Geojit Financial Services Blog

വിരമിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍

പ്രധാനപ്പെട്ട ഒരു യാത്രയുടെ തലേ ദിവസം ബാഗും പണവും തയ്യാറാക്കി വെയ്ക്കാത്തവര്‍ ആരുമില്ല, മഴക്കാലത്ത് പുറത്തേക്കു പോകുമ്പോള്‍ കുട കരുതാത്തവര്‍ ചുരുക്കമാണ്, പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ ഒന്നിലധികം പേനകള്‍ നാം കരുതാറുണ്ട്, ദീര്‍ഘദൂരയാത്രയില്‍ മൊബൈലിന്‍റെ പവര്‍ ബാങ്ക് കൈയ്യില്‍ സൂക്ഷിക്കാറുണ്ട്, എന്തിനേറെ പറയുന്നു, ലോക്ഡൗണ്‍ മുന്നില്‍ക്കണ്ട് കുറച്ച് നാളത്തേക്കുള്ള മദ്യം നേരത്തെ വാങ്ങി സൂക്ഷിക്കാറില്ലേ? ഈ തയ്യാറെടുപ്പുകളും വ്യഗ്രതയും എന്തുകൊണ്ട് 20ഉം 30ഉം വര്‍ഷം നീണ്ടു നില്‍ക്കുന്ന വിശ്രമജീവിതത്തിലേക്കുള്ള കാശ് സ്വരൂപിക്കാന്‍ കാണിക്കുന്നില്ല? ഒരു നിമിഷം ചിന്തിച്ചിട്ട് ബാക്കി വായിച്ചാല്‍ മതി. ഇതിനിടെ നിങ്ങള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഗൗരവമുണ്ടെന്നര്‍ത്ഥം. ഇല്ലെങ്കിലും മുന്നോട്ട് വായിക്കുമ്പോള്‍ പ്രധാനപ്പെട്ടതാണെന്നു നിങ്ങള്‍ക്ക് തോന്നിയേക്കും .

വിഭിന്ന വരുമാന സ്രോതസ്സുകള്‍
ജീവിതച്ചിലവുകള്‍ക്കായി ഒരൊറ്റ വരുമാന സ്രോതസ്സിനെ ആശ്രയിക്കുന്നത് സ്റ്റെപ്പിനി ഇല്ലാതെ വണ്ടി ഓടിക്കുന്നതിനു തുല്യമാണ്. രണ്ടോ മൂന്നോ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകുന്നത് വരുമാനത്തിന് കൂടുതല്‍ ഉറപ്പും മനസ്സിന് സമാധാനവും നല്‍കും. വാടകയിനത്തില്‍ മാത്രം വരുമാനം കണ്ടെത്തിയിരുന്നവരും, സ്ഥിരനിക്ഷേപത്തെ മാത്രം ആശ്രയിച്ചിരുന്നവരും ഇന്ന് അവരുടെ വരുമാനത്തില്‍ കാര്യമായ ഇടിവ് നേരിടുന്നുണ്ട്. ചിലര്‍ക്ക് വരുമാനം നിലച്ചതായും അറിയുന്നുണ്ട്.

വാടകയിനത്തില്‍ 40 ശതമാനം
വാടകയിനത്തില്‍ നിന്നുള്ള വരുമാനം മൊത്ത വരുമാനത്തിന്‍റെ 40 ശതമാനത്തിലധികം ആകുന്നത് ഉചിതമല്ല. കൂടുതല്‍ ഉറപ്പുള്ള സ്രോതസ്സില്‍ നിന്ന് കൂടുതല്‍ അനുപാതം പ്രതീക്ഷിക്കാം. എന്നാല്‍ റിസ്ക് കൂടുതലുള്ളയിനത്തില്‍ കൂടുതല്‍ ആശ്രയിക്കുന്നത് ദോഷം ചെയ്യും.

ഒരു സ്രോതസ്സില്‍ നിന്നും 50 ശതമാനം
ഒരു വരുമാന സ്രോതസ്സില്‍ നിന്നും പരമാവധി 50 ശതമാനം മാത്രമേ പ്രതീക്ഷിക്കാവൂ. മറ്റുള്ളവയില്‍ നിന്നുമാവണം ബാക്കി വരുമാനം വരേണ്ടത്. വിരമിക്കുന്നതിനു മുന്‍പുതന്നെ ഇതിനായുള്ള ക്രമീകരണങ്ങള്‍ ചെയ്തു വയ്ക്കണം. വിരമിച്ചതിനു ശേഷം ഇഷ്ടപെട്ട ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരുണ്ട്. പക്ഷേ അത് ഒരു വരുമാനസ്രോതസ്സാകുമെന്ന് ഉറപ്പിക്കാന്‍ വരട്ടെ. വിരമിച്ചതിനു ശേഷം പത്തു കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാമെന്ന് ചിന്തിച്ചിരുന്ന അദ്ധ്യാപികയ്ക്ക് ഇന്ന് അതിനു സാധിക്കുന്നില്ല. കൊറോണ മാത്രമല്ല കാരണം, ഓണ്‍ലൈന്‍ പഠന വിപ്ലവത്തിന്‍റെ ത്വരിതപ്രസരവും ഒരു പ്രധാന കാരണമാണ്. ഒന്നില്‍ത്തന്നെ വിശ്വാസം അര്‍പ്പിക്കരുതെന്നുള്ളതിനു ഒരു ഉത്തമ ഉദാഹരണമാണിത്.

സാമ്പത്തിക പ്രതിബദ്ധതകള്‍ വേണ്ട
വിരമിച്ചതിനു ശേഷം പുതിയ ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേരുന്നതും, ദീര്‍ഘകാല നിക്ഷേപ സ്കീമുകളില്‍ ചേരുന്നതും ഒഴിവാക്കാം. പണം ഇങ്ങോട്ടു കിട്ടുന്ന ഏതു സംവിധാനവും ആകാം. പക്ഷെ അങ്ങോട്ട് കൊടുക്കുന്നത് ബുദ്ധിയല്ല. അതുപോലെ തന്നെയാണ് വായ്പ അടവുകളും. വിരമിച്ചതിനുശേഷം ഒരു അടവുകളും തുടരുന്നത് സാമ്പത്തിക ആരോഗ്യത്തിന് നല്ലതല്ല. വിരമിക്കുന്നതിനു മുന്‍പ് അടവ് തീരുന്ന രീതിയിലായിരിക്കണം ഏതു സ്കീമിലും വായ്പയിലും ചേരേണ്ടത്.

നിക്ഷേപങ്ങള്‍
സാധാരണ വിരമിക്കുന്നതിനു മുന്‍പുള്ള വര്‍ഷങ്ങളില്‍ കാര്യമായ നിക്ഷേപങ്ങള്‍ ഒന്നും ഇല്ലാതിരിക്കുമ്പോള്‍ ആവശ്യത്തിന് പണം സ്വരൂപിക്കാന്‍ സാധിക്കാത്തവരാണ് ഏറെയും. ഇതുമൂലം വിരമിച്ചതിനു ശേഷം ഉള്ള പണം ദീര്‍ഘകാല ജീവിതത്തിന് പോരാതെ വരാറുണ്ട്. അങ്ങനെയുള്ളപ്പോള്‍,
വിരമിച്ചതിനുശേഷവും ഓഹരിയാധിഷ്ഠിത നിക്ഷേപങ്ങള്‍ ചെയ്യേണ്ടതായി വന്നേക്കാം. അത് കാലത്തിന്‍റെ ആവശ്യമാണ്. എന്നിരുന്നാലും മൊത്തം നിക്ഷേപത്തിന്‍റെ 30 ശതമാനത്തിലധികം ഓഹരികളിലേക്ക് വിന്യസിക്കേണ്ടതില്ല. ബാക്കി പണം നിക്ഷേപിക്കാന്‍ പോസ്റ്റ് ഓഫീസ് സ്കീമുകള്‍, പ്രധാനമന്ത്രി വയവന്ദന യോജന, ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, ആനുവിറ്റി പ്ലാനുകള്‍ എന്നിങ്ങനെ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ഇവയില്‍ ഏതെങ്കിലുമൊന്നില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം. വിശ്വാസ്യത കുറഞ്ഞ നിക്ഷേപ പദ്ധതികളിലും കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളിലും തല വെയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ദിക്കണം. വീണ്ടുമൊരു ഔദ്യോഗിക ജീവിതത്തിന് യൗവ്വനം ഇല്ലെന്നോര്‍ക്കണം. എല്ലാ നിക്ഷേപങ്ങളേയും ഉപദേശങ്ങളേയും ചെറിയ സംശയത്തോടെ കാണുന്നത് നല്ലതാണ്. ‘ഭയം ജീവിത വിജയം’ എന്ന് പറയുന്നത് യാഥാര്‍ത്ഥമാണ് ഈ വിഷയത്തില്‍.

നികുതി പ്ലാന്‍ ചെയ്യാം
വിരമിച്ചതിനു ശേഷമുള്ള വരുമാനം എങ്ങിനെയും വിരമിക്കുന്നതിനു മുമ്പുള്ളതിനേക്കാള്‍ കുറവായിരിക്കും. അതില്‍ നിന്നും നികുതിയും കൂടി പോയിക്കഴിഞ്ഞാല്‍ വരുമാനം നന്നേ കുറയും. ഇതിനായി വരുമാനം കുടുംബാംഗങ്ങളുമായി പങ്കുവെയ്ക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് ഒരു സ്ഥിരനിക്ഷേപം സ്വന്തം പേരില്‍ ചെയ്യാതെ ജീവിത പങ്കാളിയുടെ പേരില്‍ ചെയ്യുന്നത് നികുതിഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതുപോലെ വാടക വരുന്നത് മറ്റൊരാളുടെ അക്കൗണ്ടില്‍ ആയാല്‍ നന്നായിരിക്കും.

ആരോഗ്യ ഫണ്ട്

പ്രായമാകുന്തോറും ആരോഗ്യം പരിപാലിക്കാനുള്ള ചിലവ് കൂടിവരും. അതുകൊണ്ടുതന്നെ ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള പ്രീമിയവും കൂടുതലായിരിക്കും. കൂടുതല്‍ തുക പ്രീമിയമായി കൊടുക്കുന്നതില്‍ നിന്നും രക്ഷനേടാന്‍ വിരമിക്കുമ്പോഴേക്കും ആരോഗ്യ പരിപാലനത്തിനും ആശുപത്രിചിലവുകള്‍ക്കുമായി
നല്ലൊരുതുക കരുതുന്നത് നല്ലതാണ്. ഈ തുക കുറഞ്ഞത് 10 ലക്ഷമെങ്കിലും വേണം.

യാത്രഫണ്ട്
വിരമിച്ചതിനുശേഷം യാത്രകളുടെ കാലമാണ്. അന്നുവരെ യാത്രചെയ്യാനും സന്ദര്‍ശിക്കാനും മനസ്സില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹം സഫലീകരിക്കുന്ന സമയമാണത്. ജീവിതച്ചിലവുകള്‍ക്കുവേണ്ടിയുള്ള പണം എന്തായാലും യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ല. അതിനായി ഒരു പ്രത്യേക ഫണ്ട് സ്വരൂപിക്കാവുന്നതാണ്.

വില്‍പത്രം തയ്യാറാക്കുക
നിങ്ങള്‍ക്കുള്ള മൊത്തം ആസ്തിയും അതിലെ വിഭിന്ന ആസ്തിവര്‍ഗ്ഗങ്ങളും അതിന്‍റെ തുകകളും, കൃത്യമായി നോമിനേഷനും, എല്ലാം ഒരു വില്‍പത്രത്തിന്‍റെ സഹായത്തോടെ നിങ്ങളാഗ്രഹിക്കുന്ന വ്യക്തി/വ്യക്തികളുടെ പേരിലേക്ക് എഴുതി വെയ്ക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷികമാണ്. നിങ്ങളുടെ ഉറ്റവര്‍ സാമ്പത്തിക പ്രതിസന്ധിയിലും നൂലാമാലയിലും പെടാതിരിക്കാന്‍ ഇത് സഹായിക്കും.

First published in Mangalam