Geojit Financial Services Blog

തയ്യാറാക്കാം കുടുംബ ബജറ്റ്

A family playing at the edge of the sea in Northumberland

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നമ്മുടെ രാജ്യത്ത് പ്രതീക്ഷിക്കുന്ന വരവ് ചിലവുകള്‍ എത്രയെന്ന് കണക്കാക്കി
അതിനനുസരിച്ചുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ബഡ്ജറ്റ് അവതരണം ഫെബ്രുവരി ഒന്നാം തീയതി നടക്കാന്‍ പോകുകയാണ്. ഇതില്‍ ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ എന്താണ് പറയാന്‍ പോകുന്നത് എന്ന് രാജ്യവും ലോകവും ഒരുപോലെ കാത്തിരിക്കുകയാണ്. ഈ ബഡ്ജറ്റിലെ പ്രഖ്യാപനങ്ങള്‍ ഏതു രീതിയില്‍ പോകുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് അടുത്ത സാമ്പത്തിക വര്‍ഷത്തെ നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇതുപോലെ കുടുംബത്തിലെ വരവ് ചിലവ് കണക്കുകള്‍ കൃത്യമായി മനസ്സിലാക്കി അതാതു വര്‍ഷത്തിനു വേണ്ട ഒരു കുടുംബ ബജറ്റ് ശരിയാക്കുകയാണെങ്കില്‍ അനാവശ്യ ചിലവുകള്‍ ഒഴിവാക്കി കൂടുതല്‍ തുക മിച്ചം പിടിക്കാന്‍ സാധിക്കും.

ഒരു കുടുംബ ബജറ്റ് ഉണ്ടാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് അത്യാവശ്യ ജീവിത ചിലവുകള്‍ക്ക് വേണ്ടി മാത്രം തുക മാറ്റിവെച്ച്, എല്ലാത്തര വിനോദങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി, ബാക്കി തുക മുഴുവന്‍ നിക്ഷേപങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുക എന്നല്ല. ജീവിത ചിലവുകള്‍ക്കും വിനോദങ്ങള്‍ക്കും വിജ്ഞാനത്തിനും എല്ലാമുള്ള തുക കൃത്യമായി വകയിരുത്തി വേണം ബഡ്ജറ്റ് തയ്യാറാക്കാന്‍. ഒരു കുടുംബ ബഡ്ജറ്റ് ഉണ്ടാക്കുമ്പോള്‍ പലകാര്യങ്ങളും ശ്രദ്ധിച്ചു വേണം തീരുമാനത്തില്‍ എത്താന്‍. വരവ് ചിലവുകള്‍ മനസ്സിലാക്കുക എന്നതാണ് ആദ്യപടി.

ഇന്ന് കൂടുതല്‍ ആളുകളും സാധനങ്ങള്‍ വാങ്ങുമ്പോള്‍ പണമായി നല്‍കുന്നതിന് പകരം ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ പോലുള്ള യുപിഐ ആപ്പുകള്‍ വഴിയാണ് തുക കൈമാറുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷങ്ങളിലെ ചിലവുകള്‍ മനസ്സിലാക്കാന്‍ പഴയ ബാങ്ക് സ്റ്റേറ്റ്മെന്‍റുകളോ അല്ലെങ്കില്‍ ഇത്തരം ആപ്പുകളില്‍ ഉള്ള സ്റ്റേറ്റ്മെന്‍റുകളോ വിശകലനം ചെയ്താല്‍ മതിയാകും. ഈ സ്റ്റേറ്റ്മെന്‍റുകളില്‍ നിന്ന് എവിടെയാണ് കൂടുതല്‍ ചിലവ് വന്നത് എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.

വരുമാനം വരുന്നത് പ്രധാനമായും ഒന്നോ രണ്ടോ സ്ഥലത്തുനിന്ന് ആയതുകൊണ്ട് പലര്‍ക്കും വരുമാനം എത്രയുണ്ടാകും എന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും മാര്‍ഗം ഉണ്ടെങ്കില്‍ അതുകൂടെ കണക്കിലെടുത്ത് ബഡ്ജറ്റ് തയ്യാറാക്കാം. അതോടൊപ്പം ചിലവുകള്‍ അതിന്‍റെ പ്രാധാന്യം അനുസരിച്ച് ആവശ്യമായ തുക വകയിരുത്തുന്നതിനും മറക്കരുത്. വായ്പ തിരിച്ചടവ്, മറ്റു തിരിച്ചടവുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ യഥാസമയം അടയ്ക്കേണ്ടതും മുന്‍കൂട്ടി അറിയാവുന്നതും ആയതുകൊണ്ട് ഇവയ്ക്കുള്ള തുക അതാതു മാസം കൃത്യമായി മാറ്റി വയ്ക്കണം.

വരവ് ചിലവുകള്‍ കൃത്യമായി കണ്ടെത്തിയാല്‍ ഓരോ മാസവും എത്ര തുക മിച്ചം പിടിക്കാന്‍ ഉണ്ടാകും എന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഉദ്ദേശിച്ച തുക മിച്ചം പിടിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ വരവു ചിലവുകളെ ഒന്നുകൂടി പുനപരിശോധിച്ചിട്ട് വേണ്ട മാറ്റങ്ങള്‍ വരുത്താവുന്നതാണ.് പിടിക്കാന്‍ സാധിക്കുന്ന തുക നിക്ഷേപത്തിലേക്ക് മാറ്റാനും ശ്രദ്ധിക്കണം. ഉണ്ടാക്കിയാല്‍ മാത്രം പോരാ അത് പ്രാവര്‍ത്തികമാക്കുക കൂടെ ചെയ്യണം. ഇതിനായി കൃത്യമായ ഇടവേളകളില്‍ ബഡ്ജറ്റില്‍ നിങ്ങള്‍ തന്നെ ഇട്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന വിലയിരുത്തല്‍ അത്യാവശ്യമാണ.്

തുടര്‍ച്ചയായ വിലയിരുത്തലിലൂടെ എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ഉണ്ടെങ്കില്‍ അങ്ങനെ ചെയ്യാവുന്നതാണ്. പരമാവധി ആദ്യത്തെ ബഡ്ജറ്റ് അനുസരിച്ച് തന്നെ മുന്നോട്ടു പോകുന്നതാണ് കൂടുതല്‍ അഭികാമ്യം എന്നിരുന്നാലും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വരവും ചിലവുകളുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന പ്ലാന്‍ ആയിരുന്നതുകൊണ്ട് ചില മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബഡ്ജറ്റില്‍ ഉള്ള കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കണമെങ്കില്‍ കുടുംബത്തിലെ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. അതുകൊണ്ട് കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു ബഡ്ജറ്റ് ഉണ്ടാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

First published in Mangalam