Geojit Financial Services Blog

ഇനി വരുന്നത് അല്‍ഗോ ട്രേഡിങ്ങിന്‍റെ കാലം

Businessman trading online stock market on teblet screen, digital investment concept

അല്‍ഗോരിതമിക് ട്രേഡിങ്ങ് അഥവാ അല്‍ഗോ ട്രേഡിങ്ങ് എന്ന പദം സ്റ്റോക്ക് മാര്‍ക്കറ്റില്‍ അതിവേഗം പ്രചാരം നേടിവരികയാണ്. തൊണ്ണൂറുകളുടെ പകുതിയോടെ ലൈവ് സ്ക്രീനില്‍ ട്രേഡിങ്ങ് പരിചയിച്ച നിക്ഷേപകര്‍ 2000ല്‍ ഇന്‍റര്‍നെറ്റ് വഴിയുള്ള ട്രേഡിങ്ങ് ആരംഭിച്ചതോടെ സ്വന്തം കമ്പ്യൂട്ടറിലും താമസിയാതെ മൊബൈല്‍ ഫോണിലും വരെ അനായാസം ട്രേഡ് ചെയ്തു തുടങ്ങി. ഏറ്റവുമൊടുവില്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നൂതന സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് രൂപപ്പെടുത്തിയ അല്‍ഗോ ട്രേഡിങ്ങാണ് പുതിയ ട്രെന്‍ഡ്, പ്രത്യേകിച്ചും ന്യൂജനറേഷന്‍ ട്രേഡര്‍മാര്‍ക്കിടയില്‍.

എന്താണ് അല്‍ഗോ ട്രേഡിങ്ങ് ?

മുന്‍കൂട്ടി തയ്യാറാക്കിയ നിര്‍ദേശങ്ങളും നിബന്ധനകളുമനുസരിച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഓട്ടോമാറ്റിക് ആയി ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ട്രേഡിങ്ങ് രീതിയാണ് അല്‍ഗോ ട്രേഡിങ്ങ്. ബ്ലാക്ക് ബോക്സ് ട്രേഡിങ്ങ് എന്ന മറ്റൊരു പേരിലും അല്‍ഗോ ട്രേഡിങ്ങ് അറിയപ്പെടാറുണ്ട്. ടെക്നോളജിയുമായി ബന്ധപ്പെട്ട് പ്രായോഗിക തലത്തില്‍ അഗോരിതങ്ങളുടെ റോള്‍ വളരെ വലുതാണ്. ഉദാഹരണത്തിന് കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും മറ്റും കാണപ്പെടുന്ന ആപ്ലിക്കേഷനുകളെല്ലാം തന്നെ അത് ഉപയോഗിക്കുന്ന വ്യക്തികളുടെ അഭിരുചിക്കനുസരിച്ചോ അതല്ലെങ്കില്‍ അവ മുന്‍പ് ഉപയോഗിച്ചവര്‍ തൃപ്തരാണെങ്കില്‍ അതിന് കാരണമായ ഘടകങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയോ രൂപപ്പെടുത്തിയെടുക്കുന്ന അല്‍ഗോരിതങ്ങള്‍ വഴിയാണ് വികസിപ്പിക്കാറുള്ളത്. എന്തിനേറെ, ബാങ്ക് ലോണുകളുടെ ഇ എം ഐ, മ്യൂച്വല്‍ ഫണ്ട് എസ് ഐ പികളുടെ ഗഡുക്കള്‍ എന്നിവ ഒരു നിശ്ചിത ഡേറ്റ് വെച്ച് ബാങ്ക് എക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യപ്പെടുന്നതു പോലും മുന്‍കൂട്ടി എഴുതിവെച്ച ആല്‍ഗോരിതങ്ങള്‍ അടിസ്ഥാനമാക്കിയാണെന്ന് പറയാം.

ഇനി സ്റ്റോക്ക് മാര്‍ക്കറ്റില്‍ ആല്‍ഗോരിതം എപ്രകാരമാണ് ഉപയോഗിക്കുന്നതെന്ന് നോക്കാം. വാങ്ങാനുദ്ദേശിക്കുന്ന ഓഹരിയിലോ ഒരു പറ്റം ഓഹരികളിലോ മുന്‍കൂട്ടി നിശ്ചയിച്ച നിബന്ധനകള്‍ എഴുതിതയ്യാറാക്കി കോഡുകളാക്കി കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്യുന്നു. പ്രോഗ്രാം റണ്‍ ചെയ്യുന്ന വേളയില്‍ വിപണി വില നിബന്ധനകളുമായി മാച്ച് ചെയ്യുന്ന പക്ഷം ട്രേഡ് നടക്കുകയും ചെയ്യുന്നു.

ട്രേഡര്‍ ഉദ്ദേശിക്കുന്ന ഓഹരികളുടെ മാര്‍ക്കറ്റ് വില 100 ദിവസത്തെ മൂുവിങ്ങ് ആവറേജ് വിലയുടെ മുകളില്‍ വരുന്ന പക്ഷം വാങ്ങുക, വാങ്ങല്‍ നടന്നുവെങ്കില്‍ 2 ശതമാനത്തിന് മുകളില്‍ വരുന്ന വിലയില്‍ വില്‍ക്കുക, ഇനി അഥവാ നിര്‍ദേശിച്ച പ്രകാരം വാങ്ങിയ ഓഹരികളുടെ വില താഴോട്ടുവരികയാണെങ്കില്‍ 3 ശതമാനത്തില്‍ താഴെ സ്റ്റോപ്പ് ലോസ് വില്‍പന നടത്തുക മുതലായവയെല്ലാം കോഡുകളായി സെറ്റ് ചെയ്യാവുന്ന നിബന്ധനകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ ട്രേഡര്‍ മനസ്സില്‍ നിശ്ചയിച്ച സ്ട്രാറ്റജി കമ്പ്യൂട്ടറില്‍ അല്‍ഗോരിതങ്ങളായി മാറുമ്പോള്‍ ട്രേഡുകള്‍ നടക്കുന്നുവെന്ന് സാരം.

അല്‍ഗോ ട്രേഡിങ്ങിനുള്ള ഗുണങ്ങള്‍:

ലൈവ് സ്ക്രീനിനു മുന്നിലിരിക്കുന്ന ട്രേഡര്‍മാര്‍ പലപ്പോഴും വൈകാരിക തലത്തിലെടുക്കുന്ന തീരുമാനങ്ങള്‍ പരാജയപ്പെടുന്നതായി കണ്ടുവരാറുണ്ട്. വൈകാരിക തീരുമാങ്ങള്‍ക്ക് അല്‍ഗോ ട്രേഡിങ്ങില്‍ യാതൊരു റോളുമില്ല എന്നതാണ് യാഥാര്‍ഥ്യം. മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച് കമ്പ്യൂട്ടറില്‍ നല്‍കിയ ആല്‍ഗോരിതങ്ങള്‍ അതാതു ദിവസത്തെ മാര്‍ക്കറ്റ് സാഹചര്യമനുസരിച്ച് ട്രേഡുകളായി മാറാം, മാറാതിരിക്കാം. നൈമിഷികമായ തീരുമാനമെടുക്കലോ, എന്തിനധികം ഒരു വ്യക്തി എന്ന നിലയില്‍ ട്രേഡറുടെ സാന്നിധ്യം പോലും ട്രേഡിംഗ് സ്ക്രീനിന് മുന്നില്‍ ആവശ്യമായി വരുന്നില്ല. അല്‍ഗോ ട്രേഡിങ്ങുമായി ബന്ധപ്പെട്ട മറ്റ് അനുകൂല ഘടകങ്ങള്‍ താഴെ പറയുന്നു.

ډ എത്ര വലിയ ഓര്‍ഡറുകളായാലും അനായാസം മുന്‍കൂട്ടി ബുക്ക് ചെയ്യാം. അതുകൊണ്ടു തന്നെ ഞൊടിയിടയില്‍ ഉണ്ടാകുന്ന വില വ്യത്യാസങ്ങളും മറ്റും ട്രേഡ് നടക്കുന്നതിന് തടസ്സമാവാറില്ല.
ډ മനുഷ്യസഹജമായ ടൈപ്പിങ്ങ് തെറ്റുകള്‍ക്കും മറ്റും അല്‍ഗോ ട്രേഡിങ്ങില്‍ സ്ഥാനമില്ല. ഇടപാടുകള്‍ നടത്താനുദ്ദേശിക്കുന്ന ഓഹരികളുടെ എണ്ണത്തിലും വിലയിലും മറ്റും കൂടുതല്‍ കൃത്യത പുലര്‍ത്താന്‍ കഴിയുമെന്ന് സാരം.
ډ ഒരേസമയം ഒന്നില്‍ കൂടുതല്‍ എക്സ്ചേഞ്ചുകളിലും വിവിധങ്ങളായ സെക്ടറുകളിലും സ്റ്റോക്കുകളിലുമുള്ള ട്രേഡിങ്ങില്‍ ഏര്‍പ്പെടാന്‍ അല്‍ഗോ ട്രേഡിങ്ങ് സഹായിക്കുന്നു.
ډ മ്യൂച്വല്‍ ഫണ്ടുകള്‍, ഹെഡ്ജ് ഫണ്ടുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ മുതലായ ധനകാര്യസ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇടപാടുകള്‍ നടത്തുവാന്‍ അല്‍ഗോ ട്രേഡിങ്ങിന്‍റെ സഹായം ലഭ്യമാക്കി വരാറുണ്ട്.

കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്‍റെ അനന്ത സാധ്യതകളാണ് അല്‍ഗോ ട്രേഡിങ്ങില്‍ ഉപയോഗിക്കപ്പെടുന്നത്. ട്രേഡിങ്ങിനായി അല്‍ഗോരിതം സ്ട്രാറ്റജി തയ്യാറാക്കിക്കൊടുക്കുന്ന ധാരാളം സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വന്‍കിട നിക്ഷേപകരെ സംബന്ധിച്ചിടത്തോളം കാശിറക്കി അല്‍ഗോ ട്രേഡിങ്ങ് നടത്താമെന്നത് ബുദ്ധിമുട്ടുള്ള കാര്യമാവില്ല. പ്രോഗ്രാമിങ്ങ് അറിയുന്ന റീട്ടെയില്‍ നിക്ഷേപകര്‍ക്കും അല്‍ഗോ ട്രേഡിങ്ങ് പരീക്ഷിക്കാവുന്നതാണ്. നന്നായി ഗൃഹപാഠം ചെയ്യണമെന്ന് മാത്രം.