Geojit Financial Services Blog

ഐ പി ഒ 2022 – ഒരു തിരിഞ്ഞുനോട്ടം

പബ്ലിക് ഇഷ്യുകളുടെ എണ്ണവും ഇഷ്യുവഴി സമാഹരിക്കപ്പെട്ട തുകയുടെ വലിപ്പവും കണക്കിലെടുക്കുമ്പോള്‍ 2022 എന്നത് ഐ പി ഒ വിപണിയെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വര്‍ഷമായിരുന്നുവെന്ന് പറയാന്‍ സാധ്യമല്ല. ഐ പി ഒയുടെ ചരിത്രത്തില്‍ ഇഷ്യുകളുടെ എണ്ണത്തിലും (മൊത്തം 63 ഇഷ്യു) സമാഹരിക്കപ്പെട്ട തുകയിലും (1.2 ലക്ഷം കോടി രൂപ) സര്‍വകാല റെക്കോഡ് ആണ് 2021ല്‍ എഴുതിച്ചേര്‍ക്കപ്പെട്ടതെങ്കില്‍ 2022ലേക്ക് വന്നാല്‍ അവ യഥാക്രമം 39 ഇഷ്യുകളും 60,000 കോടി രൂപയ്ക്ക് താഴെ വരുന്ന തുക സമാഹരണത്തിലേക്കും താഴ്ന്നുവെന്ന കാഴ്ചയാണ് വര്‍ഷാവസാനം കണ്ടത്.

റഷ്യ – ഉക്രൈന്‍ യുദ്ധം കുറച്ചുകാലത്തേക്കെങ്കിലും നീണ്ടു പോയതും അമേരിക്കയില്‍ സാമ്പത്തികമാന്ദ്യം ഉണ്ടായേക്കാമെന്നും അതിന്‍റെ ചുവടു പിടിച്ച് ആഗോളതലത്തിലും മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതുമൊക്കെ ഐ പി ഒ വിപണിയിലെ ആവേശം തെല്ലൊന്നു കുറച്ചു എന്നു വേണം കരുതാന്‍.
പോയ വര്‍ഷം 39 ഐ പി ഒകള്‍ വിപണിയിലിറങ്ങിയപ്പോള്‍ സമാഹരിക്കാനായത് 60,000 കോടിയോളം രൂപയാണ്. ഇതില്‍ തന്നെ കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ചയായ ഭീമന്‍ ഐ പി ഒ എല്‍ ഐ സി സമാഹരിച്ച 21,000 കോടി രൂപയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രത്യേകം ഓര്‍ക്കുക.
എല്‍ ഐ സിയെ മാറ്റി നിര്‍ത്തിയാല്‍ 5000 കോടി രൂപയ്ക്ക് മുകളില്‍ മൂലധനം സമാഹരിച്ചത് ഒരേയൊരു കമ്പനി മാത്രമാണ്, ഹരിയാന ആസ്ഥാനമായി ലോജിസ്റ്റിക് സേവനങ്ങള്‍ നടത്തിവരുന്ന സ്ഥാപനമായ ഡെല്‍ഹിവറി ലിമിറ്റഡ്. പതഞ്ജലി ഗ്രൂപ്പിന്‍റെ ഭാഗമായ രുചി സോയാ ഇന്‍ഡസ്ട്രീസ് സമാഹരിച്ച 4,300 കോടിയും അദാനി ഗ്രൂപ്പിന്‍റെയും വില്‍മാര്‍ ഗ്രൂപ്പിന്‍റെയും എഫ് എം സി ജി മേഖലയിലെ സംയുക്ത സംരംഭമായ അദാനി വില്‍മാര്‍ ലിമിറ്റഡിന്‍റെ 3600 കോടിയും വേദാന്ത് ഫാഷന്‍സ് സമാഹരിച്ച 3150 കോടി രൂപയും പുറകെ വരുന്നു.

ലിസ്റ്റിങ്ങിന് ശേഷമുള്ള പ്രകടനം:
2023 ജനുവരി 9ന് വിപണി അവസാനിക്കുമ്പോള്‍ രേഖപ്പെടുത്തിയ വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ 39 ഐ പി ഒകളില്‍ 26 കമ്പനികളുടെ ഓഹരി വില പബ്ലിക് ഇഷ്യു നടത്തിയ വിലയ്ക്കും മുകളിലാണ്. 3 കമ്പനികള്‍ നിക്ഷേപകര്‍ക്ക് 100 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കുകയുണ്ടായി.

ഓഹരി വിപണിയില്‍ സ്വതവേ കണ്ടുവരാറുള്ള അപ്രതീക്ഷിത തിരിച്ചടി ഇത്തവണ പക്ഷെ വമ്പന്‍ പ്രതീക്ഷയുമായി വന്ന എല്‍ ഐ സിയുടെ പുത്തന്‍ ഓഹരികളിലായിപ്പോയെന്നത് നിക്ഷേപകരില്‍ ഞെട്ടലുണ്ടാക്കി. ഓഹരിയൊന്നിന് 904 രൂപാ വെച്ച് നിക്ഷേപകര്‍ തിക്കിത്തിരക്കി സ്വന്തമാക്കിയ ഓഹരിയുടെ വിലയില്‍ 20 ശതമാനത്തിലധികം ഇടിവാണ് ജനുവരി ആദ്യവാരത്തില്‍ നിലനില്‍ക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഓഹരി വില 35 ശതമാനം താഴോട്ടു പോയെങ്കിലും പിന്നീട് ശക്തമായ ഒരു തിരിച്ചുവരവ് നടത്തിയെന്ന് നിക്ഷേപകര്‍ക്ക് ആശ്വസിക്കാമെന്ന് മാത്രം.
അതേസമയം ഗുജറാത്ത് ആസ്ഥാനമായി വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഹൈഡ്രോളിക് ട്യൂബുകളുടെയും പൈപ്പുകളുടെയും നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നതും എന്നാല്‍ അത്രമേല്‍ പ്രശസ്തമല്ലാത്തതുമായ വീനസ് പൈപ്സ് ആന്‍റ് ട്യൂബ്സ് എന്ന കമ്പനി ഓഹരിയൊന്നിന് 326 രൂപാ വെച്ച് താരതമ്യേന ചെറിയൊരു തുകയായ 165 കോടി രൂപ ഐ പി ഒ മാര്‍ക്കറ്റില്‍ നിന്നും സമാഹരിക്കുകയുണ്ടായി. 2022ല്‍ ഐ പി ഒ കഴിഞ്ഞ് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ പ്രകടനം വിലയിരുത്തുമ്പോള്‍ 125 ശതമാനത്തോളം വില വര്‍ധനവ് രേഖപ്പെടുത്തി തലയെടുപ്പോടെ നില്‍ക്കുകയാണ് ഈ കൊച്ചു കമ്പനിയെന്നത് മറ്റൊരു അതിശയം.

2023 ജനുവരി 9ലെ ക്ലോസിങ്ങ് വില അടിസ്ഥാനമാക്കി 2022ല്‍ പുറത്തിറങ്ങിയ ഐ പി ഒ ഓഹരികളുടെ പ്രകടനമാണ് താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നത്. നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച റിട്ടേണ്‍ നല്‍കിയ 5 കമ്പനികളുടെയും ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച 5 കമ്പനികളുടെയും വിവരങ്ങളാണ് പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.


First published in Malayala Manorama