Site icon Geojit Financial Services Blog

ഇടത്തരം വരുമാനക്കാര്‍ക്ക് റിബേറ്റും മാര്‍ജിനല്‍ റിലീഫും

ആദായനികുതിയില്‍ വരുത്തിയ വ്യത്യാസം വലിയ ആശ്വാസമാണ് ഭൂരിഭാഗം നികുതിദായകര്‍ക്കും നല്‍കുന്നത്. വലിയ ഇളവുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇക്കുറി ഇത്രയും വലിയൊരു മാറ്റം പ്രതീക്ഷിച്ചില്ല എന്നത് വാസ്തവമാണ്. ഇവിടെ പുതിയ സ്കീം പ്രകാരം 7,75,000 രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അടക്കം കണക്കിലെടുക്കുമ്പോള്‍ നികുതി ബാധ്യത ഇല്ലായിരുന്നു. ഈ ഇളവ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അടക്കം 1275000 രൂപയായി എന്നതാണ് ഈ വര്‍ഷത്തെ ബഡ്ജറ്റിലെ പ്രധാന പോയിന്‍റ്. ഇത് ഇടത്തരം വരുമാനക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം ചില്ലറയല്ല, എന്നാല്‍ ഈ ഇളവുകള്‍ നേരിട്ട് ലഭിക്കുകയല്ല ചെയ്യുന്നത്. നികുതി കണക്കാക്കിയ ശേഷം ഈ നികുതിക്ക് റിബേറ്റ് അനുവദിക്കുകയാണ് ചെയ്യുന്നത്. പരമാവധി 60000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടാണ് 1275000 രൂപ വരെ നികുതി വരുമാനം ഉള്ളവര്‍ക്ക് നികുതിയിളവ് ലഭിക്കുന്നത്. ഉദാഹരണമായി ഒരാളുടെ ശമ്പള വരുമാനം 1275000 രൂപയാണ് എന്ന് കരുതുക. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75000 കുറയ്ക്കുന്നതോടെ നികുതി നല്‍കേണ്ട വരുമാനം 1200000 രൂപ ആവുകയും ഈ തുകയുടെ നികുതി പല സ്ലാബുകള്‍ ആയി കണക്കാക്കുമ്പോള്‍ 60,000 രൂപ നികുതി ബാധ്യത വരും. ഈ തുക അനുവദിച്ചിരിക്കുന്ന പരമാവധി തുക റിബേറ്റ് എടുക്കുന്നതിലൂടെ നികുതി അടയ്ക്കേണ്ട തുക പൂജ്യം ആയി മാറും. പെന്‍ഷന്‍, ശമ്പള വരുമാനം ഉള്ളവര്‍ക്ക് മാത്രമേ ഈ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആനുകൂല്യം ലഭിക്കുകയുള്ളൂ.

റിബേറ്റ്, സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ എന്നിവയോടൊപ്പം ചേര്‍ത്ത് പറഞ്ഞ മറ്റൊരു കാര്യമാണ് മാര്‍ജിനല്‍ റിലീഫ്. എന്താണ് മാര്‍ജിനല്‍ റിലീഫ്? 1200000 രൂപ വരെ നികുതി അടയ്ക്കേണ്ട കാര്യമില്ല. എന്നാല്‍ നികുതി അടയ്ക്കേണ്ട വരുമാനം 1210000 ആണ് എന്ന് കരുതുക. അപ്പോള്‍ നേരത്തെ പറഞ്ഞതുപോലെ റിബേറ്റ് ലഭിക്കാനുള്ള പരിധി കഴിഞ്ഞതുകൊണ്ട് മുഴുവന്‍ തുകയ്ക്കും നികുതി കണക്കാക്കി നികുതി അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. അതായത് 10000 രൂപ വരുമാനത്തില്‍ കൂടുതല്‍ ലഭിച്ചത് കൊണ്ട് 61500 രൂപ നികുതി അടയ്ക്കണം. ഇത് നികുതി ദായകരെ സംബന്ധിച്ച് പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്.

ഇതിന് പരിഹാരമായാണ് സെഷന്‍ 87എ പ്രകാരം മാര്‍ജിനല്‍ റിലീഫ് കൊണ്ടുവന്നിരിക്കുന്നത്. ഇത് പ്രകാരം 12 ലക്ഷം രൂപയ്ക്ക് ശേഷം അധികമായി വരുന്ന തുകയും നികുതി ബാധ്യതയും താരതമ്യം ചെയ്ത് ഏതാണോ കുറവ് അത് നികുതിയായി അടച്ചാല്‍ മതി. മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ 10000 രൂപയും 61500 രൂപയും താരതമ്യം ചെയ്ത് കുറഞ്ഞ തുകയായ 10000 രൂപ നികുതിയായി അടച്ചാല്‍ മതി. ഇതിനാണ് മാര്‍ജിനല്‍ റിലീഫ് എന്നു പറയുന്നത്.

Exit mobile version