Geojit Financial Services Blog

ഗൂഗിളിന്‍റെയും ആപ്പിളിന്‍റെയും ഓഹരി വാങ്ങണോ? വഴിയുണ്ട്

Money and apple on antique metal scales, against a lit blue background. The money is shown to be worth less than the apple because the apple pushes the scale lower. The apple is a golden delicious. The money pictured is six tall stacks of change. There is also loose change on the table around the scale.

ഈയിടെ ഒരു സുഹൃത്ത് ചോദിച്ച ചോദ്യമാണ്. ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഇടപാടുകള്‍ നടത്തുന്നതിനെക്കുറിച്ച് എനിക്ക് ഏകദേശ ധാരണയുണ്ട്. ഇനി അറിയേണ്ടത് യു എസ് മാര്‍ക്കറ്റില്‍ നിന്നും ലോക പ്രശസ്ത കമ്പനികളായ ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് മുതലായവയുടെ ഓഹരികള്‍ എങ്ങനെ വാങ്ങാമെന്നതിനെക്കുറിച്ചാണ്. ഇത് സാധ്യമാണോ സാധ്യമെങ്കില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്?

ഉത്തരം

ഇന്ത്യന്‍ വിപണിയിലേതെന്ന പോലെ വിദേശ വിപണികളിലും ഇടപാടുകള്‍ നടത്താനുള്ള സൗകര്യം താരതമ്യേന ലളിതമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് തീര്‍ത്തും സാധ്യമാണ്. ഇന്ത്യയിലിരുന്നുകൊണ്ട് പ്രധാനമായും രണ്ടു തരത്തില്‍ യു എസ് ഓഹരികളില്‍ നിക്ഷേപം നടത്താം.
1 ഓവര്‍സീസ് ബ്രോക്കിംഗ് കമ്പനികള്‍ വഴി യു എസ് ഓഹരികളില്‍ നേരിട്ട് നടത്തുന്ന നിക്ഷേപം.
2 നേരിട്ടല്ലാതെ മ്യൂച്വല്‍ ഫണ്ടുകളോ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളോ വഴി നടത്തുന്ന നിക്ഷേപം.
ډ രാജ്യത്തിനകത്ത് പ്രവര്‍ത്തിച്ചുവരുന്ന മുന്‍നിര ബ്രോക്കിംഗ് സ്ഥാപനങ്ങളില്‍ മിക്കവയും വിദേശ കമ്പനികളുടെ ഓഹരികള്‍ വാങ്ങാനാഗ്രഹിക്കുന്ന നിക്ഷേപകരുടെ സേവനം ഉറപ്പുവരുത്തുവാനായി വിദേശ ബ്രോക്കിംഗ് സ്ഥാപനങ്ങളുമായി ടൈ അപ്പ് ഉള്ളവരാണ്. ഇന്ത്യക്കാരായ നിക്ഷേപകരെയും വിദേശ ബ്രോക്കിംഗ് കമ്പനികളെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരായി നമ്മുടെ ആഭ്യന്തര ബ്രോക്കിംഗ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു എന്നര്‍ഥം. വിദേശ ബ്രോക്കിംഗ് കമ്പനിയുടെ വ്യവസ്ഥകള്‍ അനുസരിച്ചും അവര്‍ ഈടാക്കുന്ന ചാര്‍ജുകള്‍ നല്‍കിയും, കറന്‍സി വിനിമയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിച്ചും നിക്ഷേപം നടത്താം.

മുകളില്‍ പറഞ്ഞ രീതിയില്‍ ആഭ്യന്തര ബ്രോക്കിംഗ് കമ്പനികളുടെ സഹായമില്ലാതെ നേരിട്ട് വിദേശ ബ്രോക്കിംഗ് സ്ഥാപനങ്ങളില്‍ ഒരു ഓവര്‍സീസ് ട്രേഡിംഗ് എക്കൗണ്ട് ആരംഭിച്ചും ഇടപാടുകള്‍ നടത്താവുന്നതാണ്. പക്ഷെ നടപടിക്രമങ്ങള്‍ താരതമ്യേന കൂടുതലാവുമെന്ന് മാത്രം.
ചാള്‍സ് ഷ്വാബ്, അമേരി ട്രേഡ് തുടങ്ങിയ വമ്പന്‍ വിദേശ ധനകാര്യ സേവന സ്ഥാപനങ്ങളെല്ലാം ഈ സേവനം ലഭ്യമാക്കി വരുന്നുണ്ട്. ഇടപാടുകള്‍ ആരംഭിക്കുന്നതിന് മുമ്പ് സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഫീസ്, മറ്റു ചാര്‍ജുകള്‍ മുതലായവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുന്നത് നല്ലതായിരിക്കും.
ډ വിദേശ ബ്രോക്കിംഗ് കമ്പനികളുടെ സഹായത്താല്‍ നേരിട്ട് ഓഹരികളില്‍ നിക്ഷേപിക്കാതെ മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയോ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ വഴിയോ വിദേശ കമ്പനികളുടെ ഓഹരികളില്‍ പങ്കാളിത്തം നേടിയെടുക്കാനുള്ള സൗകര്യവും ഇപ്പോള്‍ നിലവിലുണ്ട്. നിരവധി ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് അമേരിക്കയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ വിപണിയില്‍ നിക്ഷേപം നടത്തിവരുന്ന സ്കീമുകളുണ്ട്. ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തങ്ങളുടെ നിക്ഷേപം ആഗോള പ്രശസ്തിയാര്‍ജിച്ച വിദേശ കമ്പനികളിലും നടത്തി ഡൈവേഴ്സിഫിക്കേഷന്‍ സാധ്യമാക്കുക എന്നതാണ് നിക്ഷേപകര്‍ പിന്തുടരുന്ന രീതി. അതുവഴി നിക്ഷേപത്തിനുള്ള റിസ്ക് കുറച്ചുകൊണ്ടുവരികയും ചെയ്യാം. മ്യൂച്വല്‍ ഫണ്ടുകളെക്കൂടാതെ ഓവര്‍സീസ് ട്രേഡിംഗ് എക്കൗണ്ട് വഴി യു എസ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലോ, അന്താരാഷ്ട്ര ഇന്‍ഡെക്സുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ ഇ ടി എഫുകളിലോ നിക്ഷേപിക്കുക വഴിയും വിദേശ ഓഹരികളില്‍ പങ്കാളിത്തം നേടാം.

ചോദ്യം
വിദേശ കമ്പനികളുടെ ഓഹരികളില്‍ വ്യക്തികള്‍ക്ക് നിക്ഷേപിക്കാവുന്ന തുകയ്ക്ക് വല്ല പരിധിയും നിശ്ചയിച്ചിട്ടുണ്ടോ ?
ഉത്തരം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം വ്യവസ്ഥ പ്രകാരം ഒരു വ്യക്തിക്ക് വിദേശ കമ്പനികളുടെ ഓഹരികളില്‍ ഒരു സാമ്പത്തിക വര്‍ഷം നിക്ഷേപിക്കാവുന്ന പരമാവധി തുക 2,50,000 യു എസ് ഡോളര്‍ (എതാണ്ട് 1.95 കോടി രൂപ) ആയി നിജപ്പെടുത്തിയിട്ടുണ്ട്.

First published in Malayala Manorama