Geojit Financial Services Blog

നന്നായി അറിഞ്ഞു തന്നെയാണോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്?

ഇന്ന് ഒരു ക്രെഡിറ്റ് കാര്‍ഡ് എങ്കിലും ഇല്ലാത്തവര്‍ വിരളമായിരിക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് കുറഞ്ഞ ഡോക്യുമെന്‍റ്സ് കൊടുത്ത് തന്നെ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. കൂടാതെ ബാങ്കുകള്‍ തങ്ങളുടെ ഉപഭോക്തക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിനായി കൂടുതല്‍ ശ്രമിക്കുന്നു എന്നതുകൊണ്ടും ഭൂരിഭാഗം ആളുകളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ആയി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ ക്രെഡിറ്റ് കാര്‍ഡ് നല്ലതാണോ മോശമാണോ എന്ന് നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കും എടുക്കാത്തവര്‍ക്കും ഒരുപോലെ ഉണ്ടാകാന്‍ ഇടയുള്ള സംശയമാണ.് ഇന്ന് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ എളുപ്പമായത് കൊണ്ട് തന്നെ ഇതിന്‍റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആദ്യം തന്നെ ക്രെഡിറ്റ് കാര്‍ഡ് ഏതെല്ലാം വിധത്തില്‍ ഒരാളെ സഹായിക്കുന്നു എന്ന് നോക്കാം.

ക്രെഡിറ്റ് കാര്‍ഡ് കൊണ്ടുള്ള ഏറ്റവും പ്രധാന ഉദ്ദേശ്യം എന്നത് ആവശ്യമുള്ളപ്പോള്‍ ഈ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങളോ സേവനങ്ങളോ വാങ്ങുക എന്നതാണ്. അനുവദനീയമായ തുകയ്ക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും ഇടപാടുകള്‍ നടത്താം. ഇത്തരത്തില്‍ നടത്തുന്ന ഇടപാടുകളുടെ തുക 45 മുതല്‍ 50 ദിവസത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതി. ഈ കാലയളവിനുള്ളില്‍ തിരിച്ചടച്ചാല്‍ വിനിയോഗിച്ച തുകയ്ക്ക് പലിശ നല്‍കേണ്ട എന്നതാണ് ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇനി ഈ തുക ഒറ്റ തവണയായി അടച്ചു തീര്‍ക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ ചില ബില്‍ തുകകള്‍ ഇഎംഐ ആയി മാറ്റി പ്രതിമാസം അടക്കാവുന്നതാണ് എന്നതും ഇതിന്‍റെ ഗുണമാണ്. ഒരാളുടെ മുന്‍കാലത്തിലെ തിരിച്ചടവ് രീതികളും തിരിച്ചടവ് കഴിവും മനസ്സിലാക്കി ഓരോ കാര്‍ഡിലും വിനിയോഗിക്കാവുന്ന പരമാവധി തുക ഉയര്‍ത്തി കൊണ്ടുവരാറുണ്ട്. ഇത് പെട്ടെന്ന് ഉണ്ടാകുന്ന പണത്തിന്‍റെ ആവശ്യകത ഒരു പരിധി വരെ നിറവേറ്റാന്‍ സഹായിക്കും.

ക്രെഡിറ്റ് കാര്‍ഡ് എന്നത് ഈടില്ലാത്ത വായ്പയായാണ് പരിഗണിക്കുന്നത.് അതുകൊണ്ടുതന്നെ കൃത്യമായ തിരിച്ചടവ് ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്താന്‍ സഹായിക്കും. ഇത് ഭാവിയില്‍ മറ്റു വായ്പകള്‍ ബാങ്കില്‍ നിന്ന് ലഭിക്കുന്നത് എളുപ്പമാക്കും. ക്രെഡിറ്റ് സ്കോര്‍ കുറവുള്ളവര്‍ക്ക് അത് ഉയര്‍ത്താന്‍ ക്രെഡിറ്റ് കാര്‍ഡിന്‍റെ ശരിയായ ഉപയോഗം വഴി സാധിക്കും.

ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരാളുടെ കയ്യിലുള്ള മറ്റ് ക്രെഡിറ്റ് കാര്‍ഡുകളുടെ ബില്ലടയ്ക്കാന്‍ അനുവദിക്കും. അതുപോലെ തന്നെ ആകെ അനുവദനീയമായ തുകയുടെ ചെറിയൊരു ഭാഗം പണമായി പിന്‍വലിക്കാന്‍ ആകും. എന്നാല്‍ ഇങ്ങനെ പിന്‍വലിക്കുമ്പോള്‍ പലിശ അടക്കേണ്ടി വരും എന്ന കാര്യം കൂടി ഓര്‍മ്മയില്‍ ഉണ്ടാകണം.

മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ക്ക് പുറമേ മിക്ക കമ്പനികളും ഓണ്‍ലൈന്‍ വെബ്സൈറ്റുകളും ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വാങ്ങലുകള്‍ക്ക് പ്രത്യേക ഡിസ്കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കാറുണ്ട്. കൂടാതെ ഓരോ ഇടപാടുകള്‍ക്കും വിനിയോഗിക്കുന്ന തുകയ്ക്ക് അനുസരിച്ച് റിവാര്‍ഡ് പോയിന്‍റുകളും ക്യാഷ് ബാക്കുകളും നല്‍കാറുണ്ട്. ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നതിനു മുന്‍പ് കാര്‍ഡില്‍ ഉള്ള ആനുകൂല്യങ്ങളും മറ്റു പ്രത്യേകതകളും കൃത്യമായി മനസ്സിലാക്കി അനുയോജ്യമായ കാര്‍ഡ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇടപാടുകള്‍ കൃത്യമായി രേഖപ്പെടുത്തി പ്രതിമാസം ബില്ല് ക്രെഡിറ്റ് കാര്‍ഡ് കമ്പനി അയച്ചുതരും. ഇതില്‍ നിന്നും ഓരോ മാസത്തെ ചിലവുകള്‍ കൃത്യമായി വിശകലനം ചെയ്യാന്‍ സാധിക്കും.


മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ക്ക് പുറമേ ചില ദോഷവശങ്ങള്‍ കൂടി ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് അധിക ചെലവിനുള്ള സാധ്യത. മുന്‍കൂട്ടി തന്നിരിക്കുന്ന പരിധിക്കുള്ളില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ വരാന്‍ പോകുന്ന വരുമാനം ഇന്നുതന്നെ ചിലവാക്കുകയാണ് എന്ന് ബോധ്യം മനസ്സില്‍ ഉണ്ടാവണം. അനുവദനീയപരിധി എന്നത് ഒരു വ്യക്തിയുടെ പ്രതിമാസത്തെ വരുമാനത്തേക്കാള്‍ കൂടുതല്‍ ആയിരിക്കും. അതുകൊണ്ട് വരുമാനത്തിനനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് വിനിയോഗം നിയന്ത്രിച്ചില്ല എങ്കില്‍ വലിയ കടബാധ്യതയിലേക്ക് പോകാന്‍ ഇടയാകും. ഇനി 45 മുതല്‍ 50 ദിവസം വരെ പലിശ ഇല്ലാതെ തുക വിനിയോഗിക്കാമെങ്കിലും അതിനുള്ളില്‍ കൃത്യമായി തുക തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉയര്‍ന്ന നിരക്കില്‍ പലിശ കൊടുക്കേണ്ടിവരും. അതുപോലെ പല കാര്‍ഡുകളും വാര്‍ഷിക ഫീസും ചില ഇടപാടുകള്‍ക്ക് ചാര്‍ജും വരാന്‍ ഇടയുണ്ട്. ഈ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി അതുപോലെ തന്നെ ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളും തിരിച്ചടവും സ്റ്റേറ്റ്മെന്‍റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും കൃത്യമായി മനസ്സിലാക്കണം. ഉദാഹരണം ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ കാണുന്ന ഒരു വാക്കാണ് മിനിമം ഡ്യൂ. പലരും ഇത് കണ്ട് തെറ്റിദ്ധരിച്ച് ഈ തുക മാത്രം അടച്ചു പോകാറുണ്ട്. പിന്നീട് വലിയ ചാര്‍ജുകള്‍ വരുമ്പോള്‍ മാത്രമാണ് ഇതിന്‍റെ ശരിയായ ഉദ്ദേശം എന്തായിരുന്നു എന്ന് മനസ്സിലാക്കുക.

ക്രെഡിറ്റ് കാര്‍ഡുകള്‍ പണം പിന്‍വലിക്കാന്‍ ഉള്ളതല്ല പകരം ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയുള്ളതാണ.് അതുകൊണ്ടുതന്നെ ഈ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചാല്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടിവരും. ക്രെഡിറ്റ് കാര്‍ഡുകള്‍ വ്യക്തിഗത സാമ്പത്തിക കാര്യങ്ങളെ സഹായിക്കുന്ന ഒരു പ്രധാന സാമ്പത്തിക സ്രോതസ്സായി വിനിയോഗിക്കാം. എങ്കിലും ശരിയായ രീതിയില്‍ അച്ചടക്കത്തോടെ ഉപയോഗിച്ചില്ല എങ്കില്‍ സാമ്പത്തിക അടിത്തറയ്ക്ക് തന്നെ കോട്ടം വരാന്‍ സാധ്യതയുണ്ട.് അതുകൊണ്ട് ശരിയായ രീതിയില്‍ ഉള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം നടത്തി മാത്രം മുന്നോട്ട് പോകാന്‍ ശ്രദ്ധിക്കുക.

First published in Mangalam