Geojit Financial Services Blog

സാമ്പത്തിക സുരക്ഷയിലേക്ക് ഒരു ‘നിധ്യാരംഭം’

818794926


അക്ഷരങ്ങളുടെയും അറിവിന്‍റെയും ലോകത്തേക്കുള്ള ചുവടുവെപ്പാണ് വിദ്യാരംഭം. വിദ്യാഭ്യാസത്തിന് അനേകം ഉദ്ദേശലക്ഷ്യങ്ങളുണ്ട്. ആശയവിനിമയം സാധ്യമാക്കുക, ലോകത്തെ അറിയുക, താല്പര്യപ്പെട്ട മേഖലകള്‍ കണ്ടെത്തി തൊഴില്‍ നേടുക, ജീവിക്കാനുള്ള വരുമാനം കണ്ടെത്തുക, എന്നിങ്ങനെ പലതും. അതില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതും സമ്പത്തുണ്ടാക്കുന്നതും. വര്‍ഷങ്ങളുടെ വിദ്യാഭ്യാസത്തിനൊടുവില്‍ നമുക്ക് ഈ ലോകത്തില്‍ പ്രവര്‍ത്തിക്കാനും ജീവിതമാര്‍ഗ്ഗം കണ്ടെത്താനും സാധിക്കുന്നുണ്ടെങ്കിലും അതില്‍ നിന്നുണ്ടാക്കുന്ന വരുമാനം മികച്ചരീതിയില്‍ വിനിയോഗിക്കാന്‍ ഭൂരിഭാഗം ആളുകള്‍ക്കും സാധിക്കാറില്ല. വിദ്യാഭ്യാസത്തിലേക്ക് ഒരു വിദ്യാരംഭം ഉള്ളതുപോലെ വിദ്യാഭ്യാസത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഒരു ڇനിധ്യാരംഭത്തിനുڈ തുടക്കം കുറിക്കേണ്ടത് അത്യന്തം പ്രധാനമാണ്. ഇതിലേക്ക് വെളിച്ചം വീശുന്നതും ദാര്‍ശനികവുമായ അക്ഷരമാലാടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്ന് വിവരിക്കുന്നത്.

അച്ചടക്കം നമ്മുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേണ്ടത് ധനവിനിയോഗത്തിലാണ്. വരുമാനം കുറവാണെങ്കില്‍ പോലും ചിലവാക്കുന്നതിലും നിക്ഷേപിക്കുന്നതിലും അച്ചടക്കമുണ്ടെങ്കില്‍ ഒരാള്‍ ഒരിക്കലും നിര്‍ധനനാകില്ല.
ആര്‍ഭാടങ്ങള്‍ക്കായി പണം ചിലവാക്കുമ്പോള്‍ ആവശ്യങ്ങള്‍ക്ക് വേണ്ടുന്ന പണം നീക്കിയിരുപ്പുണ്ടെന്നു ഉറപ്പുവരുത്തുക.
ഇന്നത്തെ നീക്കിയിരുപ്പ് നാളത്തെ അന്നത്തിനുള്ള ശേഖരമാണെന്ന് ഓര്‍മ്മ വേണം.

ഈടുറ്റ നിക്ഷേപ ശേഖരം പടുത്തുയര്‍ത്താന്‍ വര്‍ഷങ്ങളുടെ പ്രയത്നം വേണ്ടിവരുമെന്ന് മനസ്സിലാക്കണം.
ഉചിതമായ നിക്ഷേപങ്ങള്‍ കണ്ടെത്തുക എന്നതാണ് സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള പ്രധാന ചുവട്.
ഊഹക്കച്ചവടത്തില്‍ നിന്ന് ഒരിക്കലും ദീര്‍ഘകാലം നിലനില്‍ക്കുന്ന സമ്പത്ത് നേടിയെടുക്കാന്‍ സാധിക്കില്ല.
ഋണബാധ്യതകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. അഥവാ എടുത്താല്‍ എത്രയും വേഗം അത് തീര്‍ക്കാന്‍ ശ്രമിക്കണം. കുട്ടികളിലേക്ക് അത് നീട്ടരുത്.

എന്തിനുവേണ്ടിയെന്ന് കൃത്യമായ നിശ്ചയത്തോടുകൂടി നിക്ഷേപങ്ങള്‍ നടത്തുക.
ഏറ്റവും മികച്ച നിക്ഷേപം എന്നൊന്നില്ല. ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ് തിരഞ്ഞെടുക്കേണ്ടത്. കൂടിയ വരുമാനം മാത്രം ലക്ഷ്യം വെച്ചാല്‍ നഷ്ടമുണ്ടാകും.
ഐതിഹാസിക ഫലങ്ങള്‍ മാത്രം മുന്‍നിര്‍ത്തി നിക്ഷേപങ്ങള്‍ നടത്തരുത്.
ഒരാളുടെ മാത്രം അഭിപ്രായത്തിന്‍റെ പേരില്‍ തീരുമാനങ്ങള്‍ എടുക്കരുത്.
ഓഹരിവിപണിയെ ചൂതാട്ടമായി കാണാതെ ദീര്‍ഘകാല നിക്ഷേപത്തിനുള്ള ഏറ്റവും നല്ല ഉപാധിയായി കാണണം.
ഔചിത്യപരമായ തീരുമാനങ്ങള്‍ എടുക്കുക.
കരുതല്‍ ധനം ഒരു അത്യന്താപേക്ഷിക ഘടകമാണ്. വരുമാനമില്ലാത്ത മാസങ്ങളില്‍ അത് നമ്മെ സഹായിക്കും.
ഖജനാവിന്‍റെ ഭദ്രത ഉറപ്പുവരുത്തിയില്ലെങ്കില്‍ വര്‍്ഷങ്ങളുടെ അധ്വാനം പാഴാകും. ഓണ്‍ലൈന്‍ മറ്റ് പണമിടപാടുകള്‍ എന്നിവയില്‍ ചതിക്കുഴികള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.
ഗുണനിലവാരമില്ലാത്ത നിക്ഷേപങ്ങള്‍ വിശകലനം ചെയ്ത് തിരിച്ചറിയണം. കൂടുതല്‍ വരുമാനം വാ്ഗ്ദാനം ചെയ്യന്നവയുടെ റിസ്കും കൂടുതലായിരിക്കും.
ഘടികാരത്തിന്‍റെ നിമിഷസൂചിക്ക് വിലയുണ്ടാകുന്നത് നമുക്ക് എന്തെങ്കിലും നഷ്ടപ്പെടുമ്പോഴാണ്. അതുപോലെതന്നെ ഇന്നത്തെ സമയം പാഴാക്കാതെ നിക്ഷേപങ്ങള്‍ നേരത്തെ തുടങ്ങിവെയ്ക്കണം.
ചിലവുകള്‍ പല വിഭാഗങ്ങളാക്കി അപ്രധാനമായവ കുറയ്ക്കുകയും സുപ്രധാനമായവയിലേക്ക് കൂടുതല്‍ കരുതല്‍ നടത്തുകയും ചെയ്യാം.
ഛിന്ന നിക്ഷേപങ്ങളെ ഒന്നിച്ചു കാണുകയും ഒന്നിന്‍റെ വിലയിടിവിന് പകരം മറ്റു നിക്ഷേപങ്ങള്‍ എതിര്‍ ദിശയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കുക. ആ തരത്തിലുള്ള നിക്ഷേപങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഉദാ: ഓഹരിയും സ്വര്‍ണ്ണവും എതിര്‍ ദിശയില്‍ സഞ്ചരിക്കുന്നവയാണ്.
ജാഗ്രതയോടുകൂടിയ നിക്ഷേപങ്ങളും ഇടയ്ക്കിടെയുള്ള വിശകലനവും നമ്മെ നഷ്ടങ്ങളില്‍ നിന്ന് രക്ഷിക്കും.
ഝടുതിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നവര്‍ പിന്നീട് ദു:ഖിക്കേണ്ടി വരും.
ഞെരുക്കങ്ങള്‍ ഒഴിവാക്കാന്‍ സാമ്പത്തിക നിക്ഷേപങ്ങളില്‍ കൂടുതലും ഭൂമി, കെട്ടിടം മുതലായവയില്‍ കുറവും നിക്ഷേപം നടത്തുക.

ടി. ലേഖനത്തിലെ നിര്‍ദ്ദേശങ്ങളില്‍ പകുതിയെങ്കിലും പാലിക്കാനായാല്‍ ജീവിതം പുതിയ നിലവാരത്തിലെത്തും.
ഡംഭോടെ മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാന്‍ ചെയ്യുന്ന ആഢംബരച്ചിലവുകള്‍ അവസാനം അവനവന്‍റെ ച്യുതിക്ക് കാരണമാകും.

തന്ത്രപരമായ നിക്ഷേപതീരുമാനങ്ങള്‍ എടുത്താലാണ് വരുമാനം കൂട്ടി നഷ്ടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുക. ഓരോ കാലത്തിനും അഗോള സാമ്പത്തിക അവസ്ഥയ്ക്കും അനുസരിച്ചുള്ള നിക്ഷേപാനുപാതം ഉറപ്പുവരുത്തണം.

ദാര്‍ശനികമായ തീരുമാനങ്ങള്‍ ഭാവിയിലെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അത്യന്താപേക്ഷികമാണ്.

ധനവിനിയോഗം ഏതൊരാള്‍ക്കും വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയാണ്. മറ്റു വിഷയങ്ങളുടെ കൂടെ പ്രധാനമായും പേടിച്ചിരിക്കേണ്ട ഒന്നാണ്.

നിക്ഷേപം എന്നത് നീക്കിയിരുപ്പില്‍ നിന്ന് വ്യത്യസ്തമാണ്. ഒന്ന് പണപ്പെരുപ്പത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നു, മറ്റേത് വെറും നീക്കിയിരുപ്പ് മാത്രമാണ്.

പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള ഏക വ്യത്യാസം അവര്‍ കയ്യില്‍ കിട്ടുന്ന പണം എങ്ങനെ വിനിയോഗിക്കുന്നു എന്നതില്‍ ആശ്രയിച്ചിരിക്കുന്നു.

ഫലപ്രദമായ രീതിയില്‍ ഓരോ ആസ്തിവര്‍ഗ്ഗത്തെയും നിയന്ത്രിക്കലാണ് സാമ്പത്തിക ആസൂത്രണത്തിന്‍റെ സുപ്രധാന കര്‍മ്മം.

ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍ നാം ഓരോ ദിവസവും ചെയ്താലാണ് ദീര്‍ഘകാലം മികച്ച പുരോഗതി സാധ്യമാവുകയുള്ളൂ.

ഭാവിയിലേക്കുള്ള ധനസമാഹരണം തുടങ്ങേണ്ടത് അന്നല്ല, ഇന്നാണ്. സമ്പത്തുണ്ടാകുന്നത് വര്‍ഷങ്ങളുടെ വളര്‍ച്ചകൊണ്ടാണ്.
മരണം വരെ ജീവിതച്ചിലവുകള്‍ ആരുടേയും ഔദാര്യമില്ലതെ കണ്ടെത്തുന്നവനാണ് യഥാര്‍ത്ഥ ധനികന്‍.

യത്നം സമ്പൂര്‍ണ്ണണമാകുന്നത് ഫലം ഭദ്രമാകുമ്പോഴാണ്.

രാത്രിയിലും പണം സമ്പാദിക്കുന്നവനാണ് യഥാര്‍ത്ഥ നിക്ഷേപകന്‍.

ലക്ഷ്യമില്ലാത്ത നിക്ഷേപം ഒരാവശ്യവും നിറവേറ്റില്ല. ആ പണം പാഴ്ച്ചിലവായി പോകാനുള്ള സാധ്യതയാണ് കൂടുതല്‍.

വരുമാനം ഉള്ള കാലയളവ് വരെ വരവിന്‍റെ മൂന്നിലൊന്നു വിരമിക്കുന്ന ചിലവിലേക്ക് വകയിരുത്തേണ്ടതുണ്ട്.

ഷഷ്ഠിപൂര്‍ത്തിയുടെ സമയത്ത് ശിഷ്ട കാലത്തേക്കുള്ള നീക്കിയിരുപ്പില്ലെങ്കില്‍ നവതിവരെയും അധ്വാനിക്കേണ്ടിവരും.
സാമ്പത്തികമായി സ്വയം പര്യാപ്തത നേടാന്‍ ഔദ്യോഗിക ജീവിതം തുടങ്ങുമ്പോള്‍ത്തന്നെ നിക്ഷേപശീലവും തുടങ്ങിവെയ്ക്കണം.

ഹ്രസ്വകാലത്തേക്ക് നിക്ഷേപിച്ച് പണം തിരിച്ചെടുത്തുകൊണ്ടിരുന്നാല്‍ ഒരു ലക്ഷ്യവും പൂര്‍ത്തീകരിക്കാനാകില്ല.

റോം നിര്‍മ്മിക്കപ്പെട്ടത് ഒറ്റ ദിവസം കൊണ്ടല്ലെന്ന് പറയുന്നതുപോലെ, സാമ്പത്തിക സ്വാതന്ത്ര്യം നേടാനാകുന്നത് അച്ചടക്കം മുതല്‍ തുടങ്ങുന്ന പ്രയാസമേറിയ നിക്ഷേപ തപസ്സിനൊടുവിലാണ്.

ഇക്കുറി വിദ്യാരംഭത്തോടൊപ്പം തന്നെ ഭാവിയിലേക്കുള്ള ധനസമാഹരണത്തിലേക്കൊരു ‘നിധ്യാരംഭത്തിനും ‘ തുടക്കമിടാം. നല്ല ദിവസത്തിനായി കാത്തിരിക്കാതെ ഇന്ന് തുടങ്ങാം.