Geojit Financial Services Blog

നിക്ഷേപ വളര്‍ച്ച കണക്കാക്കാന്‍ 2 എളുപ്പ വഴികള്‍

818794926

മ്യൂച്ചല്‍ ഫണ്ട്, ഷെയര്‍ എന്നിവയില്‍ നിക്ഷേപിക്കുവാന്‍ താല്‍പ്പര്യപ്പെടുന്ന മിക്കവര്‍ക്കും കിട്ടുന്ന ഉപദേശങ്ങളില്‍ ഒന്നാണ് ദീര്‍ഘകാലം നിക്ഷേപിക്കണമെന്ന്. ഇങ്ങനെ പറയാനുള്ള കാരണം ഭാവിയില്‍ നിക്ഷേപത്തുക വളര്‍ന്ന് നിക്ഷേപകന് മികച്ച ആസ്തി കൈവരിക്കാന്‍ സാധിക്കുന്നതിന് വേണ്ടി കൂടിയാണ്. കൂട്ടുപലിശയുടെ ശക്തി എന്നത് ലോകാത്ഭുതങ്ങളില്‍ ഒന്നായാണ് സാമ്പത്തിക വിദഗ്ദ്ധര്‍ കണക്കാക്കുന്നത്. പ്രത്യേകിച്ചും ദീര്‍ഘകാല നിക്ഷേപം ആണെങ്കില്‍, മികച്ച വളര്‍ച്ച ലഭിക്കുന്ന നിക്ഷേപം ജീവിതലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആവുംവിധം വളര്‍ന്നുവരുന്നത് നിക്ഷേപകന് കാണാന്‍ സാധിക്കും. നിക്ഷേപം എന്ന നിലയില്‍ കൂട്ടുപലിശ നിങ്ങള്‍ക്ക് കൂടുതല്‍ മെച്ചം നല്‍കുന്നു എങ്കില്‍ കൂട്ടുപലിശ അടിസ്ഥാനത്തില്‍ വാങ്ങിക്കുന്ന വായ്പയ്ക്ക് നേരെ വിപരീത സ്വഭാവമായിരിക്കും. ഇത്തരത്തില്‍ എടുക്കുന്ന വായ്പ തിരിച്ചടവ് മുടക്കം വരുത്തുന്നതോടുകൂടി പലപ്പോഴും പ്രതീക്ഷിക്കുന്നതിലും അപ്പുറത്തേക്ക് പലിശ കൊടുക്കേണ്ട സാഹചര്യം വന്നുചേരും. ഇത് പലപ്പോഴും പലരുടെയും സാമ്പത്തിക അടിത്തറയ്ക്ക് തന്നെ ഉലച്ചില്‍ തട്ടാന്‍ കാരണമായേക്കാം. കൂടുതല്‍ തുക ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുമ്പോള്‍ കൂട്ടുപലിശയുടെ ആനുകൂല്യം കൊണ്ട് ജീവിതലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ ആവശ്യമായ തുക സമാഹരിച്ച് എടുക്കാന്‍ സാധിക്കും. നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പണപ്പെരുപ്പത്തെ അതിജീവിക്കാന്‍ ആവശ്യമായ വളര്‍ച്ച നല്‍കുന്ന നിക്ഷേപം ആണെങ്കില്‍ മാത്രമേ നിക്ഷേപത്തില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ വളര്‍ച്ച ലഭിച്ചു എന്ന് പറയാനാവൂ.


ഒരു നിക്ഷേപത്തില്‍ നിന്ന് ലഭിച്ച വളര്‍ച്ചയും നിക്ഷേപത്തുകയും ചേര്‍ത്ത് വീണ്ടും നിക്ഷേപിച്ച് ഈ രണ്ടു ഘടകത്തിനും വളര്‍ച്ച ലഭിക്കുന്ന രീതിയാണ് കോമ്പൗണ്ടിംഗ് അഥവാ കൂട്ടുപലിശ എന്ന് പറയുന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട് മിക്കവരെയും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു പരസ്യവാചകമാണ് നിക്ഷേപം ഇരട്ടി ആക്കുക എന്നത്. എന്നാല്‍ എത്ര ചെറിയ വളര്‍ച്ച നിരക്ക് ആണെങ്കിലും ഏത് നിക്ഷേപവും ഇരട്ടിയാകും എന്ന യാഥാര്‍ത്ഥ്യം പലപ്പോഴും മേല്‍പ്പറഞ്ഞ പരസ്യവാചകം കേള്‍ക്കുമ്പോള്‍ വിസ്മരിച്ചു പോകുന്നു എന്നതാണ് ശരി. എന്നാല്‍ ചെറിയ രണ്ട് കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ തന്നെ ഒരു നിക്ഷേപത്തിന്‍റെ വളര്‍ച്ച നിക്ഷേപം പ്രതീക്ഷയ്ക്ക് അനുസരിച്ചാണോ അല്ലയോ എന്ന് മനസ്സിലാക്കാനാകും.


റൂള്‍ 72 ഉം, റൂള്‍ 114ഉം നിക്ഷേപത്തെ ഏത് സാധാരണക്കാരനും ലളിതമായി വിശകലനം ചെയ്യാന്‍ സഹായിക്കുന്ന രണ്ടു ഉപാധികളാണ.് ഒരു നിക്ഷേപം എത്ര കാലം കൊണ്ട് ഇരട്ടിയാകും അല്ലെങ്കില്‍ മൂന്നിരട്ടിയാകും എന്ന് മനസ്സിലാക്കാന്‍ ഒരു ചെറിയ വിശകലനം ചെയ്യുന്നതിലൂടെ സാധിക്കും.


ഒരു നിക്ഷേപം എത്ര കാലം കൊണ്ട് ഇരട്ടിയാകും എന്ന് മനസ്സിലാക്കാന്‍ റൂള്‍ 72 ഉപയോഗിക്കാം. ഈ റൂള്‍ പ്രകാരം ഒരു നിക്ഷേപം എത്രനാള്‍ കൊണ്ട് ഇരട്ടിയാകും എന്ന് അറിയാന്‍ 72നെ പ്രതീക്ഷിക്കുന്ന വളര്‍ച്ച നിരക്ക് കൊണ്ട് ഹരിച്ചാല്‍ മതി. അതായത് 10% വളര്‍ച്ച ലഭിക്കുന്ന നിക്ഷേപം എത്ര നാള്‍ കൊണ്ട് ഇരട്ടിയാകും എന്നറിയാന്‍ 7210=7.2. ഈ ഉദാഹരണം പ്രകാരം 7.2 വര്‍ഷം കൊണ്ട് 10% വളര്‍ച്ച ഉള്ള നിക്ഷേപം ഇരട്ടിയാകും. അതുപോലെതന്നെ നിക്ഷേപ കാലാവധി വെച്ച് എത്ര വളര്‍ച്ച നിരക്ക് ലഭിച്ചാല്‍ നിക്ഷേപ തുക ഇരട്ടിയാകും എന്നറിയാന്‍ 72നെ നിക്ഷേപ വര്‍ഷം കൊണ്ട് ഹരിച്ചാല്‍ മതി. അതായത് അഞ്ചുവര്‍ഷമാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ ഈ നിക്ഷേപം ഇരട്ടിയാകാന്‍ 14.40% വളര്‍ച്ച ലഭിക്കണം.


റൂള്‍ 114 എന്നത് റൂള്‍ 72 പോലെ തന്നെയാണ് കണക്കാക്കുന്നത്. ഒരു നിക്ഷേപ തുക 3 ഇരട്ടി ആകാന്‍ എത്രനാള്‍ നിക്ഷേപിക്കണം എന്നറിയാന്‍ 114നെ വളര്‍ച്ച നിരക്ക് കൊണ്ട് ഹരിച്ചാല്‍ മതി. ഇത്തരത്തില്‍ ലളിതമായ ചില വിശകലനങ്ങള്‍ നടത്തി നിക്ഷേപ കാലയളവും ലഭിക്കേണ്ട വളര്‍ച്ചാ നിരക്കും കണക്കാക്കാനാകും.

First published in Mangalam