ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിച്ചതെന്ത് ?

0
146

കോവിഡ്-19 മഹാമാരി ലോക സമ്പദ് വ്യവസ്ഥയേയും മിക്കവാറും എല്ലാ രാജ്യങ്ങളേയും , വ്യത്യസ്ത തീവ്രതയിലാണെങ്കിലും, ബാധിച്ചു. ഇന്ത്യയെപ്പോലെ പല രാജ്യങ്ങളും അതിവേഗം വീണ്ടെടുപ്പു നടത്തുകയാണെങ്കിലും പലരും ഇപ്പോഴും ക്ലേശിക്കുകയാണ്. ഇങ്ങനെ ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് വിദേശ നാണ്യ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന നമ്മുടെ അയല്‍ക്കാരായ ശ്രീലങ്ക. വിദേശ നാണയ ദൗര്‍ലഭ്യം അരി, പഞ്ചസാര, പാല്‍, പയറുവര്‍ഗങ്ങള്‍ എന്നിവയുടെയെല്ലാം ഇറക്കുമതിയെ ബാധിച്ചു. അവിടത്തെ ഇപ്പോഴത്തെ ഭക്ഷ്യ പ്രതിസന്ധിക്ക് ഗുരുതരമായ സാമൂഹ്യ ,രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടായേക്കാം.

മഹാമാരിയുടെ വരവിനു മുമ്പു തന്നെ 2019 ഏപ്രില്‍ 21 നു ഈസ്റ്റര്‍ ഞായറാഴ്ച നടന്ന കിരാതമായ ഭീകരാക്രമണത്തോടെയാണ് അവിടെ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ശ്രീലങ്കയുടെ ദേശീയ ജിഡിപിയുടെ 10 ശതമാനം സംഭാവന ചെയ്യുന്ന ടൂറിസമാണ് രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം കൊണ്ടുവരുന്നതും വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കുന്നതും. ഭീകരാക്രമണം ശ്രീലങ്കയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിനെ ഗുരുതരമയി ബാധിച്ചു. മഹാമാരിയുടെ വരവോടെ പ്രതിസന്ധി ഉച്ചസ്ഥായിയിലെത്തി. ശ്രീലങ്കയുടെ വ്യാപാരക്കമ്മിയും അടവു ശിഷ്ടവും വര്‍ധിക്കുകയും വിദേശ കടം പെരുകുകയും ചെയ്തു. വികസ്വര വിപണികളിലെ കറന്‍സികള്‍ സ്ഥിരതയോടെ നില്‍ക്കുകയോ ഇന്ത്യയിലേതുപോലെ മെച്ചപ്പെടുകയോ ചെയ്തപ്പോള്‍ ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഈ വര്‍ഷം ഇതുവരെ 9 ശതമാനം ഇടിയുകയാണു ചെയ്തത്. വിദേശ നാണയ കരുതല്‍ ശേഖരത്തില്‍ നിന്നെടുത്ത് ഈയിടെ ശ്രീലങ്ക ഒരു ബില്യണ്‍ ഡോളര്‍ വിദേശ കടം വീട്ടിയിരുന്നു. അവരുടെ വിദേശ കടം ജിഡിപിയുടെ 62 ശതമാനം എന്ന അപകടകരമായ നിലയിലാണ്. ശ്രീലങ്കയുടെ വിദേശ നാണയ ശേഖരം ഇപ്പോള്‍ 2.9 ബില്യണ്‍ ഡോളര്‍ മാത്രമാണ്. മൂന്നു മാസത്തെ ഇറക്കുമതി ആവശ്യങ്ങള്‍ക്കു മാത്രമേ ഈ തുക തികയുകയുള്ളു. ഇക്കാരണത്താല്‍ ഇറക്കുമതി നിയന്ത്രണം ആവശ്യമായി വരുന്നു. ശ്രീലങ്ക ഇപ്പോള്‍ അനുഭവിക്കുന്ന ഭക്ഷ്യ പ്രതിസന്ധി വിദേശ നാണയ പ്രതിസന്ധിയുടെ നേരിട്ടുള്ള പ്രത്യാഘാതമാണ്.

ശ്രീലങ്കയുടെ പ്രധാന കയറ്റുമതിയായ തേയിലയുടെ ഡിമാന്‍റിലുണ്ടായ കുറവ് വിദേശ നാണയ പ്രതിസന്ധിയുടെ ആക്കം കൂട്ടി. തേയില ഉല്‍പാദനത്തില്‍ രാസവസ്തുക്കള്‍ കുറയ്ക്കാനും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ സോദ്ദേശത്തോടെ കൈക്കൊണ്ട നടപടികള്‍ തേയിലയുടെ ഉല്‍പാദനച്ചിലവും വിലയും വര്‍ധിപ്പിച്ചത് കയറ്റുമതിയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. നേരത്തേ തന്നെ ഗുരുതരമായിരുന്ന വിദേശ നാണയ പ്രതിസന്ധി രൂക്ഷമാകാന്‍ ഇതു കാരണമായി.

പ്രതിസന്ധി മൂര്‍ഛിച്ചപ്പോള്‍ ഓഗസ്റ്റ് 31 ന് സര്‍ക്കാര്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ആവശ്യത്തിനു വിദേശ നാണയ ശേഖരം ഇല്ലാതായതോടെ ഇറക്കുമതി കുത്തനെ കുറയുകയും ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയുകയും ചെയ്തു. ഇതോടെ ഭക്ഷ്യ വസ്തുക്കള്‍ക്ക് റേഷന്‍ സമ്പ്രദായം നടപ്പാക്കുന്നതിനായി സര്‍ക്കാരിന് സൈന്യത്തെ വിളിക്കേണ്ടി വന്നു. അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് കടകള്‍ക്കു മുമ്പില്‍ ദീര്‍ഘമായ ക്യൂ പ്രത്യക്ഷപ്പെട്ടു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമാവുന്ന അതൃപ്തി രാഷ്ട്രീയ പ്രത്യാഘാതങ്ങളിലേക്കു നയിക്കാന്‍ സാധ്യത കൂടുതലാണ്.

ഇന്ത്യയ്ക്കു സഹായിക്കാന്‍ കഴിയും

വിദേശ നാണയ പ്രശ്നം മറികടക്കുന്നതിന് ശ്രീലങ്കയ്ക്കു അന്തര്‍ദേശീയ നാണയ നിധിയെ സമീപിക്കേണ്ടി വന്നേക്കാം. വിപണി വിദ്ഗധനും മുന്‍ ഗവര്‍ണറുമായ അജിത് നിവാഡ് കബ്രാലിനെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്കയുടെ ഗവര്‍ണറായി നിയമിച്ചത് ഈ വഴിക്കുള്ള ശ്രമങ്ങളുടെ സൂചനയായി വേണം കാണാന്‍. അതിനു മുമ്പ് ശ്രീലങ്ക ചൈനയുടെയോ ഇന്ത്യയുടെയോ സഹായം തേടാന്‍ സാധ്യതയുണ്ട്.

ഇന്ത്യയുടെ കടല്‍ മാര്‍ഗമുള്ള ചരക്കു കൈമാറ്റത്തില്‍ 60 ശതമാനവും കൊളമ്പോ തുറമുഖത്തു കൂടി കടന്നു പോകുന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ചേടത്തോളം കൊളമ്പോ തുറമുഖത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ നമ്മുടെ തന്ത്രപ്രധാനമായ താല്‍പര്യം കണക്കിലെടുക്കുമ്പോള്‍ ശ്രീലങ്കയുമായുള്ള സൗഹൃദം ഇന്ത്യയെ സംബന്ധിച്ചേടത്തോളം പ്രധാനമാണ്. അഫ്ഗാനിസ്ഥാനിസ്ഥാനിലും മ്യാന്‍മറിലും നേരിട്ട നയതന്ത്ര തിരിച്ചടികള്‍ക്ക ശേഷം ഇന്ത്യയുടെ സമീപനം ശ്രദ്ധാപൂര്‍വമായിരിക്കും. പ്രസിഡണ്ട് രജപക്സെയുടെ കീഴില്‍ ശ്രീലങ്ക ഈയിടെയായി ചൈനാ ചായ്വ് പ്രകടിപ്പിക്കുന്നുണ്ട്. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ശ്രീലങ്കയെ സഹായിക്കാന്‍ ചൈന അങ്ങേയറ്റം തല്‍പരരായിരിക്കും എന്നതിനാല്‍ ശരിയായ നീക്കങ്ങള്‍ നടത്താന്‍ പറ്റിയ അവസരം കൂടിയായിരിക്കും ഇന്ത്യയ്ക്കിത്.

First published in Kerala Kaumudi

LEAVE A REPLY

Please enter your comment!
Please enter your name here