Geojit Financial Services Blog

ജീവിതത്തില്‍ കൊണ്ടുവരാം സാമ്പത്തിക അച്ചടക്കം

Hand arranging wood block with healthcare medical icon. Health insurance - concept.

വരുമാനം ഏത് രീതിയില്‍ ലഭിക്കുന്നതുമാകട്ടെ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. വരുമാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ജീവിത നിലവാരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെങ്കിലും അതിന്‍റെ ശരിയായ വിനിയോഗമാണ് ഒരു വ്യക്തിയുടെ സാമ്പത്തിക വിജയത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഉയര്‍ന്ന വരുമാനം ഉണ്ടായിട്ടും വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് പോകുന്ന പല സംഭവങ്ങളും നമ്മുടെ ചുറ്റും നടക്കുന്നുണ്ട്. ഇത് പല കാര്യങ്ങള്‍ കൊണ്ടാകാമെങ്കിലും എല്ലാത്തിന്‍റെയും പ്രധാനകാരണം എന്നത് വരുമാനവും നിക്ഷേപങ്ങളും ശരിയായ രീതിയില്‍ വിനിയോഗിക്കാത്തതാണ.് താഴെപ്പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മികച്ച സാമ്പത്തിക അച്ചടക്കം ജീവിതത്തില്‍ കൊണ്ടുവരാനാകും.

സാമ്പത്തിക ആസൂത്രണം

സാമ്പത്തിക അച്ചടക്കം ജീവിതത്തില്‍ കൊണ്ടുവരാനുള്ള പ്രധാന മാര്‍ഗ്ഗം സാമ്പത്തിക ആസൂത്രണം നടത്തുക എന്നതാണ.് സാമ്പത്തിക ആസൂത്രണത്തില്‍ എല്ലാ സാമ്പത്തിക കാര്യങ്ങളും വരുമെങ്കിലും പ്രധാന കാര്യം വരവ് ചിലവുകള്‍ മനസ്സിലാക്കി നിക്ഷേപത്തിന് നീക്കി വയ്ക്കാവുന്ന തുക കണ്ടെത്തുന്നതോടൊപ്പം ആ തുക കൃത്യമായി നിക്ഷേപിക്കുക എന്നതാണ.് ഇതോടൊപ്പം ജീവിതലക്ഷ്യങ്ങള്‍ യഥാസമയം കൈവരിക്കുന്നതിന് നിക്ഷേപ തുക പര്യാപ്തമാണോ എന്ന് പരിശോധിക്കണം. ശരിയായ രീതിയില്‍ നടക്കുന്നില്ല എങ്കില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താനും മടി കാണിക്കരുത.് എത്തിപ്പിടിക്കാന്‍ പറ്റുന്ന ലക്ഷ്യങ്ങളാണ് എന്ന വിശ്വാസം ഉണ്ടായാല്‍ മാത്രമേ നിക്ഷേപിക്കാനും ഉത്സാഹം ഉണ്ടാവുകയുള്ളൂ.

അസറ്റ് അലോക്കേഷന്‍

എല്ലാ നിക്ഷേപവും ഒരേ സ്വഭാവമുള്ള പദ്ധതികളില്‍ നിക്ഷേപിക്കുന്നത് ഉചിതമല്ല. ഒരു വ്യക്തിയുടെ റിസ്ക് എടുക്കാനുള്ള കഴിവിനനുസരിച്ചും നിക്ഷേപ കാലാവധിക്കനുസരിച്ചും വൈവിധ്യം ഉള്ള നിക്ഷേപങ്ങള്‍ തിരഞ്ഞെടുത്താല്‍ മാത്രമേ നഷ്ട സാധ്യത കുറച്ച് പരമാവധി വളര്‍ച്ച നിക്ഷേപങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. പൊതുവേ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ വിനിയോഗിക്കാം. എന്നാല്‍ അഞ്ചുവര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് നഷ്ടസാധ്യത കുറവുള്ള ബോണ്ടുകള്‍, സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയാകും കൂടുതല്‍ അനുയോജ്യം. നിക്ഷേപങ്ങളുടെ വൈവിധ്യവല്‍ക്കരണം ജീവിതലക്ഷ്യങ്ങള്‍ യഥാസമയം കൈവരിക്കാന്‍ സഹായിക്കുന്നതോടൊപ്പം നഷ്ട സാധ്യത കുറയ്ക്കാനും സഹായിക്കും.

എമര്‍ജന്‍സി ഫണ്ട്
നിക്ഷേപങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് ആവശ്യമായ എമര്‍ജന്‍സി ഫണ്ട് കരുതി വയ്ക്കുക എന്നത് പ്രധാനമാണ്. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്കുള്ള തുക കണ്ടെത്താന്‍ എമര്‍ജന്‍സി ഫണ്ടുകള്‍ സഹായിക്കും. പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കാതെ വരുന്ന സാഹചര്യം കൈകാര്യം ചെയ്യാന്‍ എമര്‍ജന്‍സി ഫണ്ട് സഹായിക്കും. കുറഞ്ഞത് നാലു മാസത്തേക്കുള്ള ജീവിത ചിലവുകള്‍, ബാധ്യതയുടെ തിരിച്ചടവ് എന്നിവയ്ക്കുള്ള തുക ഇതിനായി നീക്കി വയ്ക്കണം.

ഇന്‍ഷുറന്‍സ്
ചികിത്സ ചിലവുകള്‍ ഉയര്‍ന്നുവരുന്ന ഇക്കാലത്ത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുക എന്നത് പ്രധാനമാണ്. പലപ്പോഴും ചികിത്സാചിലവ് ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവരെ പോലും സാമ്പത്തികമായി തകര്‍ക്കുന്നതാണ്. അതുകൊണ്ട് കുടുംബത്തിലെ എല്ലാവരും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ളില്‍ വരുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

അതുപോലെതന്നെ കുടുംബത്തിലെ വരുമാന സ്രോതസ്സ് ആയ വ്യക്തികളുടെ പേരില്‍ ലൈഫ് ഇന്‍ഷുറന്‍സ് എടുക്കണം. ഇത് ആകസ്മികമായി ഉണ്ടാകുന്ന വേര്‍പാടുകളില്‍ നിന്ന് തങ്ങളുടെ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കാന്‍ സഹായിക്കും.

First published in Mangalam