Geojit Financial Services Blog

സമാവത് 2080: മുഹൂർത്ത വ്യാപാരത്തിൽ എത്ര ഓഹരി വാങ്ങണം?

1957 മുതലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ദീപാവലിയോട് അനുബന്ധിച്ച് മുഹൂര്‍ത്ത വ്യാപാരം പ്രത്യേക സെഷനായി തന്നെ ആരംഭിച്ചത്. 66 വര്‍ഷങ്ങള്‍ക്കിപ്പുറവും മുഹൂര്‍ത്ത വ്യാപാരത്തില്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമാവത് വര്‍ഷമനുസരിച്ചുള്ള പുതുവര്‍ഷം ആയതുകൊണ്ട ണ്‍് ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഏറ്റവും അനുയോജ്യമായ മുഹൂര്‍ത്തമാണെന്ന പതിറ്റാണ്ടുകളായുള്ള വിശ്വാസം മുഹൂര്‍ത്ത വ്യാപാരത്തെ കൂടുതല്‍ ജനപ്രീതിയുള്ളതാക്കി മാറ്റുന്നു. മികച്ച കമ്പനികളുടെ ഓഹരികള്‍ കണ്ടെത്തി അവയില്‍ നിക്ഷേപിച്ചുകൊണ്ട് ഐശ്വര്യമായ തുടക്കം കുറിക്കാന്‍ ആഗ്രഹിക്കുന്ന ദീര്‍ഘകാല നിക്ഷേപകരും സ്വാഭാവികമായും ജനപങ്കാളിത്തം കൂടുതലായതിനാല്‍ ഉയര്‍ന്ന ലിക്വിഡിറ്റി നിലനില്‍ക്കുന്ന വിപണിയില്‍ ഊഹക്കച്ചവടം നടത്തി നേട്ടം കൊയ്യാന്‍ ആഗ്രഹിക്കുന്ന ട്രേഡര്‍മാരുമെല്ലാം ഈ സ്പെഷ്യല്‍ വ്യാപാര വേളയെ കൂടുതല്‍ സജീവമാക്കുന്നു. ഈ അടുത്ത കാലം വരെ പല ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും അവരുടെ അംഗീകൃത പാനലിലെ മെമ്പര്‍മാരായ ബ്രോക്കര്‍മാര്‍ക്ക് ദീപാവലി ദിവസം ഒരു ടോക്കണ്‍ എന്ന നിലയില്‍ 100 ഷെയറെങ്കിലും വാങ്ങാനായി ഓര്‍ഡര്‍ നല്‍കുമായിരുന്നു.

എടുക്കാം ഒരു ടോക്കൺ ഓഹരി, നോക്കാം സുതാര്യത

വളരെ കുറഞ്ഞ സമയത്തേക്കാണ് മുഹൂര്‍ത്ത വ്യാപാരം നടക്കുന്നതെങ്കിലും ഉയര്‍ന്ന ലിക്വിഡിറ്റി നിലനില്‍ക്കുന്നതിനാല്‍ ഞൊടിയിടയില്‍ സംഭവിക്കുന്ന ചാഞ്ചാട്ടങ്ങളില്‍ നിന്നും നേട്ടം ഉണ്ടാക്കാന്‍ കഴിവുള്ള ട്രേഡര്‍മാര്‍ സജീവമായിരിക്കുമെങ്കിലും മികച്ച കമ്പനികളുടെ ഓഹരികള്‍ കണ്ടെത്തി അവയില്‍ ഇടക്കാല, ദീര്‍ഘകാലയളവില്‍ നിക്ഷേപം നടത്തുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. കമ്പനി നടത്തിക്കൊണ്ടുപോകുന്ന രീതി, മാനേജ്മെന്‍റ് ടീമിന്‍റെ വൈദഗ്ധ്യം, സല്‍പ്പേര,് നയങ്ങളും നിയമങ്ങളും നടപ്പാക്കുന്നതില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരിക്കുന്ന സുതാര്യത എന്നിവയ്ക്ക് പുറമേ കമ്പനി പുറത്തുവിടുന്ന സാമ്പത്തിക ഫലങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സംഖ്യകളുടെ വിശകലനം കൂടെ നടത്തി വേണം നിക്ഷേപത്തിനായി ഓഹരികള്‍ തിരഞ്ഞെടുക്കാന്‍. ഈ സന്ദര്‍ഭത്തില്‍ ദീപാവലിക്ക് ഒരു ടോക്കണ്‍ എന്ന നിലയില്‍ അല്ലാതെ നിക്ഷേപ രംഗത്ത് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വലിയ പ്രസക്തിയില്ല എന്ന് തന്നെ പറയേണ്ടണ്‍ിവരും. ആവശ്യമെങ്കില്‍ അംഗീകൃത നിക്ഷേപവിദഗ്ധരുടെ സഹായവും ഇതിനായി തേടാവുന്നതാണ്. കമ്പനി ഏതെന്ന് കണ്ടെത്തി നിക്ഷേപത്തിനുശേഷം ഓഹരികളുടെ സ്വാഭാവിക വളര്‍ച്ചയ്ക്കായി കാത്തിരിക്കുക.

പുതുവര്‍ഷത്തേക്ക് നോക്കുമ്പോള്‍

ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം ഉണ്ടാക്കിയ രാഷ്ട്രീയ പിരിമുറുക്കങ്ങളെത്തുടര്‍ന്ന് ചെറിയ അനിശ്ചിതത്വം നിലനിന്നിരുന്നുവെങ്കിലും ഏതാനും നാളുകളായി ഇന്ത്യന്‍ വിപണി അതിന്‍റെ സ്ഥിരത തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വിദേശ വിപണികളില്‍, പ്രത്യേകിച്ച് യുഎസ് വിപണിയില്‍ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്ന ഉയര്‍ച്ച, യുഎസിലെ തന്നെ കോര്‍പ്പറേറ്റ് ബോണ്ടുകളുടെ പലിശ വരുമാനത്തില്‍ വന്ന കുറവ് (അതായത് ബോണ്ടുകളുടെ വിലയില്‍ ഉയര്‍ച്ച) ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധഭീഷണിയെത്തുടര്‍ന്ന് പ്രതീക്ഷിക്കപ്പെട്ടതിന് വിപരീതമായി ക്രൂഡോയില്‍ വിലയിലുണ്ടായ താഴ്ച എന്നിവയെല്ലാം ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് നല്ല വാര്‍ത്തകളായി.

അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്നോട്ടു കുതിക്കുന്ന ഇന്ത്യയെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. മികച്ച വിദേശ നാണ്യ ശേഖരം, ഏറെക്കുറെ നിയന്ത്രണാധീനമായ പണപ്പെരുപ്പം, രാജ്യത്തെ ശക്തമായി നിലനില്‍ക്കുന്ന ബാങ്കിംഗ് സംവിധാനം മുതലായ അനുകൂല ഘടകങ്ങളെല്ലാം ഉള്ള സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാരം ആസന്നമായിരിക്കുന്നത്.

ഡെറിവേറ്റീവ് വ്യാപാരം: പഠിച്ചവര്‍ മാത്രം ഇറങ്ങുക

പുതുതായി മൂലധന വിപണിയിലേക്ക് കടന്നുവരുന്നവ യുവതീയുവാക്കള്‍ ഡെറിവേറ്റീവ് വിപണിയില്‍ തല്‍പരരായി അതിനായി നീക്കിവെച്ച പണം ഫ്യൂച്ചേഴ്സിലും ഓപ്ഷന്‍സിലും ഇറക്കി വന്‍ നഷ്ടം വരുത്തി വയ്ക്കുന്നതായി കാണാറുണ്ട്. ഈ വര്‍ഷം ആദ്യം സെബി പുറത്തുവിട്ട ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഡെറിവേറ്റിവ് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 90 ശതമാനത്തില്‍ അധികം പേരും തങ്ങളുടെ ട്രേഡിങ് നഷ്ടത്തിലാണ് അവസാനിപ്പിച്ചിരിക്കുന്നത് എന്നുള്ളതാണ്.

2019ല്‍ നിന്നും 2022ലേക്ക് വരുമ്പോള്‍ ഡെറിവേറ്റീവ് ട്രേഡര്‍മാരുടെ എണ്ണം ആറര ഇരട്ടിയോളം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍പ് സൂചിപ്പിച്ച നഷ്ടത്തിന്‍റെ തോത് കൂടുതല്‍ ആഴത്തിലുള്ളതായിരിക്കാം എന്ന് ഇവിടെ കൂട്ടി വായിക്കാവുന്നതാണ്. പ്രാവീണ്യമുള്ളവര്‍ മാത്രം ഫ്യൂച്ചേഴ്സിലും ഓപ്ഷന്‍സിലും മറ്റും ട്രേഡിങ്ങിന് ഇറങ്ങുക. മറിച്ചാണെങ്കില്‍ പ്രസ്തുത വ്യാപാരവുമായി അകലം പാലിക്കുക.

മ്യൂച്ചല്‍ ഫണ്ടുകളിലെ എസ്ഐപി: എല്ലാ കാലത്തും എല്ലാ തരക്കാര്‍ക്കും

ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അനുയോജ്യമായ ഒരു നിക്ഷേപമാര്‍ഗമായി മ്യൂച്ചല്‍ ഫണ്ടുകളെ നിക്ഷേപകര്‍ സ്വീകരിച്ച് തുടങ്ങിയിരിക്കുന്നു. 2013ല്‍ കേവലം 7 ലക്ഷം കോടി രൂപ ആസ്തി ഉണ്ടായിരുന്ന വിപണി മൂല്യം 10 വര്‍ഷങ്ങള്‍ക്കിപ്പുറം 2023 സെപ്റ്റംബര്‍ അവസാനിക്കുമ്പോള്‍ 46.58 ലക്ഷം കോടി രൂപയില്‍ എത്തി നില്‍ക്കുകയാണ.് ഏതാണ്ട് 6 ഇരട്ടിയിലധികം വര്‍ദ്ധന. 15.71 കോടി ഫോളിയോകളിലായാണ് ഇത്രയും തുക സമാഹരിക്കപ്പെട്ടിരിക്കുന്നത.്


വിപണിയില്‍ സാധാരണ കണ്ടു വരാറുള്ള ഏറ്റക്കുറച്ചിലുകള്‍ അനുകൂലമാക്കിയെടുത്ത് അച്ചടക്കത്തോടെ ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടര്‍ന്ന് നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായകമായ എസ്ഐപി നിക്ഷേപങ്ങള്‍ വന്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. എസ്ഐപി നിക്ഷേപങ്ങള്‍ കഴിഞ്ഞകാലങ്ങളിലായി നല്‍കിവരുന്ന ആകര്‍ഷകമായ റിട്ടേണ്‍ തന്നെയാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍.

തുടക്കത്തിന് നല്ല സമയം, സൂക്ഷിക്കാം പിഴവുകൾ…

ശുഭ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള വേളയായാണ് മുഹൂര്‍ത്ത വ്യാപാരത്തെ നിക്ഷേപകര്‍ നോക്കിക്കാണുന്നത്. ലൈവ് ട്രേഡിങ് ടെര്‍മിനലുകളില്‍ അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന വില വ്യതിയാനങ്ങളെ ഉപയോഗപ്പെടുത്തി നേട്ടം കൊയ്യാന്‍ സാധിക്കുന്നത് വൈദഗ്ധ്യമുള്ളവര്‍ക്ക് മാത്രമാണ്. പക്ഷെ 95 ശതമാനം ട്രേഡേഴ്സും ഈ ടെര്‍മിനലുകളില്‍ ഒളിച്ചിരിക്കുന്ന ചൂതാട്ട സാധ്യതയ്ക്ക് അടിമപ്പെടാന്‍ സാധ്യതയുള്ളവരാണ് എന്ന് പ്രത്യേകം ഓര്‍ക്കുക. അതേസമയം സ്വയം പഠിച്ചും വിദഗ്ധരുടെ സഹായം തേടിയും മികച്ച കമ്പനികളുടെ ഓഹരികളും മ്യൂച്ചല്‍ ഫണ്ടണ്‍ുകളും തിരഞ്ഞെടുത്തു ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തിവരുന്നവര്‍ എക്കാലത്തും വിപണിയില്‍ വിജയിച്ചുവരുന്നവരാണ്.

First published in Manoramaonline