ഇന്ന് ലോണ്‍ ഇല്ലാത്തവരോ അല്ലെങ്കില്‍ ഒരിക്കലെങ്കിലും വായ്പയെ ആശ്രയിക്കാത്തവരോ വിരളമായിരിക്കും. കയ്യിലെ സമ്പാദ്യത്തിനേക്കാള്‍ ഉയര്‍ന്ന വിലയുള്ളതെന്തും സ്വന്തമാക്കാന്‍ വായ്പ സഹായിക്കുന്നു എന്നത് ശരിയാണ്. എന്നാല്‍ പരസ്യങ്ങളിലും മറ്റും കാണുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക് കണ്ട് പല ധനകാര്യ സ്ഥാപനങ്ങളെയും സമീപിക്കുമ്പോള്‍ ആ കുറഞ്ഞ പലിശ നിരക്ക് നമുക്ക് ലഭ്യമല്ല എന്ന പ്രതികരണമായിരിക്കും ചിലര്‍ക്കെങ്കിലും ലഭിക്കുക. എന്തുകൊണ്ട് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ആ ഒരു വ്യക്തിക്ക് ലഭിക്കുന്നില്ല എന്നതിന്‍റെ ഒരു കാരണം സിബില്‍ സ്കോര്‍ കുറവാണ് എന്നതായിരിക്കും. പലരും സിബില്‍ സ്കോറിനെ പറ്റി അജ്ഞരാണ് എന്നത് ഒരു വസ്തുതയാണ്. ഇന്ന് ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നതിന് മുമ്പ് ആദ്യപടി എന്നപോലെ പരിശോധിക്കുന്ന ഒരു പ്രധാന ഘടകമാണ് സിബില്‍ സ്കോര്‍. ഇത് ഒരു മൂന്നക്ക നമ്പര്‍ ആണ്. ഈ സ്കോറിന്‍റെ പരിധി 300നും 900നും ഇടയില്‍ ആയിരിക്കും. 900 എന്നത് ഏറ്റവും ഉയര്‍ന്ന സ്കോറാണ്. വായ്പ ലഭിക്കുന്നതിന് ഏറ്റവും മുന്‍ഗണന ലഭിക്കുന്നവരായിരിക്കും ഈ സ്കോറിന് അടുത്തുള്ളവര്‍ . അതുകൊണ്ട് ശരിയായ ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്തുക എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്.
ക്രെഡിറ്റ് സ്കോര്‍ വായ്പകളുടെ തിരിച്ചടവിന്‍റെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന ഒരു റിപ്പോര്‍ട്ട് ആണ്. അതുകൊണ്ടുതന്നെ മുന്‍പ് വായ്പകള്‍ എടുത്തിട്ടില്ല എങ്കില്‍ ക്രെഡിറ്റ് സ്കോര്‍ കാണിക്കുകയില്ല. ക്രെഡിറ്റ് കാര്‍ഡുകളോ അതല്ലെങ്കില്‍ സാധനങ്ങള്‍ ഇഎംഐയില്‍ വാങ്ങിക്കുകയോ ചെയ്താല്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഇത് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ അറിയിക്കും. അങ്ങനെ ഒരു റിപ്പോര്‍ട്ട് ഉണ്ടാകും. തുടര്‍ന്ന് ഇവയുടെ തിരിച്ചടവ് യഥാസമയം നടത്തുകയും ചെയ്താല്‍ ഉയര്‍ന്ന സ്കോര്‍ ഉള്ള റിപ്പോര്‍ട്ടും ലഭിക്കും. ക്രെഡിറ്റ് സ്കോര്‍ 550ന് മുകളിലാണെങ്കില്‍ വായ്പകള്‍ ലഭിക്കും, പക്ഷേ പലിശ നിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഉള്ളതായിരിക്കും നല്‍കുക. ക്രെഡിറ്റ് സ്കോര്‍ 650നും 749നും ഇടയില്‍ ആണെങ്കില്‍ ശരിയായ തിരിച്ചടവ് നടക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നിരുന്നാലും ഏറ്റവും കുറഞ്ഞ പലിശ നിരക്കിന് അര്‍ഹത കിട്ടുകയോ അത് ബാങ്കിനോട് ആവശ്യപ്പെടാന്‍ സാധിക്കുകയോ ഇല്ല. എന്നാല്‍ 850ന് മുകളിലാണ് ക്രെഡിറ്റ് സ്കോര്‍ എങ്കില്‍ മികച്ച സ്കോര്‍ ആയിട്ടാണ് പരിഗണിക്കുന്നത്. ഏറ്റവും കുറഞ്ഞ പലിശ ലഭിക്കാന്‍ അര്‍ഹതയുള്ളവരാണ് ഇക്കൂട്ടര്‍.
വായ്പകളുടെ ശരിയായ തിരിച്ചടവ് ഇല്ലാത്തതാണ് പലപ്പോഴും ക്രെഡിറ്റ് സ്കോര്‍ കുറയാന്‍ കാരണം. അതുപോലെതന്നെ ക്രെഡിറ്റ് കാര്‍ഡും മറ്റുമുള്ളവര്‍ അതില്‍ പറഞ്ഞിരിക്കുന്ന ലിമിറ്റ് മുഴുവനും ഉപയോഗിക്കുന്ന ശീലം ഉണ്ടെങ്കില്‍ അതും ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം. ഒരു വായ്പ എടുക്കുമ്പോള്‍ പല സ്ഥാപനങ്ങളില്‍ പോയി അന്വേഷണം നടത്താറുണ്ട്. അപ്പോള്‍ എല്ലാ സ്ഥാപനങ്ങളും ക്രെഡിറ്റ് സ്കോര്‍ നോക്കുകയും ഇത് സ്കോര്‍ കുറയാന്‍ കാരണമാവുകയും ചെയ്യും. ആവശ്യമുണ്ടെങ്കില്‍ മാത്രം ക്രെഡിറ്റ് സ്കോര്‍ ചെക്ക് ചെയ്യുന്നതാണ് കൂടുതല്‍ അഭികാമ്യം. പല സ്ഥാപനങ്ങളില്‍ നിന്ന് ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുമ്പോള്‍ നിങ്ങള്‍ നോക്കുന്നത് ഒരു വായ്പാണെങ്കില്‍ പോലും വ്യത്യസ്ത വായ്പകളായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതാണ് സ്കോര്‍ കുറയാന്‍ കാരണമാകുന്നത്.
ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്താന്‍ ആകും. അതില്‍ പ്രധാനമാണ് ശരിയായ സമയത്ത് വായ്പകള്‍ തിരിച്ചടക്കുക എന്നത്. തിരിച്ചടവ് തുക എപ്പോഴും മുഴുവനായും അടയ്ക്കാന്‍ ശ്രമിക്കുക. ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ മിനിമം പെയ്മെന്‍റ് അവസരം നല്‍കാറുണ്ട്. ഇത് വിനിയോഗിക്കാതിരിക്കുന്നതാണ് അഭികാമ്യം. അതുപോലെ അനുവദിച്ചിരിക്കുന്ന തുകയുടെ പരിധി മുഴുവനും വിനിയോഗിക്കുന്ന രീതിയും മാറ്റണം. ആവശ്യമില്ലാതെ വായ്പകളെയും മറ്റും ആശ്രയിക്കുന്നതും ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം കൂട്ടുന്നതും ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. അതുകൊണ്ട് ഇവ രണ്ടും ആവശ്യത്തിന് മാത്രം പ്രയോജനപ്പെടുത്തുന്നതാണ് അഭികാമ്യം.
വായ്പകള്‍ ഈടുനല്‍കിയും അല്ലാതെയും എടുക്കാന്‍ സാധിക്കും. ഈ രണ്ടു തരത്തിലുള്ള വായ്പകളും ഇടകലര്‍ത്തി എടുക്കുന്നത് ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്താന്‍ സഹായിക്കും. അതുപോലെ പലരും വിട്ടുപോകുന്ന കാര്യമാണ് ജോയിന്‍റ് ആയി എടുത്തതോ, കോ-പേയ്മെന്‍റോ, ജാമ്യം നിന്നതോ ആയ വായ്പകളുടെ തിരിച്ചടവ് നടക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നത്. ഈ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാലും ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം. അതുകൊണ്ട് ഇത്തരം വായ്പകള്‍ യഥാസമയം തിരിച്ചടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരത്തില്‍ വായ്പകളുടെ കാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മികച്ച ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്താന്‍ സാധിക്കും. അതുവഴി കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ എടുക്കാനും സാധ്യമാകും.
First published in Mangalam