Geojit Financial Services Blog

യുദ്ധം, മഹാമാരി, സമ്പദ്വ്യവസ്ഥ

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജപ്പാന്‍റെ സമ്പദ്വ്യവസ്ഥ പാടെ തകര്‍ന്നിരുന്നു. രാജ്യത്തെ പുനരുജ്ജീവിപ്പിക്കാന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ അന്ന് ജപ്പാന് സാമ്പത്തിക സഹായവുമായി എത്തിയെങ്കിലും ജപ്പാനിലെ ജനതയുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് അവരെ വറുതിയില്‍ നിന്നും കരകയറാന്‍ ഏറെ സഹായിച്ചത്. യുദ്ധം ജപ്പാനുമേല്‍ അടിച്ചേല്‍പ്പിച്ച മാറ്റങ്ങള്‍ പിന്നീട് അവരുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയായിരുന്നു. അന്ന് അവര്‍ നേരിട്ടിരുന്ന വെല്ലുവിളികള്‍ പലതാണ്. അടിസ്ഥാന വികസനം, ആരോഗ്യം, തൊഴില്‍ എന്നിങ്ങനെ. എന്നാല്‍ അദ്ഭുതാവഹമായ വളര്‍ച്ചയാണ് യുദ്ധത്തിനുശേഷം ജപ്പാന്‍ കൈവരിച്ചത്. 1945 മുതല്‍ 1991 വരെ അഞ്ചു പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന അഭൂതപൂര്‍വമായ വളര്‍ച്ചമൂലം വികസിത രാജ്യങ്ങളായ ബ്രിട്ടണ്‍, അമേരിക്ക എന്നീ നാടുകളിലെ ആഭ്യന്തര വളര്‍ച്ചയെപ്പോലും പിന്തള്ളുന്ന രീതിയിലുള്ള വികസനം ജപ്പാന്‍ കാഴ്ചവെച്ചു. 1991 ല്‍ ജപ്പാന്‍റെ പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദനം ബ്രിട്ടന്‍റെ 120% ആയിരുന്നു.

ഈ വളര്‍ച്ചയ്ക്ക് ‘സാങ്കേതികവിദ്യ’യുടെ ഇറക്കുമതി ജപ്പാനെ വളരെയധികം സഹായിച്ചു. പരമ്പരാഗതമായി ജപ്പാനില്‍ പിന്തുടര്‍ന്ന് പോന്നിരുന്ന പുരുഷമേധാവിത്വത്തിന്‍റെ രീതികളും തലമുറകളായി തൊഴില്‍ ചെയ്യേണ്ടിവന്നിരുന്ന ചട്ടങ്ങളുമെല്ലാം തിരുത്തിയെഴുതി മാനവശേഷിയുടെ മികച്ച ഉപയോഗം സാധ്യമായത് യുദ്ധത്തിന് ശേഷമുള്ള അഴിച്ചുപണിയിലാണ്.

പൗരډാരില്‍ വൈദഗ്ധ്യം അനുസരിച്ച തൊഴില്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും പുതിയ തൊഴില്‍ മേഖലകളുടെ ആവിര്‍ഭാവവും വളര്‍ച്ചയെ ത്വരിതപ്പെടുത്തി. അത് അങ്ങനെയാണ്. ഒരു വന്‍ ദുരന്തത്തിനുശേഷം, പഴയ, കാലഹരണപ്പെട്ട നിയമങ്ങളും രീതികളും മാറ്റിയെഴുതപ്പെടും. ഭാവിയിലെ വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയിലുള്ള തീരുമാനങ്ങളും ചട്ടങ്ങളും രൂപപ്പെടും. ഒരുപക്ഷെ, ഒരു ദുരന്തം ഇല്ലായിരുന്നെങ്കില്‍ കൈവരിച്ചേക്കുമായിരുന്നതിനേക്കാള്‍ മികച്ച നേട്ടമായിരിക്കും എല്ലാം എല്ലാം നഷ്ടപെട്ടതിനു ശേഷം ഉണ്ടാകുന്നത്.
അതുതന്നെയാണ് ജപ്പാന്‍റെ കാര്യത്തിലും സംഭവിച്ചത്. പരമ്പരാഗതമായ രീതിയില്‍ നിന്ന് മാറി സാങ്കേതികവിദ്യയുടെ ചിറകിലേറി ജപ്പാന്‍ അതിവേഗം മുന്നോട്ടു കുതിച്ചു. അവിടുത്തെ ആളുകളുടെ നിശ്ചയദാര്‍ഢ്യവും തുണച്ചു. അന്ന് അങ്ങനെ ഒരു പതനം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ജപ്പാന്‍ ഒരു വികസിത രാജ്യമാകില്ലായിരുന്നു.

മഹാമാരിയും സമ്പദ്വ്യവസ്ഥയും
ഏതൊരു പതനത്തിനുശേഷവും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പും അതിവേഗ വളര്‍ച്ചയും ഉണ്ടാകന്‍ സാധ്യതയുണ്ടെങ്കില്‍ അത് ഇത്തവണയും സംഭവിക്കും. കോവിഡ് മഹാമാരി ലോകരാജ്യങ്ങളെ എല്ലാം ഒരേപോലെ ബാധിച്ചു. ഓരോ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയും ഓരോ രീതിയിലാണ് കോവിഡ് മൂലമുണ്ടായിട്ടുള്ള മാറ്റങ്ങളെ നോക്കിക്കാണുന്നത്. കോവിഡ് നമ്മുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടും, പ്രവര്‍ത്തന മേഖലകളെയും വരുമാന സ്രോതസ്സുകളെയും എല്ലാം കീഴ്മേല്‍ മറിച്ചു. മുന്‍പ് അനാവശ്യമായി തോന്നിയ പലതും ഇന്ന് അത്യാവശ്യമായി മാറി. കോവിഡിനിടയില്‍ ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ച കൂപ്പുകുത്തിയത് 25 ശതമാനത്തോളമാണ്. അത് പിന്നീട് -7 ശതമാനമായി കുറഞ്ഞു. അതിനുശേഷം വളര്‍ച്ചാനിരക്ക് ഉയര്‍ന്നത് 20 ശതമാനത്തോളമാണ്. പക്ഷെ ഈ നിരക്കുകളില്‍ പ്രത്യേകിച്ച് കഴമ്പില്ല. പ്രധാനപ്പെട്ട വസ്തുത മാറുന്ന രീതികളാണ്. 76 വര്‍ഷം മുന്‍പ് ജപ്പാന്‍റെ കുതിപ്പിന് ആക്കമിട്ടത് സാങ്കേതികവിദ്യയാണെങ്കില്‍ ഇന്നും ആ സ്ഥിതി വ്യത്യസ്തമല്ല. രണ്ടുപേര്‍ തമ്മില്‍ കാണുന്നതും സംസാരിക്കുന്നതും മുതല്‍, ലോജിസ്റ്റിക്സ്, പണമിടപാടുകള്‍, ഉല്‍പ്പാദനം, വില്പനരീതി എന്നിവയെല്ലാം അടിമുടി മാറി. മിക്കതും ത്വരിത ഗതിയിലായി. മുന്‍പ് ദിവസങ്ങള്‍ എടുത്തിരുന്ന പ്രക്രിയയ്ക്ക് ഇന്ന് നിമിഷങ്ങള്‍ മതി. ബിസിനസ്സ് സുഗമമാക്കാനും യാത്രകളും നേരിട്ടുള്ള കൂടിച്ചേരലുകളും കുറച്ചുകൊണ്ട് ചിലവ് കുറച്ച് കാര്യങ്ങള്‍ നടത്താനുള്ള സാഹചര്യവും മിക്ക മേഖലകളിലും ഒരു നേട്ടമായി. ഇതെല്ലാം ഭാവിയില്‍ മികച്ച വളര്‍ച്ചയ്ക്ക് കാരണമായിത്തീരും.
വരും ദശകങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ദൃശ്യമാകാന്‍ സാധ്യതയുള്ളത് ഇതര ഊര്‍ജ്ജ സ്രോതസ്സുകള്‍, കലാവസ്ഥയ്ക്ക് ഹാനികരമല്ലാത്ത രീതിയില്‍ വ്യവസായം ചെയ്യുന്നവര്‍ക്കുള്ള പ്രചോദനം, വിവരസാങ്കേതികവിദ്യയുടെ നവീന ഉപയോഗം, എന്നീ കാര്യങ്ങളിലായിരിക്കും. മഹാമാരി അറിഞ്ഞും അറിയാതെയും നമ്മുടെ ജീവിതത്തില്‍ കൊണ്ടുവന്നിട്ടുള്ള മാറ്റവും അതിനോടനുബന്ധിച്ചു മാറപ്പെടുന്ന വ്യവസായ രീതികളും വരും ദശകങ്ങളില്‍ ത്വരിത വളര്‍ച്ചയ്ക്ക് കാരണമാകും.
നമ്മുടെ നിക്ഷേപങ്ങളിലും ഈ രീതിയിലുള്ള മാറ്റങ്ങള്‍ അനിവാര്യമായി വരും. പരമ്പരാഗത വ്യവസായങ്ങളില്‍ നിന്ന് മാറി വികസനോډുഖമായ രീതിയില്‍ നിക്ഷേപങ്ങള്‍ വിന്യസിക്കണം. ഇലക്ട്രിക് വാഹനങ്ങള്‍, ഓണ്‍ലൈന്‍ ബിസിനസ്സ് എന്നിങ്ങനെ നൂതന മേഖലകള്‍ കണ്ടെത്തേണ്ടിവരും.