Geojit Financial Services Blog

മെഡിക്കൽ ചെക്കപ്പ് പോലെ സാമ്പത്തിക ചെക്കപ്പ്

ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നവര്‍ മെഡിക്കല്‍ ചെക്കപ്പ് എല്ലാവര്‍ഷവും നടത്താറുണ്ടാകും. നമ്മുടെ ആരോഗ്യസ്ഥിതി എങ്ങനെയെന്ന മനസ്സിലാക്കി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനാവശ്യമുള്ള ചികിത്സയോ ജീവിതശൈലിയില്‍ മാറ്റങ്ങളോ ആവും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുക. ഇത്തരത്തില്‍ പരിശോധന നടത്തുമ്പോള്‍ പ്രധാനമായും ചില ടെസ്റ്റുകള്‍ നടത്തിയാണ് ആരോഗ്യ കാര്യങ്ങളുടെ സ്ഥിതി മനസ്സിലാക്കുന്നത്. ഇതുപോലെ ഒരു വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ ആ വ്യക്തിയുടെ സാമ്പത്തിക അവസ്ഥ എന്തണെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അതനുസരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ ഭാവിയില്‍ മികച്ച സാമ്പത്തിക ഭദ്രത ഉണ്ടാക്കിയെടുക്കാനാവൂ. ആരോഗ്യ പരിശോധന നടത്തുന്നതുപോലെ തന്നെ എല്ലാ വര്‍ഷമോ അല്ലെങ്കില്‍, ജീവിതത്തില്‍ പ്രധാന മാറ്റങ്ങള്‍ വരുന്ന സമയത്ത്, ഉദാഹരണത്തിന് പുതിയ ജോലി, വിവാഹം, ജനനം, മരണം, ശമ്പള വര്‍ദ്ധനവ് ഇത്തരത്തില്‍ ഏതു പ്രധാന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോഴും സാമ്പത്തിക പരിശോധന നടത്തി ആവശ്യമുള്ള ഭേദഗതികള്‍ നടത്തേണ്ടതാണ്.

വരവ്, ചിലവ് കണക്കുകള്‍ക്ക് ശേഷം മിച്ചം പിടിക്കാന്‍ സാധിക്കുന്ന ,തുക, ആസ്തി, ബാധ്യത, നിക്ഷേപങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയുടെ സാമ്പത്തിക ഭദ്രത പരിശോധിക്കുന്നത്.

ആദ്യം തന്നെ പരിശോധിക്കേണ്ട ഘടകം ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് എത്രമാത്രം തുക മിച്ചം പിടിക്കാന്‍ സാധിക്കുന്നു എന്നതാണ്. വരുമാനത്തില്‍ നിന്ന് കുറഞ്ഞത് 20% മുതല്‍ 30% ശതമാനം വരെയെങ്കിലും മിച്ചം പിടിക്കാന്‍ സാധിക്കണം.

എമര്‍ജന്‍സി ഫണ്ടിന്‍റെ അളവാണ് പിന്നീട് പരിശോധിക്കേണ്ട ഒരു ഘടകം. മൂന്നു മുതല്‍ ആറു മാസം വരെയുള്ള ജീവിത ചിലവുകള്‍ക്കും ബാധ്യത തിരിച്ചടവുകള്‍ക്കുമുള്ള തുക എപ്പോഴും എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടതാണ്.

അതുപോലെതന്നെ പരിശോധിക്കേണ്ട ഒരു ഘടകം നിലവിലുള്ള ബാധ്യതകള്‍ തിരിച്ചടക്കുന്നതിന് ആവശ്യമായ ആസ്തി കയ്യിലുണ്ടോ എന്നതാണ്. 50% ത്തില്‍ താഴെയുള്ള ആസ്തി ഉപയോഗിച്ച് ബാധ്യത തീര്‍ക്കാന്‍ സാധിക്കുന്ന അവസ്ഥയാണെങ്കില്‍ നല്ലത് എന്ന് പറയാം. ഇതോടൊപ്പം തന്നെ വരുമാനത്തിന്‍റെ എത്ര ശതമാനത്തോളം പ്രതിമാസ ബാധ്യതാ തിരിച്ചടവിലേക്ക് പോകുന്നു എന്നത് കൂടി നോക്കണം. ഇത് ആകെ വരുമാനത്തിന്‍റെ 30 ശതമാനത്തില്‍ കൂടാതെ ഇരിക്കുന്നതാണ് ഉചിതം.

ഇക്കാര്യങ്ങളോടൊപ്പം പരിശോധിക്കേണ്ട മറ്റൊരു കാര്യമാണ് ഏതൊക്കെ ജീവിതലക്ഷ്യങ്ങള്‍ അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ വരുന്നതെന്ന്. ഈ ജീവിതലക്ഷ്യങ്ങള്‍ക്കുള്ള തുക സമാഹരിക്കാനുള്ള വഴിയും മനസ്സിലാക്കി വയ്ക്കേണ്ടതാണ്. അതോടൊപ്പം പ്രാധാന്യമുള്ളതാണ് റിട്ടയര്‍മെന്‍റിനാ വശ്യമായ തുക സമാഹരിക്കാന്‍ സാധിക്കുന്നുണ്ടോ എന്നത്. റിട്ടയര്‍മെന്‍റ ിന് പ്രാധാന്യം നല്‍കി വേണം മറ്റ് ഏത് ലക്ഷ്യത്തിനുമുള്ള തുക മാറ്റിവയ്ക്കാന്‍. എല്ലാവര്‍ഷവും ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചു പുതുക്കാനും പരിരക്ഷ ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടെങ്കില്‍ മാറ്റങ്ങള്‍ വരുത്തി ആവശ്യമായ പരിരക്ഷ ഉറപ്പുവരുത്താനും മറക്കരുത് . ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം പ്രധാനമാണ് ടാക്സ്, ഗവണ്‍മെന്‍റ് ഫീസുകള്‍ എന്നിവ കൃത്യമായി അടയ്ക്കുക എന്നത്.

ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് എല്ലാം ശരിയായ അനുപാതത്തിലാണ് എന്ന് ഉറപ്പുവരുത്തുകയാണ് സാമ്പത്തിക ചെക്കപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ചെക്കപ്പ് നടത്തി ആവശ്യമായ മുന്‍കരുതുകള്‍ എടുക്കുന്നത് കൂടുതല്‍ സാമ്പത്തിക അച്ചടക്കവും ഭദ്രതയും ഉറപ്പുവരുത്താന്‍ സഹായിക്കും.

First published in Mangalam