Geojit Financial Services Blog

വായ്പ എടുത്താല്‍ മാത്രം പോരാ തിരിച്ചടവ് കൂടി പ്ലാന്‍ ചെയ്യണം

കടബാധ്യത എല്ലാവര്‍ക്കും മാനസിക സംഘര്‍ഷം ഉണ്ടാക്കുന്ന ഒരു കാര്യമാണ.് ഇന്ന് വിവിധതരം വായ്പകള്‍ കിട്ടാന്‍ വളരെ എളുപ്പമാണ.് എന്നാല്‍ ഓണ്‍ലൈന്‍ ആപ്പുകളെയും മറ്റും ആശ്രയിച്ച് വായ്പ എടുത്തത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അനുദിനം പത്രങ്ങളിലൂടെയും മറ്റും നാം അറിയുന്നതാണ്. എന്നിരുന്നാലും പലപ്പോഴും സാഹചര്യസമ്മര്‍ദ്ദം മൂലം ഇതുപോലുള്ള വായ്പകളെ ആശ്രയിക്കേണ്ടതായിട്ട് വരും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ തന്നെയാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നതും അതുകൊണ്ട് വായ്പ എടുക്കുമ്പോള്‍ ഓണ്‍ലൈന്‍ വായ്പ കെണികളിലും മറ്റും വീഴാതെ ശ്രദ്ധിക്കുക.

വായ്പകള്‍ എടുത്താല്‍ മാത്രം പോരാ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കേണ്ടതും കൂടിയാണ്. അതുകൊണ്ടുതന്നെ വായ്പ എടുക്കുമ്പോള്‍ തന്നെ ഭാവിയില്‍ ഏത് സാഹചര്യത്തിലും മുടക്കം കൂടാതെ അടയ്ക്കാനാകുമെന്ന് ഉറപ്പുവരുത്തി വേണം വായ്പ എടുക്കാന്‍. അതായത് വായ്പ എടുക്കുന്നതിനു മുമ്പ് തിരിച്ചടവ് എത്രത്തോളം സാധ്യമാണ് എന്ന് മനസ്സിലാക്കിയിരിക്കണം എന്ന് സാരം. ഇത് പ്ലാന്‍ ചെയ്യുമ്പോള്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക ലക്ഷ്യങ്ങളും ജീവിതച്ചിലവുകളും മറ്റുചിലവുകളും എല്ലാം കൃത്യമായി പരിഗണിക്കണം. പ്രത്യേകിച്ചും വീട്, കാര്‍ എന്നീ ദീര്‍ഘകാല വായ്പകള്‍ എടുക്കുമ്പോള്‍ ഭാവിയിലെ ചിലവുകള്‍ കൃത്യമായി മനസ്സിലാക്കി വേണം പ്ലാന്‍ ചെയ്യാന്‍.

ഒരു വലിയ തുക ബോണസ് ആയോ ഏതെങ്കിലും വസ്തുവില്‍പനയിലയുടെയോ ലഭിച്ചാല്‍ ഏതു വായ്പയിലേക്ക് തിരിച്ചടക്കണം എന്നതാവും ആശയ കുഴപ്പത്തില്‍ ആക്കുന്നത്. സാധാരണ രീതിയില്‍ ഉയര്‍ന്ന പലിശയുള്ള വായ്പയിലേക്കാവും തിരിച്ചടയ്ക്കുക. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ പലിശ കുറവാണ് എങ്കില്‍ പോലും കുറഞ്ഞ കാലാവധി ഉള്ള വായ്പയിലേക്ക് അടക്കുന്നതാവും അഭികാമ്യം. പ്രത്യേകിച്ചും പ്രതിമാസ തിരിച്ചടവ് ഇല്ലാത്ത വായ്പകളുടെ തിരിച്ചടവിനാണ് മുന്‍ഗണന കൊടുക്കേണ്ടത്. ദീര്‍ഘകാല വായ്പകള്‍ക്ക് പ്രതിമാസ തിരിച്ചടവ് കുറവായിരിക്കുന്നതുപോലെ തന്നെ കാലാവധി ഉള്ളതുകൊണ്ട് ഭാവിയില്‍ അധിക തുക വരുന്നതിനനുസരിച്ച് അടയ്ക്കാനാകും.

ക്രെഡിറ്റ് കാര്‍ഡ് പെയ്മെന്‍റുകള്‍ ഓണ്‍ലൈന്‍ വായ്പകള്‍ എന്നിവയ്ക്ക് ഈട് നല്‍കുന്നു ഇല്ലാത്തതുകൊണ്ട് തിരിച്ചടവില്‍ മുടക്കം വരുത്തിയാല്‍ വലിയ ചാര്‍ജുകള്‍ വരാനിടയുണ്ട് കൂടാതെ ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും അതുകൊണ്ട് ഇത്തരം വായ്പകള്‍ അടയ്ക്കുന്നതിന് മുന്‍ഗണന നല്‍കേണ്ടതുണ്ട്.
വായ്പകളിലേക്ക് അധിക തുക അടയ്ക്കുന്നതിനല്ല മുടക്കം കൂടാതെ അടച്ചു തീര്‍ക്കുന്നതിനാണ് കാര്യം എന്ന് മനസ്സിലാക്കണം. അതായത് ഒരു തുക ലഭിക്കുമ്പോള്‍ ഒന്നിച്ച് മുതലിലേക്ക് അടയ്ക്കുന്നതിലൂടെ വായ്പ പലിശ കുറയ്ക്കാനാകും എന്നത് ശരിയാണ് എന്നാല്‍ പ്രതിമാസ തിരിച്ചടവ് മുടക്കം വന്നാല്‍ അത് ജപ്തി പോലുള്ള നടപടികള്‍ക്കിടയാക്കും. അതുകൊണ്ട് ഭാവിയിലെ പ്രതിമാസ തിരിച്ചടവ് കൃത്യമായി അടയ്ക്കാന്‍ ഉണ്ടെങ്കില്‍ മാത്രമേ അധിക തുക മുതലിലേക്ക് അടയ്ക്കാവൂ.

എല്ലാവരുടെയും ആഗ്രഹം വായ്പ എത്രയും വേഗം അടച്ചു തീര്‍ക്കണമെന്നാകും. എന്നാല്‍ കൃത്യമായ പ്ലാനിങ് ഇല്ലാതെ വായ്പ തിരിച്ചടവ് നടത്തിയാല്‍ ചിലപ്പോള്‍ ഭാവിയില്‍ മറ്റു ജീവിത ലക്ഷ്യങ്ങള്‍ക്ക് അധിക പലിശയില്‍ വായ്പ എടുക്കേണ്ടി വന്നേക്കാം. അതുകൊണ്ട് സാമ്പത്തിക വിദഗ്ധന്‍റെ സഹായത്തോടെ കൃത്യമായി വിശകലനം നടത്തി ബാധ്യത പ്ലാന്‍ ചെയ്ത് അടച്ചു തീര്‍ക്കുന്നതാവും നല്ലത്.

First published in Mangalam