93 ലക്ഷം നിക്ഷേപിക്കാം, ഒറ്റപൈസ നികുതിയില്ലാതെ

0
341
818794926


വിരമിച്ചതിനു ശേഷം കിട്ടിയ തുക മികച്ച പലിശനിരക്കില്‍ എവിടെ നിക്ഷേപിക്കുമെന്ന ചോദ്യം മിക്കവരെയും അലട്ടുന്ന ഒന്നാണ്. പ്രത്യേകിച്ച് സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിമാസ വരുമാനം കൂട്ടാന്‍ മിക്കവരും ആശ്രയിക്കുന്നത് കോ-ഓപ്പറേറ്റീവ് ബാങ്കുളെയും, റിസ്ക് കൂടിയ ബോണ്ടുകളെയുമാണ്. വിരമിച്ചതിനു ശേഷം നമ്മുടെ കയ്യിലുള്ള പണത്തിന് നമ്മുടെ ജീവന്‍റെ വിലയുണ്ട്. അടുത്ത കുറേ വര്‍ഷത്തേക്കുള്ള അന്നം നമുക്ക് നല്‍കുന്നത് ആ പണമാണല്ലോ. അതുകൊണ്ട് ആ തുക ആരെ ഏല്പിക്കണമെന്ന കാര്യത്തില്‍ മൂന്നോ നാലോ വട്ടം ചിന്തിച്ച് വിശകലനം ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. എടുത്തുചാട്ടം പാടില്ല, സുഹൃത്ബന്ധങ്ങളും കടപ്പാടുകളും കണക്കിലെടുക്കേണ്ടതില്ല. അവരാരും നമ്മെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരല്ല.
നികുതിയില്ലാതെ 93 ലക്ഷം? അതെങ്ങനെ?
60 വയസ്സു കഴിഞ്ഞവര്‍ക്ക് നിക്ഷേപത്തിനായിട്ടുള്ള ഗവണ്മെന്‍റ് അംഗീകൃത സ്കീമുകളാണ് പ്രധാന്‍മന്ത്രി വയ വന്ദന യോജന (PMVVY) യും, സീനിയര്‍ സിറ്റിസണ്‍ സേവിങ് സ്കീമും (SSCS) . ഇവയില്‍ ഒരാള്‍ക്ക് നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷമാണ്. ഒരാള്‍ക്ക് ഇവയില്‍ രണ്ടിലും കൂടി 30 ലക്ഷം രൂപ നിക്ഷേപിക്കാം. PMVVYയുടെ കാലാവധി 10 വര്‍ഷവും SSCSന്‍റേത് 3 വര്‍ഷവുമാണ്. ഈ രണ്ടു സ്കീമുകളുടെയും പ്രതിവര്‍ഷ പലിശ 7.4 ശതമാനമാണ്. ഇത് സ്ഥിരനിക്ഷേപ പലിശയേക്കാള്‍ വളരെ കൂടുതലാണ്. മാത്രമല്ല തെല്ലുപോലും റിസ്ക് ഇല്ല താനും. അതു മാത്രമല്ല, നിക്ഷേപിക്കുന്നയാളുടെ ജീവിതപങ്കാളി 60 വയസ്സിനു മുകളിലുള്ള ആളാണെങ്കില്‍ അവര്‍ക്കും 30 ലക്ഷം രൂപ നിക്ഷേപിക്കാം. അങ്ങനെ ഒരു കുടുംബത്തില്‍ വിരമിച്ചതിനു ശേഷം ഭാര്യയ്ക്കും ഭര്‍ത്താവിനുംകൂടി മൊത്തത്തില്‍ 60 ലക്ഷം രൂപ ഈ സ്കീമുകളില്‍ നിക്ഷേപിക്കാനാകും.
അടുത്തത് പോസ്റ്റ് ഓഫീസില്‍ പ്രതിമാസ വരുമാന സ്കീം (POMIS) ആണ്. POMIS ല്‍ ഒരാള്‍ക്ക് 4.5 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്‍റായി ചെയ്യുമ്പോള്‍ 9 ലക്ഷം നിക്ഷേപിക്കാം.
ഇതിന് ഇപ്പോള്‍ 6.60 ശതമാനമാണ് പലിശ. ആദ്യത്തെ 30 ലക്ഷത്തില്‍ നിന്ന് 2,22,000 രൂപ വാര്‍ഷിക വരുമാനവും, POMISല്‍ നിന്ന് 29,700 രൂപ വാര്‍ഷിക വരുമാനവും ലഭിക്കും. അങ്ങിനെ ഈ മൂന്നു നിക്ഷേപങ്ങളിലും കൂടി 2,51,700 രൂപ വരുമാനം ലഭിക്കും. അടുത്തതായി, ഒരു 59 ലക്ഷം രൂപ സ്ഥിരനിക്ഷേപത്തില്‍ നിക്ഷേപിക്കാം. 5 ശതമാനം പലിശ നിരക്കില്‍ ഒരു വര്‍ഷം 2,95,000 വരുമാനം ലഭിക്കും. എല്ലാ വരുമാനവും കൂടി ഒരു വര്‍ഷം 5.46 ലക്ഷം രൂപയായിരിക്കും വരുമാനം. അതായത് പ്രതിമാസം 45,000 രൂപയ്ക്ക് മുകളില്‍. ഇപ്പോള്‍ വിപണിയില്‍ കിട്ടാവുന്ന ഏറ്റവും നല്ല പലിശനിരക്ക് ലഭിക്കുകയും ചെയ്യും. ജീവിതപങ്കാളിയുടെ പേരിലും ഇതേ രീതിയില്‍ 93.5 ലക്ഷം രൂപ നിക്ഷേപിച്ചുകൊണ്ട് ഇതേ തോതിലുള്ള വരുമാനം നേടാവുന്നതാണ്.
മൊത്ത വരുമാനം ഒരു വര്‍ഷം 5.46 ലക്ഷമാകുമെങ്കിലും, വകുപ്പ് 80TTB അനുസരിച്ച് സ്ഥിരനിക്ഷേപത്തിന്‍റെ പലിശ 50,000, രൂപവരെ നികുതിയിളവ് ലഭിക്കുമെന്നതിനാല്‍ മൊത്ത വരുമാനം 50,000 രൂപ കുറഞ്ഞ് 5 ലക്ഷത്തിനു താഴെ എത്തി നില്‍ക്കുകയും അതുവഴി നികുതിഭാരം ഒന്നും തന്നെ ഇല്ലാതെ ഈ തുക കൈവശം വരികയും ചെയ്യും. ഒരു കുടുംബത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും മൊത്തം 1.87 കോടി രൂപ ഇപ്രകാരം നികുതിഭാരമില്ലാതെയും പ്രതിമാസം 91,000 ലഭിക്കത്തക്ക രീതിയിലും നിക്ഷേപിക്കാന്‍ സാധിക്കും. ഏതു നിക്ഷേപവും വീട്ടിലെ മറ്റുള്ളവരുടെ പേരിലും കൂടി വകമാറ്റി ഇട്ടാല്‍ ഇതേ രീതിയിലുള്ള നികുതിയിളവുകള്‍ ലഭിക്കും.
മറ്റു ചില കാര്യങ്ങള്‍
സ്ഥിരനിക്ഷേപങ്ങള്‍ പല ബാങ്കുകളിലായി നിക്ഷേപിക്കുകയാണെങ്കില്‍ 5 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. വ്യക്തിഗത അക്കൗണ്ടിനു പുറമെ ജോയിന്‍റ് അക്കൗണ്ടിനും ഈ ഗുണം ലഭിക്കും. വിരമിച്ചതിനു ശേഷം പുരയിടം വിറ്റ് പണമാക്കാനാഗ്രഹിക്കുന്നവര്‍ 5 വര്‍ഷക്കാലത്തേക്ക് ലാഭത്തുകയുടെ 50 ലക്ഷം വരെ 54EC ബോണ്ടുകളില്‍ നിക്ഷേപിക്കേണ്ടതായി വരും. ഇതിന്‍റെ പലിശയിന്മേല്‍ നികുതി വരുമെങ്കിലും ഭൂമി വിറ്റു കിട്ടുന്ന വന്‍ ലാഭത്തിന്മേലുള്ള നികുതിയില്‍ നിന്ന് രക്ഷ നേടാം. ഇപ്പോള്‍ 5 ശതമാനമാനം വരെയാണ് 54EC നിക്ഷേപങ്ങളുടെ പലിശ നിരക്ക്.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here