Geojit Financial Services Blog

വിറ്റ ഓഹരി ഓക്ഷന് വിടല്ലേ…

കാശുമുടക്കി സെക്കണ്ടറി മാര്‍ക്കറ്റില്‍ നിന്നും ഓഹരി വാങ്ങിച്ചുവെങ്കിലും സെറ്റില്‍മെന്‍റ് കഴിഞ്ഞിട്ടും ഓഹരി വന്നില്ല, പകരം ഓക്ഷന്‍ ക്രെഡിറ്റാണ് ലഭിച്ചത്. വിറ്റ ഓഹരികളുടെ ഡെലിവറി നിശ്ചിത സമയപരിധിക്കുള്ളില്‍ എക്സ്ചേഞ്ചിന് നല്‍കാന്‍ സാധിച്ചില്ല. തുടര്‍ന്ന് എക്കൗണ്ടില്‍ വലിയ ഒരു തുക ഓക്ഷന്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ ഡെബിറ്റ് ചെയ്യപ്പെട്ടു. ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തി വരുന്ന ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുള്ള അനുഭവങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഷോര്‍ട്ട് ഡെലിവറി

ഓഹരികള്‍ വിറ്റ ഒരു വ്യക്തിക്ക് ഏതെങ്കിലും കാരണങ്ങളാല്‍ നിശ്ചിത സമയത്തിനുള്ളില്‍ എക്സ്ചേഞ്ചില്‍ ഡെലിവറി നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഷോര്‍ട്ട് ഡെലിവറി ആയി കണക്കാക്കുന്നത്. സ്വാഭാവികമായും മറുവശത്ത് കാശുമടച്ച് ഓഹരികള്‍ക്കായി കാത്തിരിക്കുന്ന വ്യക്തിയുടെ താല്‍പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും എക്സ്ചേഞ്ചിനുണ്ട്. അതിനായി സെറ്റില്‍മെന്‍റ് അവസാനിക്കുന്ന വേളയില്‍ ഡെലിവറി ഷോര്‍ട്ട് ആണെന്ന് ഉറപ്പിക്കുന്ന പക്ഷം എക്സ്ചേഞ്ച് അതിന്‍റെ മെമ്പര്‍മാരെ പങ്കെടുപ്പിച്ച് ഓക്ഷന്‍ മാര്‍ക്കറ്റ് സംഘടിപ്പിക്കുകയും ഷോര്‍ട്ട് വന്ന ഡെലിവറി നല്‍കാന്‍ തയ്യാറാകുന്ന പുതിയ വില്‍പനക്കാരെ കണ്ടെത്തുകയും ചെയ്യുന്നു.

ഓക്ഷന്‍ മാര്‍ക്കറ്റില്‍ സംഭവിക്കുന്നത്

മുന്‍കൂട്ടി നിശ്ചയിച്ച വിലകള്‍ അടിസ്ഥാനപ്പെടുത്തിയല്ല ഓക്ഷന്‍ മാര്‍ക്കറ്റില്‍ ഇടപാടുകള്‍ നടക്കുന്നത്. ഓക്ഷന്‍ നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസത്തെ ക്ലോസിംഗ് വിലയുടെ 20 ശതമാനം വരെ മുകളിലോ 20 ശതമാനം വരെ താഴെയോ ഉള്ള പരിധിക്കകത്ത് നില്‍ക്കുന്ന ഒരു വിലയിലാണ് ഓക്ഷന്‍ ട്രേഡ് നടക്കുക. ഇവിടെ സംഭവിക്കുന്നതെന്താണെന്ന് ഒരു ഉദാഹരണത്തിന്‍റെ സഹായത്തോടെ വ്യക്തമാക്കാം.
അ എന്ന വ്യക്തി 500 രൂപ വിപണി വിലയുള്ള 100 ഓഹരികള്‍ ആ എന്ന വ്യക്തിയില്‍ നിന്നും വാങ്ങിയെന്നിരിക്കട്ടെ. വിറ്റ ഓഹരി തന്‍റെ ബ്രോക്കര്‍ വഴി യഥാസമയം എക്സ്ചേഞ്ചില്‍ ഡെലിവറി നല്‍കാന്‍ ബിക്ക് സാധിച്ചില്ല എന്നും കരുതുക. സ്വാഭാവികമായും സെറ്റില്‍മെന്‍റ് കഴിഞ്ഞ ഉടനെ ഓക്ഷന്‍ മാര്‍ക്കറ്റില്‍ ഡെലിവറി തരപ്പെടുത്താനുള്ള ശ്രമം എക്സ്ചേഞ്ച് നടത്തുന്നു. ഓക്ഷന് തലേ ദിവസം ഓഹരിയുടെ ക്ലോസിംഗ് വില 600 രൂപയാണെങ്കില്‍ 20 ശതമാനം മുകളിലും 20 ശതമാനം താഴെയുമുള്ള പരിധിക്കുള്ളില്‍ (480 രൂപയ്ക്കും 720 രൂപയ്ക്കുമിടയില്‍) ഓക്ഷന്‍ നടന്നേക്കാം.
650 രൂപയ്ക്ക് ഓക്ഷന്‍ മാര്‍ക്കറ്റിലെ ഒരു സെല്ലര്‍ ഓഹരി ലഭ്യമാക്കാമെന്ന് ഓഫര്‍ കൊടുത്താല്‍ പ്രസ്തുത ഓഹരി എക്സ്ചേഞ്ച് വാങ്ങുകയും അത് മുമ്പുണ്ടായിരുന്ന യഥാര്‍ഥ ബയര്‍ അയ്ക്ക് കൈമാറുകയും ചെയ്യുന്നു. കൃത്യസമയത്ത് ഡെലിവറി നല്‍കാതിരുന്ന ആ എന്ന യഥാര്‍ഥ സെല്ലര്‍ ഒറിജിനല്‍ ട്രേഡും ഓക്ഷന്‍ ട്രേഡും തമ്മിലുള്ള വിലകളുടെ അന്തരം വഹിക്കേണ്ടതായും വരുന്നു. അതായത് 650-500 = 150 രൂപ ത 100 ഓഹരികള്‍ = 15,000 രൂപ. ഈ തുകയോടൊപ്പം ചെറിയ ഒരു തുക പെനാല്‍റ്റി, മറ്റു ലെവികള്‍ എന്നിവയും ചേര്‍ത്ത് സെല്ലറെ ഡെബിറ്റ് ചെയ്യുന്നു.
ഓഹരി കയ്യിലില്ലാതെ വില്‍ക്കുകയും തിരിച്ച് വാങ്ങാന്‍ പറ്റാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്യുമ്പോഴും, നിശ്ചിത സമയപരിധിക്കുള്ളില്‍ ഡെലിവറി നല്‍കാന്‍ സാധിക്കാതെ വരുമ്പോഴുമെല്ലാം ഇത്തരത്തില്‍ ഓക്ഷന്‍ പെനാല്‍റ്റിയുടെ ഭാരം വഹിക്കേണ്ടതായി വരുമെന്ന് നിക്ഷേപകര്‍ ഓര്‍ക്കുക.

ക്യാഷ് സെറ്റില്‍മെന്‍റ്

ഓക്ഷന്‍ മാര്‍ക്കറ്റില്‍ സെല്‍ ചെയ്ത് സഹായിക്കാനായി സെല്ലര്‍മാരില്ലാത്ത അവസ്ഥ വന്നാലോ? അത്തരം സന്ദര്‍ഭങ്ങളില്‍ ക്ലോസ്ഔട്ട് റേറ്റില്‍ ക്യാഷ് നല്‍കി ട്രേഡ് സെറ്റില്‍ ചെയ്യുന്ന രീതിയാണ് എക്സ്ചേഞ്ച് പിന്തുടര്‍ന്നു പോരുന്നത്. ഓക്ഷന്‍ മാര്‍ക്കറ്റ് അവസാനിക്കുമ്പോള്‍ അന്നേ ദിവസത്തെ വിപണിയിലെ ക്ലോസിങ്ങ് വിലയുടെ 20 ശതമാനം പെനാല്‍റ്റി രൂപത്തില്‍ വീഴ്ച വരുത്തിയ സെല്ലറില്‍ നിന്നും ഈടാക്കുന്നു. മുകളില്‍ നല്‍കിയ ഉദാഹരണത്തിലേക്ക് വീണ്ടും വരികയാണെങ്കില്‍ ഓക്ഷന്‍ ദിവസം 580 രൂപാ നിരക്കിലാണ് ഓഹരി ക്ലോസ് ചെയ്തതെങ്കില്‍ അതിന്‍മേല്‍ 20 ശതമാനം പെനാല്‍റ്റി കൂടെ ചേര്‍ത്ത് 696 രൂപാ നിരക്കില്‍ സെല്ലറുടെ എക്കൗണ്ടില്‍ ഡെബിറ്റ് ചെയ്യുന്നു. അദ്ദേഹം അടക്കേണ്ടതായ തുക 696-500=196 ത 100 അതായത് 19,600 രൂപയും അനുബന്ധ ചാര്‍ജുകളും എന്നര്‍ഥം.
തീര്‍ന്നില്ല, ആരംഭത്തില്‍ 500 രൂപാ നിരക്കില്‍ നടന്ന ട്രേഡിന് ശേഷം ഓക്ഷന്‍ മാര്‍ക്കറ്റ് നടത്തുന്നതു വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും ഓഹരിയുടെ വില അമിതമായി കുതിച്ചുയര്‍ന്ന സന്ദര്‍ഭമുണ്ടായെന്നിരിക്കട്ടെ. ഉദാഹരണത്തിന് വില 720 രൂപ വരെ എത്തി തിരിച്ചിറങ്ങിയെങ്കില്‍ മുകളില്‍ പരാമര്‍ശിച്ച 20 ശതമാനം നിരക്കിലെ 696 രൂപയിലല്ല സെറ്റില്‍മെന്‍റ് നടക്കുക, മറിച്ച് ഉയര്‍ന്ന വിലയായി രേഖപ്പെടുത്തിയ 720 രൂപ അടിസ്ഥാനപ്പെടുത്തിയാണ് പെനാല്‍റ്റി വരിക. 720-500=220 ത100ഓഹരി = 22,000 രൂപ!

ചുരുക്കത്തില്‍ നിക്ഷേപകര്‍ ഡെലിവറി ഷോര്‍ട്ട് ആകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ ബ്രോക്കര്‍മാരുടെ സഹായത്തോടെ എടുക്കുക, ട്രേഡര്‍മാരാണെങ്കില്‍ ഷോര്‍ട്ട് സെല്ലിങ്ങ് നടക്കുന്ന പക്ഷം ട്രേഡിങ്ങ് അവസാനിക്കുന്നതിന് മുമ്പ് പൊസിഷനുകള്‍ സ്ക്വയര്‍ ചെയ്യാന്‍ വേണ്ട നടപടികള്‍ ടെര്‍മിനലുകളില്‍ തന്നെ ചെയ്തു വെയ്ക്കുക.

First published in Malayala Manorama