Geojit Financial Services Blog

കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളില്‍ വീഴാതെ ആവശ്യമറിഞ്ഞ് ചിലവ് ചെയ്യാം

കമ്പനികളും ഷോപ്പുകളും ഏറ്റവും കൂടുതല്‍ ഓഫറുകള്‍ നല്‍കുന്ന സമയമാണ് ഓണക്കാലം. മലയാളികളെല്ലാവരും ഒന്നുപോലെ ആഘോഷിക്കുന്ന മറ്റൊരു ആഘോഷവും ഇല്ലാത്തതുകൊണ്ട് ഈ അവസരത്തില്‍ പരമാവധി ആളുകളെ തങ്ങളുടെ കടകളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടി ധാരാളം ഓഫറുകളും പരസ്യങ്ങളുമാണ് എല്ലാ പ്രമുഖ സ്ഥാപനങ്ങളും നല്‍കുന്നത്. ഇത്തരം ഓഫറുകളിലും പരസ്യങ്ങളിലും ആകര്‍ഷകരായി ആവശ്യമുള്ളതും ഇല്ലാത്തതുമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് പലപ്പോഴും ചെയ്യുന്നത്.
എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗുകളുടെ ആവിര്‍ഭാവത്തോടെ ആളുകളുടെ ഷോപ്പിംഗ് രീതി തന്നെ മാറിയെന്നു പറയാം. പല ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഷോപ്പുകളില്‍ ഉള്ളവയെക്കാള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈന്‍ ആയി ലഭ്യമാകാന്‍ തുടങ്ങിയതോടുകൂടി, പലരും ഷോപ്പിംഗിനായി ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങി. എന്നാല്‍ പലര്‍ക്കും, പ്രത്യേകിച്ച് മുതിര്‍ന്ന തലമുറയ്ക്ക് ഏത് രീതിയില്‍ വാങ്ങിക്കുന്നതാണ് മികച്ചത് എന്ന സംശയം ബാക്കിനില്‍ക്കുകയാണ്. ഇത്തരം ഒരു ചോദ്യത്തിന് കൃത്യമായി ഉത്തരം നല്കാന്‍ സാധിക്കുകയില്ല എന്നതാണ് യാഥാര്‍ഥ്യം. രണ്ട് തരത്തിലുള്ള ഷോപ്പിംഗിനും അതിന്‍റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. എന്നിരുന്നാലും ബ്രാന്‍ഡഡ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവയുടെ യഥാര്‍ത്ഥ വിലയും ഗുണമേډയും അറിയാവുന്നതുകൊണ്ട് വിലക്കുറവും മികച്ച ഓഫറുകളും നോക്കി നമുക്ക് മെച്ചമുള്ള സ്ഥലത്തു നിന്ന് ഷോപ് ചെയ്യാവുന്നതാണ്. എന്നാല്‍ ബ്രാന്‍ഡഡ് അല്ലാത്തവ വാങ്ങുമ്പോള്‍ വിലകുറവ് മാത്രം നോക്കി വാങ്ങിയാല്‍ ചിലപ്പോള്‍ ഗുണമേډ അത്ര മികച്ചതായിരിക്കില്ല. അതുകൊണ്ട് ഇത്തരം സാധനങ്ങള്‍ നേരിട്ട് കണ്ട് വാങ്ങുന്നതാവും കൂടുതല്‍ മെച്ചം. കൂടാതെ ഇവയുടെ യഥാര്‍ത്ഥ വില നമുക്ക് മനസിലാക്കാനും ബുദ്ധിമുട്ടായിരിക്കും.
ഷോപ്പുകളില്‍ നിന്ന് വാങ്ങുബോള്‍ ഓരോ ഉത്പന്നങ്ങളുടെയും ഉപയോഗിക്കുന്ന രീതിയും സര്‍വ്വീസ്, വാറന്‍റി എന്നിവ കൃത്യമായി സെയില്‍സില്‍ നില്‍ക്കുന്ന ആള്‍ നമുക്ക് പറഞ്ഞു മനസിലാക്കി തരും എന്നാല്‍ ഓണ്‍ലൈന്‍ ഷോപ് ചെയ്യുമ്പോള്‍ ഓരോ മോഡലിന്‍റെയുമുപയോഗം, അവയുടെ ഫീച്ചറുകള്‍, വാറന്‍റി, സര്‍വ്വീസ് സെന്‍ററുകള്‍ എന്നിവ നമ്മള്‍ തന്നെ നോക്കി മനസിലാക്കേണ്ടിവരും. കൃത്യമായി ഒരു ഉല്‍പ്പന്നത്തെകുറിച്ച് അറിവ് ഇല്ലെങ്കില്‍ ഷോപ്പുകളില്‍ നിന്ന് നേരിട്ട് വാങ്ങുന്നതാവും കൂടുതല്‍ അഭികാമ്യം.
പലപ്പോഴും കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും ഓഫറുകളും കാണുമ്പോള്‍ ഏത് വാങ്ങിക്കണം എത്ര വാങ്ങണം എന്നുള്ള ആശയക്കുഴപ്പത്തിലായിരിക്കും പലരും ഉണ്ടാവുക. എത്ര ഓഫാറുകള്‍ തന്നാലും അതിനുള്ള പണം നമ്മള്‍തന്നെയാണ് നല്‍കേണ്ടത് എന്ന ചിന്ത ആണ് ആദ്യം മനസ്സില്‍ ഉണ്ടാവേണ്ടത്. ഷോപ്പിംഗിനായി പണം ചിലവഴിക്കുന്നതിനു മുന്‍പ് ഒരു ബഡ്ജറ്റ് ഉണ്ടാക്കി അതിനുള്ളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ ഒരു പരിധിവരെ അനാവശ്യ ചിലവ് കുറയ്ക്കാനാകും. ഇന്ന് ക്രെഡിറ്റ് കാര്‍ഡുകളും തവണ വ്യവസ്ഥയിലും അടയ്ക്കാവുന്ന സ്കീമുകളും ധാരാളം ഉണ്ട്. ക്രെഡിറ്റ് കാര്‍ഡില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അടുത്ത മാസങ്ങളില്‍ നമുക്ക് ലഭിക്കാനിടയുള്ള വരുമാനമാണ് ഇന്ന് ചിലവാക്കുന്നത് എന്ന കാര്യം മറന്നു പോകരുത്. എന്നാല്‍ മികച്ച ഓഫറുകള്‍ക്കും പോയിന്‍റിനുമായി ക്രെഡിറ്റുകാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നത് നല്ലതാണ്. ഇത് പോലെ നമ്മുടെ കയ്യില്‍ ഉള്ള കാര്‍ഡുകളെ അവയുടെ ഫീച്ചറുകള്‍ അനുസരിച്ച് ബുദ്ധിപൂര്‍വം വിനിയോഗിക്കാനായാല്‍ നേട്ടമുണ്ടാക്കാനും സാധിക്കും.
നമ്മുടെ ആവശ്യങ്ങള്‍ അറിഞ്ഞ് വേണ്ട സാധങ്ങള്‍ മാത്രം വാങ്ങുക എന്നതാണ് ഷോപ്പിംഗ് ചെയുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അല്ലാത്ത പക്ഷം വാങ്ങിയ സാധങ്ങള്‍ വെറുതെ വീട്ടില്‍ വച്ച് പൊടിപിടിച്ച് കളയാന്‍ മാത്രമേ ഉപകരിക്കൂ. അതുകൊണ്ട് വരുമാനം അനുസരിച്ച് ധാരാളിത്തം ഒഴിവാക്കി ഷോപ്പ് ചെയ്യാന്‍ ശ്രദ്ധിച്ചാല്‍ ബാക്കി തുക ജീവിത ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിക്ഷേപിക്കാന്‍ ഉപകരിക്കും.

First Published in Mangalam