Geojit Financial Services Blog

അനിശ്ചിതത്വത്തിന്റെ കാലത്ത് ധീരമായ നയം

പണനയം കൈകാര്യം ചെയ്യുക എന്നാല്‍ വൈരുദ്ധ്യങ്ങള്‍ കൈകാര്യം ചെയ്യല്‍ കൂടിയാണ്. ജിഡിപി വളര്‍ച്ചയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ വിലക്കയറ്റവും ഉണ്ടാകുന്നു; വില സ്ഥിരതയില്‍ ശ്രദ്ധയൂന്നുന്നത് വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കും. തുറന്ന മൂലധന വിപണികളുടെ ഈ കാലത്ത് പോര്‍ട്ഫോളിയോ നിക്ഷേപങ്ങളില്‍ വന്‍തോതില്‍ ഒഴുക്കുകള്‍ -അകത്തേക്കും പുറത്തേക്കും- ഉണ്ടാകുമ്പോള്‍ വിനിമയ നിരക്കില്‍ സ്ഥിരത നിലനിര്‍ത്തുന്നത് വലിയ വെല്ലുവിളിയായിത്തീരുന്നു. സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുള്ള മഹാമാരിയുടെ സാഹചര്യത്തില്‍ ഈ വൈരുദ്ധ്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ ദുഷ്കരമായിത്തീരുന്നു.

ആര്‍ബിഐയുടെ മുഖ്യ പരിഗണന ജിഡിപി വളര്‍ച്ച

അനിശ്ചിതത്വത്തിന്‍റെ ഇക്കാലത്ത് ഇത്തരം വൈരുദ്ധ്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന റിസര്‍വ് ബാങ്ക് അഭിനന്ദനം അര്‍ഹിക്കുന്നു. റിപ്പോ 4 ശതമാനവും റിവേഴ്സ് റിപ്പോ 3.35 ശതമാനവുമായി പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കയാണ് കേന്ദ്ര ബാങ്ക്. ഈ നിലപാട് പ്രതീക്ഷിച്ചതു തന്നെയായിരുന്നു. എന്നാല്‍ ബോണ്ട്, ഓഹരി വിപണികളുടെ അനുകൂല പ്രതികരണത്തിനു കാരണം കേന്ദ്ര ബാങ്കിന്‍റെ പ്രതീക്ഷിച്ചതിനേക്കാള്‍ ഉദാരമായ നിലപാട് അവയെ ആവേശം കൊള്ളിച്ചു എന്നതാണ്. ” ഈ ഘട്ടത്തില്‍ വളര്‍ച്ചയ്ക്കാണ് പരമ പ്രാധാന്യം ” എന്ന സന്ദേശത്തിലൂടെ ആര്‍ബിഐയുടെ മുന്‍ഗണന സുവ്യക്തമാക്കിയിരിക്കയാണ് ഗവര്‍ണര്‍. ബോണ്ട് യീല്‍ഡുകള്‍ സാധാരണ നിലയിലാക്കാനുള്ള ആര്‍ബിഐയുടെ ശ്രമം ഈ വാക്കുകളിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു. ” യീല്‍ഡ് കേര്‍വിന്‍റെ ക്രമമായ മാറ്റത്തിനായി വേണ്ടതെല്ലാം ആര്‍ബിഐ ചെയ്യും ” എന്നു ഗവര്‍ണര്‍ പറഞ്ഞു. ഈ പ്രഖ്യാപനത്തിന്‍റെ തുടര്‍ച്ചയായി ഗവണ്മെന്‍റ് സെക്യൂരിറ്റീസ് അക്വിസിഷന്‍ പ്രോഗ്രാം (ജിഎസ്എപി) എന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. നിലനില്‍ക്കുന്ന തുറന്ന വിപണി പ്രവര്‍ത്തനങ്ങള്‍ക്ക് (ഒഎംഒ) ക്കു സമാന്തരമായാണ് ഇതു പ്രവര്‍ത്തിക്കുക. ജിഎസ്എപി ഒരു തരത്തില്‍ പെട്ട അത്യുദാര പദ്ധതി തന്നെയാണ്. ഗവര്‍ണര്‍ ജിഎസ്എപി 1.0 എന്നു പേരിട്ട ഈ പദ്ധതിയിലൂടെ 2022 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഒരു ട്രില്യണ്‍ രൂപയ്ക്കുള്ള സര്‍ക്കാര്‍ ബോണ്ടുകള്‍ ആര്‍ബിഐ വാങ്ങും. ഇതിന്‍റെ തുടര്‍ച്ച ഇനിയും പ്രതീക്ഷിക്കാം. ഈ നപടികളും പ്രഖ്യാപനങ്ങളും മതിയായിരുന്നു ബോണ്ട്, ഓഹരി വിപണികളെ ആവേശം കൊള്ളിക്കാന്‍. സര്‍ക്കാരിന്‍റെ 10 വര്‍ഷ ബോണ്ട് യീല്‍ഡ് 1.08 ശതമാനത്തിലേക്കു താഴുകയും നിഫ്റ്റി 135 പോയിന്‍റിന്‍റെ നേട്ടത്തോടെ ക്ളോസ് ചെയ്യുകയും ചെയ്തു.

രണ്ടാം വ്യാപനം ഉല്‍ക്കണ്ഠയുണര്‍ത്തുന്നു, എങ്കിലും വളര്‍ച്ചയെ കാര്യമായി ബാധിക്കാനിടയില്ല

കോവിഡ് രണ്ടാം വ്യാപനത്തെത്തുടര്‍ന്നുള്ള ഉല്‍ക്കണ്ഠ വളരുന്നതിനിടയിലാണ് ഈ ഉദാര നയ പ്രഖ്യാപനം ഉണ്ടായത്. സാമ്പത്തിക രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയിലും മറ്റും രണ്ടാം തരംഗം വളരെ ഗുരുതരമായിരിക്കേ, ഇതു സാമ്പത്തിക പ്രവര്‍ത്തനങ്ങളേയും ജിഡിപി വളര്‍ച്ചയേയും ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ സംഭവിക്കുന്ന കുത്തനെയുള്ള വളര്‍ച്ചാ വീണ്ടെടുപ്പ് നയപരമായ പിന്തുണയോടെ നില നിര്‍ത്തേണ്ടത് പ്രധാനമാണ്. ഹൗസിംഗ്, ഓട്ടോ മൊബീല്‍ മേഖലകളിലെ വളര്‍ച്ചയുടെ പ്രധാന പ്രചോദനം നിലവിലുള്ള കുറഞ്ഞ പലിശ നിരക്കാണെന്നത് വസ്തുതയാണ്. വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കുന്ന ഈ മേഖലകളില്‍ വളര്‍ച്ച നില നില്‍ക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. താഴ്ന്ന പലിശ നിരക്കും കുറഞ്ഞ ബോണ്ട് യീല്‍ഡും യഥേഷ്ടം പണവും വിപണിയില്‍ നിലനില്‍ക്കേണ്ടിയിരിക്കുന്നു. ഇതുറപ്പു വരുത്താന്‍ ആര്‍ബിഐക്കു കഴിഞ്ഞു.

നാം വലിയ അനിശ്ചിതത്വത്തിന്‍റെ നടുവിലാണെന്ന വസ്തുത ഓര്‍ക്കേണ്ടിയിരിക്കുന്നു. ആഗോള തലത്തില്‍ പണപ്പെരുപ്പം ഭീഷണിയാണ്. യുഎസ് കേന്ദ്ര ബാങ്ക് പിന്തുടരുന്ന അത്യുദാര പണ നയവും ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ച വന്‍ ഉദാരീകരണ പദ്ധതികളും വിലക്കയറ്റമുണ്ടാക്കാന്‍ പര്യാപ്തമാണ്. ഇന്ത്യയിലാകട്ടെ, വിലക്കയറ്റം നിയന്ത്രണാധീനമെങ്കിലും അടിസ്ഥാന വിലക്കയറ്റം (കോര്‍ ഇന്‍ഫ്ളേഷന്‍) വര്‍ധിക്കുകയാണ്. അതിനാല്‍ വില നിലവാരം ഉയരാതിരിക്കാന്‍ ആര്‍ബിഐ കഴുകന്‍ കണ്ണുകളോടെ കാവലിരിക്കേണ്ടി വരും.

First published in Mathrubhumi