Geojit Financial Services Blog

വില്ലനാവാതിരിക്കാന്‍ വില്ല്

വില്‍പത്രം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമുക്ക് മനസ്സില്‍ തെളിയുന്ന ചിത്രം, മരണക്കിടക്കയില്‍ കിടന്നുകൊണ്ട്, സമീപത്തായി വക്കീലിന്‍റെ ഗുമസ്തന്‍ ഒരു വയോധികന്‍റെ ആഗ്രഹത്തിനനുസരിച്ച് തന്‍റെ സ്വത്തുക്കള്‍ ആര്‍ക്കെല്ലാം എത്രയെത്ര നല്‍കണമെന്ന കുറിപ്പ് എഴുതിത്തയ്യാറാക്കുന്നതാണ്. നാമെല്ലാം വില്‍പത്രത്തെപ്പറ്റി ധരിച്ചു വെച്ചിരിക്കുന്നതും അതുതന്നെ. എന്നാല്‍ പ്രായാധിക്യം സംഭവിക്കുമ്പോള്‍ മാത്രം തയ്യാറാക്കുന്ന ഒന്നല്ല വില്‍പത്രം.പ്രായഭേദമന്യേ മരണം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഹിന്ദു പിന്തുടര്‍ച്ചാ നിയമവും ഇന്ത്യന്‍ പിന്തുടര്‍ച്ചാ നിയമവും ഇസ്ലാമിക നിയമങ്ങളും ഒക്കെ ഉണ്ടെങ്കിലും, അതിന്‍റെയൊക്കെ സങ്കീര്‍ണ്ണതകളൊഴിവാക്കി, ഒരു സ്വത്തിന്‍റെ ശരിയായ അവകാശിക്ക് അതിന്‍റെ ശരിയായ പങ്ക് അയാളുടെ പേരിലേക്ക് അനുവദിച്ചു നല്‍കാനും, ഭാവിയിലെ ക്രയവിക്രയങ്ങളില്‍ അവകാശിയുടെ പേരുള്‍പ്പെട്ട് കാര്യങ്ങള്‍ അനായാസമാക്കാനും, അനാവശ്യമായ എഴുത്തുകുത്തുകളും സങ്കീര്‍ണ്ണതകളും ഒഴിവാക്കി കാര്യങ്ങള്‍ സുഗമമാക്കാനും, ഒരാള്‍ക്ക് തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് നിയമപരമായ ബുദ്ധിമുട്ടുണ്ടാക്കാതെ തന്‍റെ ആസ്തി വീതിച്ചു കൊടുക്കാനും രജിസ്റ്റര്‍ ചെയ്ത വില്‍പത്രം സഹായകമാകും. ഇനി അതല്ല, വീട്ടുകാര്‍ എങ്ങനെയും ‘തല തല്ലിച്ചാകട്ടെ’ എന്നാണു കരുതുന്നതെങ്കിലും തന്‍റെ സ്വത്തുക്കള്‍ ആര്‍ക്കും ഉപയോഗപ്രദമല്ലാതെ പോകാതിരിക്കാന്‍ അത് തനിക്കിഷ്ടമുള്ള വ്യക്തിയുടേയോ സ്ഥാപനത്തിന്‍റെയോ പേര്‍ക്ക് എഴുതിവെച്ചാല്‍ ആ സ്വത്ത് അന്യാധീനപ്പെട്ടുപോകാതെ സൂക്ഷിക്കാന്‍ സാധിക്കും. ആ സ്വത്ത് അയാള്‍ പിന്തുടര്‍ച്ചാവകാശത്തിലൂടെ നേടിയതല്ലെങ്കില്‍.

വില്‍പത്രം ഇല്ലെങ്കില്‍
ഓരോ മതസ്ഥര്‍ക്കും അവരുടേതായ പിന്തുടര്‍ച്ചാവകാശ നിയമങ്ങളുണ്ട്. അതില്‍ ഒരാള്‍ മരണപ്പെട്ടുകഴിഞ്ഞാല്‍ അയാളുടെ സ്വത്തുക്കള്‍ ആര്‍ക്കെല്ലാം അവകാശപ്പെട്ടതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വില്‍പത്രമൊന്നും ഇല്ലാതെ ഒരാള്‍ മരണപ്പെടുമ്പോള്‍ സ്വത്തുക്കള്‍ അയാളുടെ പേരില്‍ തന്നെ നിലനില്‍ക്കുകയും പിന്തുടര്‍ച്ചാവകാശം വഴി ലഭിച്ചാലും പിന്നീടുള്ള ക്രയവിക്രയങ്ങള്‍ക്ക് നിയമപരമായ സങ്കീര്‍ണ്ണതകള്‍ നേരിട്ടേക്കാം. കൂടാതെ തന്‍റെ സ്വത്തുക്കള്‍ തന്‍റെ ആശ്രിതര്‍ക്ക് വ്യത്യസ്ഥ അനുപാതത്തിലോ, അല്ലെങ്കില്‍ ക്രമത്തിലോ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ വ്യക്തമായ വില്‍പത്രം തയ്യാറാക്കുക തന്നെ വേണം. ഇതില്‍ ഏറ്റവും പ്രധാനമായ കാര്യം എഴുത്തുകുത്തുകളും നൂലാമാലകളുമാണ്. ആശ്രിതര്‍ തന്‍റെയത്രയും വിദ്യാഭ്യാസമോ അനുഭവജ്ഞാനമോ ഇല്ലാത്തവരാണെങ്കില്‍ തീര്‍ച്ചയായും ക്രിയാത്മകമായ ഒരു സമീപനം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

ആരൊക്കെ തയ്യാറാക്കണം
സ്വന്തമായി സമ്പാദിച്ച സ്വത്തുള്ള ഏതൊരു വ്യക്തിയും, പ്രായഭേദമന്യേ വില്‍പത്രം തയ്യാറാക്കണം. അതില്‍ത്തന്നെ ഉറപ്പായിട്ടും ഒരു വില്‍പത്രം ഉണ്ടായിരിക്കേണ്ട ചില ജീവിത സാഹചര്യങ്ങള്‍ നമുക്ക് പരിശോധിക്കാം. സ്വന്തമായി വീടോ പുരയിടമോ ഉള്ളവര്‍, ജീവിതപങ്കാളിയെ നഷ്ടപ്പെട്ട് കുട്ടികള്‍ ഉള്ളവര്‍, തന്‍റെ വരുമാനത്തെ ആശ്രയിക്കുന്ന ജീവിതപങ്കാളിയോ മാതാപിതാക്കളോ ഉള്ളവര്‍, തീവ്രമായ എന്തെങ്കിലും രോഗം ബാധിച്ചിട്ടുള്ളവര്‍, കുട്ടികളില്ലാത്ത ദമ്പതികള്‍ എന്നിവരെല്ലാം വില്‍പത്രം എന്തായാലും തയ്യാറാക്കേണ്ടതാണ്. മേല്‍പറഞ്ഞ എല്ലാ ജീവിതാവസരങ്ങളിലും ആര്‍ക്കെങ്കിലും ഒരു മരണം സംഭവിച്ചാല്‍ ആശ്രിതന്‍ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെടുകയോ, സ്വത്ത് ചിലപ്പോള്‍ അന്യാധീനപ്പെടുകയോ ചെയ്യാനുള്ള സാഹചര്യമുണ്ടാകാം.

ട്രസ്റ്റ് രൂപീകരിക്കാം
വില്‍്പത്രത്തിന്‍റെ മറ്റൊരു വകഭേദമാണ് ട്രസ്റ്റ്. ഇവ തമ്മില്‍ ജീവിത സാഹചര്യത്തിന്‍റെയും ഗുണഭോക്താവ് ആരെന്നതിന്‍റെയും വ്യത്യാസമാണ് പ്രധാനമായും ഉള്ളത്. ഒരുദാഹരണം പറഞ്ഞാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഒരാള്‍ കുറെ സ്വത്ത് സമ്പാദിച്ചു, അയാള്‍ക്ക് ജീവിത പങ്കാളിയുണ്ടെങ്കിലും അവര്‍ക്ക് വിദ്യാഭ്യാസവും പണം കൈകാര്യം ചെയ്യാനുള്ള കഴിവും ഇല്ല എന്നിരിക്കട്ടെ. അയാളുടെ കാലശേഷം ഭാര്യയുടെ കാര്യങ്ങള്‍ നോക്കിനടത്താനായി വിശ്വാസമുള്ള ഒന്നോ രണ്ടോ പേരെ കണ്ടെത്തി ഒരു ട്രസ്റ്റ് രൂപീകരിച്ച അതിന്‍റെ ധനവിനിയോഗത്തെപ്പറ്റിയുള്ള ഒരു രൂപരേഖ ഉണ്ടാക്കി വയ്ക്കാവുന്നതാണ്. വേറൊരു ഉദാഹരണം, കുട്ടികളില്ലാത്ത ദമ്പതികള്‍ അവരുടെ കാലശേഷം അവരുടെ പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് ജീവിച്ചിരിക്കുമ്പോഴേ ഒരു ട്രസ്റ്റ് രൂപീകരിച്ച് അതിന്‍റെ ചുമതല വിശ്വസ്ഥരായ ആളുകളെ ഏല്പിക്കാം.
അപ്പോള്‍ ട്രസ്റ്റിന്‍റെ ആവശ്യകത എപ്പോഴാണെന്നു മനസ്സിലായല്ലോ? ഗുണഭോക്താവ് ശാരീരികമോ മാനസികമോ ആയ അസ്വാസ്ഥ്യമോ അല്ലെങ്കില്‍ വിദ്യാഭ്യാസമോ അറിവോ ഇല്ലാത്തയാളോ ആണെങ്കില്‍ ട്രസ്റ്റ് രൂപീകരിക്കുന്നതാവും അഭികാമ്യം. കൂടാതെ ഗുണഭോക്താക്കള്‍ ബന്ധിക്കളല്ലാത്ത മറ്റൊരു വിഭാഗം ജനങ്ങളോ അല്ലെങ്കില്‍ സാംസ്കാരിക നയമോ ആണെകില്‍ ട്രസ്റ്റ് രൂപീകരിക്കുക തന്നെ വേണം. അല്ലാത്ത പക്ഷം സ്വത്തുക്കള്‍ ഏതെങ്കിലും വ്യക്തിക്കോ വ്യക്തികള്‍ക്കോ നേരിട്ടു കൈമാറാന്‍ തടസ്സം ഒന്നും ഇല്ലെങ്കില്‍ വില്‍പത്രം മതിയാകും.

വാല്‍കഷ്ണം
ഒരാള്‍ ജീവിതത്തില്‍ അച്ചടക്കമുള്ളയാളാണെങ്കില്‍ തന്‍റെ സമ്പാദ്യങ്ങളുടെ കാര്യത്തിലും ആ ചിട്ടയുണ്ടാകും. അനിശ്ചിതത്വം ഏറെയുള്ള ഇന്നത്തെക്കാലത്ത് ഏതൊരു വ്യക്തിയും എത്രയും പെട്ടെന്നു തന്നെ തയ്യാറാക്കേണ്ട ഒന്നാണ് ഒരു വില്‍പത്രം. പ്രത്യേകിച്ച് തന്‍റെ സ്വത്തിനെച്ചൊല്ലി തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്ന എല്ലാവരും. നിങ്ങള്‍ വിയര്‍പ്പൊഴുക്കി സംബന്ധിച്ച ഓരോ നാണയവും സുരക്ഷിതവും അര്‍ഹിക്കന്നതുമായ കരങ്ങളിലെത്താനുള്ള നടപടിക്രമങ്ങള്‍ ഇപ്പോഴേ ചെയ്തുവയ്ക്കണം. നാം ഈ ലോകം വിട്ടു പോയിക്കഴിഞ്ഞും നമ്മെ എല്ലാവരും ഒരു വില്ലനായി കാണാതിരിക്കാന്‍ ശ്രദ്ധയോടുകൂടി തയ്യാറാക്കിയ ഒരു വില്ല് അത്യാവശ്യമാണ്.

First published in Mangalam