2024 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ആഴ്ചയിലേക്ക് കടക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ നികുതിയിളവിനായി നിക്ഷേപങ്ങള്‍ നടത്താനുള്ള അവസാന അവസരമാണ് ഈ ആഴ്ചയോടുകൂടി അവസാനിക്കാന്‍ പോകുന്നത്. ആദായനികുതിയില്‍ പല മാറ്റങ്ങളും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാകുമെങ്കിലും ഈ വര്‍ഷത്തെ നികുതിയിളവിനായി ശരിയായ നിക്ഷേപം നടത്താനുള്ള അവസരം ശരിയായി വിനിയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. പുതിയതും പഴയതുമായി രണ്ടുതരത്തില്‍ നികുതി കണക്കാക്കി നികുതി ദായകന് ഏറ്റവും മെച്ചമുള്ള രീതി തിരഞ്ഞെടുക്കാന്‍ ആദായനികുതി വകുപ്പ് അനുവദിക്കുന്നുണ്ട്.
പുതിയ രീതി പ്രകാരം നികുതി ഇളവിനായി പ്രത്യേകം നിക്ഷേപം നടത്താന്‍ നിയമം അനുവദിക്കുന്നില്ല. 80ഇഇഉ(2) പ്രകാരമുള്ള എന്‍പിഎസ് നിക്ഷേപം മാത്രമാണ് നികുതിയളവിനായി വിനിയോഗിക്കാനാകുന്നത്. ഇത് തൊഴില്‍ദാതാവ് പ്രതിമാസം അടക്കുന്ന തുക ആയതുകൊണ്ട് ഈ സാമ്പത്തിക വര്‍ഷം ഇളവ് എടുക്കാന്‍ ഇനി സാധിക്കുകയില്ല.
എന്നാല്‍ പഴയ രീതി പ്രകാരം നികുതിയിളവിനായി പലവിധ നിക്ഷേപങ്ങള്‍ നടത്താവുന്നതാണ്. എല്ലാ നികുതി ഇളവ് ആനുകൂല്യങ്ങളും വിനിയോഗിച്ച ശേഷവും ഏത് രീതിയിലുള്ള ആദായനികുതി കണക്കാക്കിയാല്‍ ആണ് നികുതി ബാധ്യത കുറവ് എന്ന് താരതമ്യം ചെയ്തശേഷം മാത്രം നികുതി ഇളവിനായി നിക്ഷേപിച്ചാല്‍ മതി.
നികുതി ഇളവിനായി മ്യൂച്ചല്‍ ഫണ്ടുകള്‍, എന്‍ പി എസ്, യൂലിപ് പ്ലാനുകള്‍, സ്ഥിരനിക്ഷേപങ്ങള്‍ സുകന്യ സമൃദ്ധി, പിപിഎഫ്, കുട്ടികളുടെ സ്കൂള്‍ ഫീസ്, ഭവനവായയുടെ മുതലിലേക്കുള്ള അടവ്, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിങ്ങനെ വിവിധ നിക്ഷേപങ്ങള്‍ ചേര്‍ത്ത് ഒന്നരലക്ഷം രൂപ വരെ നികുതിയിളവിനായി നിക്ഷേപിക്കാം. ഇതില്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് മൂന്നുവര്‍ഷം ലോക്കിന്‍ പിരീഡ് മാത്രമാണ് ഉള്ളത്. കൂടാതെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കും പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെ നഷ്ട സാധ്യതയും കൂടുതലാണ്. ഈ നിക്ഷേപങ്ങള്‍ കൂടാതെ എന്‍പിഎസില്‍ 50,000 രൂപ വരെ അധികമായി നികുതിയിളവിന് ഉപയോഗിക്കാം. ഭവന വായ്പയിലേക്കുള്ള പലിശ രണ്ട് ലക്ഷം രൂപ വരെ നികുതിയിളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. അതുപോലെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് സാധാരണക്കാര്‍ക്ക് 25000 രൂപ വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് അമ്പതിനായിരം രൂപ വരെയും പ്രീമിയം നികുതിയിളവ് ലഭിക്കും. മാതാപിതാക്കള്‍ക്ക് വേണ്ടി അടയ്ക്കുന്ന പ്രീമിയം പ്രത്യേകം ആനുകൂല്യത്തിനായി വിനിയോഗിക്കാം. ചാരിറ്റി തുകകള്‍ വിദ്യാഭ്യാസ വായ്പയുടെ പലിശ, വീട്ടു വാടക, ചില ഹോസ്പിറ്റല്‍ ബില്ലുകള്‍ എന്നിവയും പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരത്തില്‍ നിക്ഷേപങ്ങളും ആനുകൂല്യങ്ങളും പലതും ഉണ്ടെങ്കിലും ഒരു നികുതി വിദഗ്ധന്‍റെ ഉപദേശപ്രകാരം അനുയോജ്യമായ നിക്ഷേപങ്ങള്‍ മാര്‍ച്ച് 31 തീയതിക്ക് മുമ്പ് ചെയ്യുക എന്നതാണ് പ്രധാനം.
First published in Mangalam