ കുറയാന്‍ ഇടയാക്കും. ജാമ്യം നിന്നിട്ടുള്ള വായ്പകളുടെയോ അല്ലെങ്കില്‍ കൂട്ടായി എടുത്തിരിക്കുന്ന വായ്പകളുടെയോ തിരിച്ചടവ് മുടങ്ങുന്നത് വ്യക്തിപരമായ സ്കോര്‍ കുറയ്ക്കാന്‍ ഇടയാക്കും എന്ന കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്.

ഒരിക്കല്‍ കുറഞ്ഞുപോയ ക്രെഡിറ്റ് സ്കോര്‍ ഒരു സുപ്രഭാതത്തില്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിക്കുകയില്ല. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. പഴയ വായ്പകളില്‍ തിരിച്ചടവ് മുടങ്ങി സിബില്‍ സ്കോര്‍ കുറഞ്ഞു പോയാല്‍ പുതിയ വായ്പകള്‍ എടുക്കുമ്പോള്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വിനിയോഗിക്കുമ്പോള്‍ കൃത്യമായ തിരിച്ചടവ് നടത്തി ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്താനാകും.

First published in Mangalam