Geojit Financial Services Blog

ഈ സങ്കീര്‍ണ്ണ സമയത്ത് ലളിതമായ നിക്ഷേപ തന്ത്രം സ്വീകരിക്കുക

അങ്ങേയറ്റം അനിശ്ചിതത്വം നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് മാനവരാശി കടന്നുപോകുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുക എന്നത് കഠിനമായ വെല്ലുവിളിയാണ്. കോവിഡ് രണ്ടാം തരംഗത്തോട് മല്ലിടുന്ന ഇന്ത്യ, അത്തരമൊരു വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു.

വൈറസ് കനത്ത ആഘാതമുണ്ടാക്കുന്നതില്‍ ജയിച്ചുവെങ്കിലും ഈ യുദ്ധത്തില്‍ വാക്സിനുകള്‍ തന്നെ വിജയിക്കും

പ്രശസ്ത ഇമ്മ്യൂണോളജിസ്റ്റും ഏഴ് അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ ഉപദേശകനുമായ ഡോ. ആന്‍റണി ഫൗച്ചിയുടെ അഭിപ്രായത്തില്‍ ഈ മഹാമാരി അധികം താമസിയാതെ തന്നെ അവസാനിക്കും. പ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിപ്പിക്കുക എന്നതാണ് ഏക പരിഹാരമെന്നു അദ്ദേഹം അടിവരയിട്ടു പറയുന്നു. വിപണിയും ഇതേ അനുമാനത്തിലാണ്. ‘അജ്ഞാതനായ അജ്ഞാതനോ’ടുള്ള യുക്തിസഹമായ പ്രതികരണമായിരുന്നു 2020 മാര്‍ച്ചിലെ പരിഭ്രാന്തിയും തകര്‍ച്ചയും. തുടര്‍ന്നുള്ള മാര്‍ക്കറ്റ് റാലി, ‘പരിചിതനായ അജ്ഞാത’നോടുള്ള പ്രതികരണമാണ്. 2020 മാര്‍ച്ചില്‍ ഈ മഹാമാരി എങ്ങനെ അവസാനിക്കുമെന്ന് ആര്‍ക്കും ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍, വ്യക്തതയുണ്ട്. വലിയ കഷ്ടപ്പാടുകള്‍ വരുത്തുന്ന നിരവധി പോരാട്ടങ്ങള്‍ വൈറസ് വിജയിച്ചിട്ടുണ്ടെങ്കിലും ഈ യുദ്ധത്തില്‍ വാക്സിന്‍ തന്നെ വിജയിക്കുമെന്ന് വിശ്വസിക്കാം.

കരകയറുന്ന ആഗോള സമ്പദ്വ്യവസ്ഥ
അമേരിക്കയുടെയും ചൈനയുടെയും പിന്‍ബലത്തില്‍ ആഗോള സമ്പദ്വ്യവസ്ഥ ശക്തമായ തിരിച്ചു വരവിന്‍റെ പാതയിലാണ്. യുഎസിലെ തൊഴിലില്ലായ്മ ക്ലെയിമുകളെയും റീട്ടെയില്‍ വില്‍പനയെയും കുറിച്ചുള്ള ഏറ്റവും പുതിയ മാക്രോ ഡാറ്റ ഈ നിഗമനം ശരിവയ്ക്കുന്നു. 2021ല്‍ അമേരിക്ക 6 ഉം ചൈന 9 ഉം ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധ്യതയുണ്ട്. ഈ രണ്ട് വന്‍ സമ്പദ്ڋവ്യവസ്ഥകളുടെ വളര്‍ച്ച ലോകത്തിന്‍റെ മറ്റു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യും. വാക്സിനേഷന്‍ നല്‍കുന്ന ആത്മവിശ്വാസത്തിന്‍റെ ഉണര്‍വിലാണ് യൂറോപ്പിലെയും വികസ്വര രാജ്യങ്ങളിലെയും വിപണികള്‍. തിരിച്ചുവരവിന്‍റെ വ്യക്തമായ സാധ്യതയാണ് ഈ വിപണികള്‍ നല്‍കുന്നത്. ആഗോള സമ്പദ് വ്യവസ്ഥ 6 ശതമാനം വളരുന്നതും 2021 ന്‍റെ രണ്ടാം പാദം സാമ്പത്തീക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാവുമെന്നുമുള്ള പ്രതീക്ഷ വ്യക്തമായ സാധ്യതയാണ്. ആഗോള ഓഹരി വിപണികള്‍ ഇത് മുന്‍കൂട്ടിക്കാണുകയാണ്.

ഇന്ത്യയുടെ ജിഡിപി, കോര്‍പ്പറേറ്റ് വരുമാന കണക്കുകള്‍ കുറയും
ഇന്ത്യയുടെ ജിഡിപി 2021 സാമ്പത്തിക വര്‍ഷത്തില്‍ 8 ശതമാനം ചുരുങ്ങിയതായി കണക്കാക്കപ്പെടുന്നു. നിഫ്റ്റി ഇപിഎസ് 2021 സാമ്പത്തിക വര്‍ഷത്തില്‍ ഉദ്ദേശം 510 ആകാനാണ് സാധ്യത. മഹാമാരിയുടെ രണ്ടാം തരംഗത്തിന് മുമ്പ്, 2022 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 11 ശതമാനത്തിന് മുകളിലാകുമെന്നും നിഫ്റ്റി വരുമാന വളര്‍ച്ച 30 ശതമാനം കടക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഉയര്‍ന്ന വൈറസ് വ്യാപനവും അതേത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അല്‍പ്പം മന്ദീഭവിപ്പിക്കാനിടയുള്ളതിനാല്‍, ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കില്ലെങ്കിലും10 ശതമാനം ജിഡിപി വളര്‍ച്ച നേടാന്‍ ഇന്ത്യയ്ക്ക് സാധിക്കും.

നിക്ഷേപം ലളിതമായി നിലനിര്‍ത്തുക
ഈ സങ്കീര്‍ണ്ണ സമയങ്ങളില്‍, നിക്ഷേപ തന്ത്രം ലളിതമായിരിക്കണം. ആഗോളതലത്തില്‍ ഓഹരി വിപണികള്‍ ശക്തവും ഉര്‍ജ്ജസ്വലവുമാണ്. പണലഭ്യത സമൃദ്ധമായി തുടരുന്നതിനാലും പലിശനിരക്ക് വളരെക്കാലം താഴ്ന്ന നിലയിലായിരിക്കുമെന്നതിനാലും വിപണികള്‍ സ്ഥിരത കൈവരിക്കാന്‍ സാധ്യതയുണ്ട്. പണപ്പെരുപ്പത്തില്‍ ഉണ്ടായേക്കാവുന്ന വര്‍ധനവും യു എസ് കേന്ദ്ര ബാങ്ക് അതിന്‍റെ ഉദാര പണനയം ഉപേക്ഷിക്കാനുള്ള സാധ്യതയും വിപണിക്ക് ഭീഷണിയാണ്. എന്നാല്‍ ഹ്രസ്വകാലത്തേക്ക് ഇതിനു സാധ്യതയില്ല. അതിനാല്‍, ഓഹരിയില്‍ നിക്ഷേപം തുടരുന്നതാണ്‌ നല്ലത്. എന്നിരുന്നാലും, അനിശ്ചിതത്വം ഉയര്‍ന്നതിനാല്‍, ഓഹരി വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ നേട്ടം കുറവാണെങ്കിലും സ്ഥിര വരുമാന ആസ്തികളിലേക്ക് അല്പം നിക്ഷേപം മാറ്റുന്നത് നന്നായിരിക്കും.

ഇന്ത്യയുടെ കോര്‍പ്പറേറ്റ് ലാഭത്തിന്‍റെ 80 ശതമാനവും മികച്ച 20 കമ്പനികളില്‍ നിന്നാണ്. ധനകാര്യ സേവനങ്ങള്‍, ഐടി, ഓയില്‍ & ഗ്യാസ്, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്സ് എന്നിവയിലെ ഈ ബ്ലൂചിപ്പുകളില്‍ ഭൂരിഭാഗവും മികച്ച രീതിയില്‍ തുടരും. അതിനാല്‍ അവയില്‍ നിക്ഷേപം തുടരുന്നതില്‍ അര്‍ത്ഥമുണ്ട്. ലാര്‍ജ് ക്യാപ് ഓഹരികളുടെ വിലകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ താരതമ്യേന വിലക്കുറവുള്ള മിഡ്, സ്മാള്‍ ക്യാപ് ഓഹരികളിലാണ് കൂടുതല്‍ വിലവര്‍ദ്ധനവിനുള്ള സാധ്യത. എന്നാല്‍ മിഡ് സ്മാള്‍ ക്യാപ്സില്‍ നിന്ന് ഭാവിയിലെ ബ്ലൂചിപ്പുകള്‍ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്. മിഡ് സ്മാള്‍ ക്യാപ് ഓഹരികളില്‍ മ്യൂച്ചല്‍ ഫണ്ട് ട ക ജ കളിലൂടെ നിക്ഷേപിക്കുക എന്നതാണ് അനുയോജ്യമായ തന്ത്രം.

First published in Sampadyam