Geojit Financial Services Blog

വായ്പ തിരിച്ചടവ് വേഗത്തില്‍ ആക്കാനുള്ള വഴികള്‍

സ്വന്തം വീട് എന്നത് ഏവരുടെയും പ്രധാന ജീവിതലക്ഷ്യങ്ങളില്‍ ഒന്നാണ്. വീട് എന്ന് സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി പലതരത്തിലും തുക സമാഹാരിക്കാനുള്ള നെട്ടോട്ടത്തിലാവും പലരും. ഇന്ന് അത്യാവശ്യം നല്ല രീതിയില്‍ സ്ഥിര വരുമാനം ഉള്ളവര്‍ക്ക് വായ്പ ലഭിക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തതുകൊണ്ട് ഭവന വായ്പയെ ആശ്രയിക്കുന്നവരുടെ എണ്ണം ഏറി വരികയാണ്. ഏറ്റവും കൂടുതല്‍ മുതല്‍മുടക്ക് വരുന്ന ജീവിത ലക്ഷ്യം ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തുക സമാഹരിക്കാന്‍ വായ്പ്പയെ ആശ്രയിക്കുക എന്നതാണ് എളുപ്പവഴി. എടുക്കുന്ന വായ്പ തുക വലുതായത് കൊണ്ട് തന്നെ ഇത്തരം വായ്പകളുടെ കാലാവധി 15 മുതല്‍ 25 വര്‍ഷം വരെയാണ്. ഈ കാലാവധി എന്നത് ഒരു വ്യക്തിയുടെ റിട്ടയര്‍മെന്‍റ് വരെയുള്ള കാലയളവ് ആയിരിക്കും. വായ്പകള്‍ തുടര്‍ന്നുകൊണ്ട് പോകുന്നത് വലിയ തുക പലിശയിനത്തില്‍ തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട് എത്രയും പെട്ടെന്ന് അടച്ച് തീര്‍ക്കുകയാണ് വേണ്ടത്. നിലവില്‍ ഭവന വായ്പയുള്ളവരും വായ്പയെടുക്കാന്‍ പോകുന്നവരും എങ്ങനെ തിരിച്ചടവ് വേഗത്തില്‍ ആക്കാം എന്ന് ചിന്തിക്കുന്നുണ്ടാകും. അതിനുള്ള വഴികള്‍ ഏതൊക്കെയെന്ന് നോക്കാം.

അതില്‍ ഒന്നാമത് എടുക്കുന്ന വായ്പയുടെ തുക കുറയ്ക്കുക എന്നത് തന്നെയാണ്. അതായത് വീട് വാങ്ങാനും മറ്റും വായ്പയെ അധികമായി ആശ്രയിക്കാതെ പരമാവധി തുക സമാഹരിച്ച ശേഷം ബാക്കി തുക മാത്രം വായ്പയെ ആശ്രയിക്കുക. ഇന്ന് വസ്തുവിലയുടെ 80 ശതമാനം വരെ വായ്പ തരാന്‍ ബാങ്കുകള്‍ തയ്യാറാണ് എന്നാല്‍ 30 മുതല്‍ 40 ശതമാനം വരെയെങ്കിലും തുക സമാഹരിച്ച ശേഷം ബാക്കി തുക വായ്പ എടുക്കുന്നത് ബാധ്യത കുറയ്ക്കാനും തിരിച്ചടവ് വേഗത്തില്‍ ആക്കാനും സഹായിക്കും. വായ്പകള്‍ തിരഞ്ഞെടുക്കുമ്പോള്‍ എവിടെയാണ് നിലവില്‍ ബാങ്ക് അക്കൗണ്ട് ഉള്ളത് അവിടെ നിന്നുതന്നെ വായ്പ എടുക്കാതെ കുറഞ്ഞ പലിശ നിരക്കും മറ്റു ചാര്‍ജുകളും കുറവുള്ള ബാങ്കുകള്‍ തിരഞ്ഞെടുത്താല്‍ പലിശയിനത്തില്‍ നഷ്ടം കുറച്ച് കൂടുതല്‍ തുക മുതലിലേക്ക് അടക്കാന്‍ ആവുകയും അതനുസരിച്ച് നേരത്തെ വായ്പ തിരിച്ചടവ് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്യും.

എപ്പോഴും വായ്പ നേരത്തെ അടച്ചു തീര്‍ക്കണം എന്ന രീതിയില്‍ തന്നെ ബാധ്യതകളില്‍ കാലാനുസൃതമായി മാറ്റം വരുത്താവുന്നതാണ.് ഉദാഹരണത്തിന് വായ്പ എടുത്ത ശേഷം വരുമാനത്തില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടായെന്നിരിക്കട്ടെ ആ സമയത്ത് ബാങ്കിനെ സമീപിച്ച് പ്രതിമാസ തിരിച്ചടവ് ഉയര്‍ത്താവുന്നതാണ് അതനുസരിച്ച് വായ്പ കാലാവധിയും കുറയും അതുപോലെ തന്നെ ഇന്‍സെന്‍റീവോ ബോണസോ ആയി അധിക തുക ലഭിക്കുമ്പോള്‍ നേരിട്ട് വായ്പയിലേക്ക് അടയ്ക്കുക വഴി കാലാവധി കുറയ്ക്കാന്‍ ആകും. ഇത്തരത്തില്‍ അധിക തുക ലഭിക്കാന്‍ ഇല്ലാത്തവര്‍ ചെറിയ തുകകളായി സമാഹരിച്ച് എല്ലാവര്‍ഷവും ഒരു നിശ്ചിത തുക ഇഎംഐക്ക് പുറമേ വായ്പയിലേക്ക് അധികമായി അടയ്ക്കാന്‍ ആയാല്‍ വളരെ പെട്ടെന്ന് വായ്പ തീര്‍ക്കാന്‍ സഹായകരമാകും. ഇത്തരത്തില്‍ അധിക തുക അടയ്ക്കുമ്പോള്‍ ഇഎംഐ കുറയുകയോ കാലാവധി കുറയുകയോ ചെയ്യാം. ഇതില്‍ കാലാവധി കുറയ്ക്കുന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇഎംഐക്ക് പുറമേ എത്ര ചെറിയ തുക വായ്പയിലേക്ക് അടച്ചാലും മുതലിലേക്ക് തിരിച്ചടവായി എടുക്കും എന്നതിനാല്‍ പരമാവധി തുക അടയ്ക്കാന്‍ ശ്രമിക്കുക.

First published in Mangalam