സാമ്പത്തിക സ്വാതന്ത്ര്യത്തിന്‍റെ സാമൂഹിക വശം

1
381

ജീവിതവിജയത്തിനായി കഠിനാധ്വാനവും ബുദ്ധിയും മാത്രം പോരാ, കുറച്ച് ഭാഗ്യവും കൂടിവേണം എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. അതില്‍ കുറെയൊക്കെ ശരിയുമുണ്ട്. ഒരാള്‍ എത്രതന്നെ കഴിവും സാമര്‍ത്ഥ്യവും ഉള്ളവനായാലും ചിലപ്പോള്‍ ജീവിതത്തില്‍ എങ്ങും എത്തിപ്പെടാതെ വ്യക്തിപരമായും സാമൂഹികമായും അവജ്ഞ അനുഭവിക്കുന്ന സാഹചര്യങ്ങള്‍ ഒരുപാടുണ്ട്. തന്‍റേതല്ലാത്ത കാരണത്താല്‍ വീഴ്ചകള്‍ അനുഭവിക്കുന്നത് ആര്‍ക്കും തടയാനാകാത്തതും പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ പ്രശ്നമാണ്. പക്ഷെ സ്വന്തം കഴിവുകളോ സാഹചര്യത്തിനൊത്ത് ഉയരാന്‍ കാണിക്കുന്ന വൈമനസ്യമോ ധൈര്യമില്ലായ്മയോ നമ്മുടെ വളര്‍ച്ചയ്ക്ക് ഇടങ്കോലായി നിന്നുകൂടാ. ഓരോ വ്യക്തിയുടെയും വ്യക്തിഗത വിജയത്തിനും സാമ്പത്തികമായ ഉയര്‍ച്ചയ്ക്കും അത്യന്താപേക്ഷികമായ ചില ഘടകങ്ങളുണ്ട്. ഇവയെല്ലാം നല്ല രീതിയില്‍ നിയന്ത്രിച്ച മുന്നോട്ടു കൊണ്ടുപോയാല്‍ സ്വന്തം ഭാഗത്തുനിന്ന് അവനവന്‍റെ ഉയര്‍ച്ചയ്ക്ക് ഒരു തടസ്സം ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ സാധിക്കും. പ്രധാനമായും അഞ്ചു ഘടകങ്ങളാണ് സാമൂഹികപരമായി ഒരു വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്ന പ്രധാനപ്പെട്ടവ.

  • താല്‍പര്യമുള്ള മേഖലയില്‍ പ്രാവീണ്യം:ഒരു സ്കൂളില്‍ അനേകായിരം കുട്ടികള്‍ പഠിക്കുന്നുണ്ടാകും. ഒരു ക്ലാസ്സില്‍ തന്നെ അമ്പതിലേറെ കുട്ടികള്‍ ഉണ്ടാകും. ഓരോരുത്തരുടെയും കഴിവും താല്‍പര്യവും വ്യത്യാസപ്പെട്ടിരിക്കും. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം ഓരോ വ്യക്തിക്കും താന്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന മേഖല തിരഞ്ഞെടുക്കാനും അതില്‍ സന്തോഷവും സുഖവും ജീവിക്കാനുള്ള വരുമാനവും കണ്ടെത്താനുള്ള സ്വാതന്ത്ര്യമുണ്ടാകണം. അതുതന്നെയാണ് സാമ്പത്തികസ്വാതന്ത്ര്യത്തിന്‍റെ ആദ്യപടി. എത്രതന്നെ കഴിവുണ്ടെങ്കിലും, താല്‍പര്യമില്ലെങ്കില്‍, ചെയ്യുന്ന തൊഴിലില്‍ നിന്നും മികച്ച വരുമാനം നേടാനോ അത് കാലങ്ങളോളം നിലനിര്‍ത്താനോ സാധിക്കില്ല. മറിച്ച് താല്‍പര്യമുള്ള മേഖലയില്‍ ചെയ്യുന്ന പ്രവര്‍ത്തി ഒരു ജോലിയായികാണാതെതന്നെ തികഞ്ഞ ആത്മസംതൃപ്തിയോടുകൂടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ ഒരാള്‍ക്ക് സാധിക്കും. ആത്മസംതൃപ്തിയില്ലാത്ത സാമ്പത്തിക സ്വാതന്ത്ര്യം ഒരിക്കലും പൂര്‍ണമല്ല.
  • ഭാഷാ പരിജ്ഞാനം: ഇന്നത്തെ കാലത്ത് ഭാഷാ പരിജ്ഞാനം ഒരു പ്രധാനപ്പെട്ട ഘടകമാണ്. ഒരാളുടെ കഴിവും പരിജ്ഞാനവും ലോകവുമായി പങ്കുവെയ്ക്കാന്‍ ഭാഷ ഒരു പ്രധാനപ്പെട്ട മാധ്യമമാണ്. തെറ്റില്ലാതെ ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടാനോ ഒരു സന്ദേശം അയയ്ക്കാനോ ഭാഷാപ്രാവീണ്യമില്ലെങ്കില്‍ നമുക്ക് സാധിക്കില്ല. ഉദാ: നിങ്ങള്‍ നല്ല കഴിച്ചുള്ള ഒരു കലാകാരനാണെന്ന് ഇരിക്കട്ടെ. ഒരു അഭിമുഖ സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങള്‍ക്ക് ലോകത്തോട് പറയാനുള്ള കാര്യങ്ങള്‍ ഏറ്റവും കൃത്യതയോടെ വ്യക്തമാക്കാന്‍, പ്രത്യേകിച്ചു ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കൈകാര്യം ചെയ്യുന്ന ആംഗലേയം പോലുള്ള ഭാഷയില്‍ തെറ്റില്ലാതെ ആശയവിനിമയം നടത്താനുള്ള കഴിവുവേണം. കൂടാതെ ഏതുമേഖലയില്‍ ജോലി ചെയ്യുന്നവരായാലും ഒരു ഇ-മെയില്‍ നല്ല രീതിയില്‍ അയക്കാന്‍ സാധിക്കുക എന്നത് അടിസ്ഥാനപരമായി വേണ്ട ഒരു കഴിവാണ്. ഒരാളുടെ ബുദ്ധിപരമായ അളവുകളൊന്നും ഈ വിഷയത്തില്‍ ഒരു തടസ്സമല്ല. ഭാഷാപഠനം ഏവര്‍ക്കും ഒരുപോലെ സാധിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ഇംഗ്ലീഷ് പോലുള്ള ഭാഷ ഒരാളുടെ ജീവിതത്തിലെ അത്യന്താപേക്ഷിക ഘടകമാണ്.
  • വ്യക്തിത്വ വികസനം: സ്വന്തം സമയത്തിനും മറ്റുള്ളവരുടെ സമയത്തിനും വിലകല്‍പ്പിക്കുക ജോലികള്‍ സമയബന്ധിതമായി തീര്‍ക്കുക, ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്കുമാത്രം ഉറപ്പുകൊടുക്കുക, ചെയ്യേണ്ട കാര്യങ്ങള്‍ പ്രാധാന്യത്തിന്‍റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തുക, സംസാരത്തില്‍ എളിമയും അതേസമയം അവസരത്തിനനുസരിച്ച് ധൈര്യവും പക്വതയും വരുത്തുക സന്ദര്‍ഭത്തിനനുസരിച്ച് വസ്ത്രധാരണം, സംസാരശൈലി, വ്യക്തിശുചിത്വം എന്നിങ്ങനെ വ്യക്തിത്വ വികസനത്തിന് പല വശങ്ങളുണ്ട്. സമൂഹത്തില്‍ നാം നമുക്ക് തന്നെ നല്‍കുന്ന ഒരു വിലയാണ് വ്യക്തിത്വം കൊണ്ട് സാധ്യമാകുന്നത്. ആ വിലയും നിലയുമാണ് മറ്റുള്ളവര്‍ നമ്മോട് പ്രകടമാക്കുന്നത്. നാം പ്രവര്‍ത്തിക്കുന്ന മേഖല എന്തുതന്നെയായാലും അതില്‍ വ്യക്തിപരമായും സാമ്പത്തികമായും മുന്നേറാന്‍ ഈ ഒരു ഘടകം അത്യന്താപേക്ഷികമാണെന്നു മനസ്സിലായിക്കാണുമല്ലോ.
  • സാമൂഹിക ബന്ധങ്ങള്‍: സാമൂഹിക ബന്ധങ്ങള്‍ നമ്മുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന ഒരു ഘടകമാണ്. പലപ്പോഴും നമുക്ക് ഒരു പുതിയ ജോലി കിട്ടുന്നതോ, നമ്മുടെ യാത്രകള്‍ക്ക് കാരണം ആകുന്നതോ, നമ്മുടെ ജീവിതത്തില്‍ പ്രധാന വഴിത്തിരിവുകള്‍ ഉണ്ടാകുന്നതോ ഒക്കെ ഓരോ വ്യക്തികള്‍ മുഖേന ആയിരിക്കും. ഏതെങ്കിലും ഒരു അവസരം വന്നു ചേരുമ്പോള്‍ ആളുകള്‍ നമ്മെ ഓര്‍ക്കണമെങ്കില്‍ നാം അവരുമായി പുലര്‍ത്തുന്ന ബന്ധം നല്ലതായിരിക്കണം. പൊതുവെ ഊഷ്മളമായ ബന്ധം എല്ലാവരുമായി പുലര്‍ത്തുന്ന ഒരാള്‍ ഒരിക്കലും ഒറ്റപ്പെടുന്ന ഒരു സാഹചര്യം ഉണ്ടാകില്ല. നമ്മുടെ വ്യക്തിഗത വളര്‍ച്ചയ്ക്ക് കാരണമാകുന്നതും നമ്മുടെ ബന്ധങ്ങള്‍ തന്നെയായിരിക്കും. ഇടയ്ക്കെങ്കിലും നമ്മുടെ സുഹൃത്തുക്കളും പരിചയക്കാരുമായും സംസാരിക്കുകയും നല്ല ബന്ധങ്ങള്‍ നിലനിര്‍ത്തുകയും വേണം.
  • നല്ല ആരോഗ്യം: ആരോഗ്യമുള്ള ശരീരത്തിലാണ് ബുദ്ധിയും സര്‍ഗ്ഗാത്മകതയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുക. മാത്രമല്ല ഒരാള്‍ക്ക് അയാളുടെ കര്‍മ്മപഥത്തില്‍ തടസ്സങ്ങളില്ലാതെ നീങ്ങാന്‍ ആരോഗ്യമുള്ള ശരീരം എപ്പോഴും കൂടിയേതീരൂ. പുതിയ നിയോഗങ്ങള്‍ നമ്മെത്തേടി വരുമ്പോള്‍ അവ പാലിക്കാന്‍ തയ്യാറായിട്ടുള്ള മനസ്സും ശരീരവും നമുക്കുണ്ടാകണം. മാനസീകവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നത് നമ്മുടെ സാമ്പത്തീകവും സാമൂഹികവുമായ പുരോഗതിയുടെ അത്യന്തം പ്രധാനമായിട്ടുള്ള ഘടകമാണ്. നിക്ഷേപങ്ങളും സാമ്പത്തിക ആസൂത്രണവും സാമ്പത്തികസ്വാതത്ര്യത്തിന്‍റെ ഒരു വശമാണെങ്കില്‍ മേല്‍പ്പപറഞ്ഞ ഘടകങ്ങള്‍ അതേ നാണയത്തിന്‍റെ മറുവശമായി കണക്കാക്കാം. സമ്പത്ത് നിക്ഷേപിക്കുന്നതും പരിപാലിക്കുന്നതും രണ്ടാമത്തെ കാര്യമാണ്. അത് ഏത് രീതിയില്‍ ആര്‍ജ്ജിക്കുന്നു എന്നതാണ് ആദ്യം വിശകലനം ചെയ്യേണ്ട വസ്തുത. അത് അനായാസം തികഞ്ഞ ആത്മസംതൃപ്തിയോടുകൂടി കണ്ടെത്താനായായല്‍ അതുതന്നെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്‍റെ മുതല്‍ക്കൂട്ടാകും.
  • നിക്ഷേപങ്ങളും സാമ്പത്തിക ആസൂത്രണവും സാമ്പത്തികസ്വാതത്ര്യത്തിന്‍റെ ഒരു വശമാണെങ്കില്‍ മേല്‍പ്പപറഞ്ഞ ഘടകങ്ങള്‍ അതേ നാണയത്തിന്‍റെ മറുവശമായി കണക്കാക്കാം. സമ്പത്ത് നിക്ഷേപിക്കുന്നതും പരിപാലിക്കുന്നതും രണ്ടാമത്തെ കാര്യമാണ്. അത് ഏത് രീതിയില്‍ ആര്‍ജ്ജിക്കുന്നു എന്നതാണ് ആദ്യം വിശകലനം ചെയ്യേണ്ട വസ്തുത. അത് അനായാസം തികഞ്ഞ ആത്മസംതൃപ്തിയോടുകൂടി കണ്ടെത്താനായായല്‍ അതുതന്നെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്‍റെ മുതല്‍ക്കൂട്ടാകും.

Article first published in Mangalam

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here