വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരുകളും ആര്‍ബിഐയും ഒന്നിച്ചു ശ്രമിക്കണം

0
1726

സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കുന്നതിലും നില നിര്‍ത്തുന്നതിലും മാത്രമല്ല, വില നിലവാരം പിടിച്ചു നിര്‍ത്തുന്നതില്‍ കൂടിയാണ് 2021ല്‍ ലോകമെങ്ങുമുളള നയ രൂപീകരണ വിദഗ്ധര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികസ്വര രാജ്യങ്ങള്‍ മാത്രമല്ല, വികസിത രാജ്യങ്ങളും വില വര്‍ധനയുടെ സമ്മര്‍ദ്ദം നേരിടുന്നു. വര്‍ധിക്കുന്ന വില നിരക്കുകളാണ് പല സമ്പദ് വ്യവസ്ഥകളേയും കൂടുതല്‍ ഉത്തേജക പദ്ധതികളില്‍ നിന്ന് തടയുന്നത്. മഹാമാരി കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു പൂര്‍ണമായും മോചനം നേടുന്നതിനു മുമ്പുതന്നെ ചില രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ വര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞു. പണപ്പെരുപ്പ നിരക്കിലുണ്ടായ വര്‍ധനയുടെ കാരണങ്ങളിലൊന്ന് ഉല്‍പന്ന വിലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനയാണ്. വര്‍ധിക്കുന്ന ക്രൂഡോയില്‍ വില ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വലിയ ഭാരം നല്‍കുന്നു. 2021 ജൂലൈയില്‍ ഇന്ത്യ 12.89 ബില്യണ്‍ യുഎസ് ഡോളറിനുള്ള അസംസ്കൃത എണ്ണയും ഉപോല്‍പന്നങ്ങളും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ജൂലൈയില്‍ ഇറക്കുമതിയുടെ 27.7 ശതമാനവും എണ്ണയും അനുബന്ധ ഉല്‍പന്നങ്ങളുമായിരുന്നു.

ഇന്ത്യയില്‍, ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള വില നിരക്കാണ് റിസര്‍വ് ബാങ്കിന്‍റെ പണ നയ രൂപീകരണത്തിന് അടിസ്ഥാനമാക്കുന്നത്. ഉപഭോക്തൃ വില സൂചികയില്‍ തന്നെ, ഇന്ധനവും വെളിച്ചവുമാണ് 6.84 ശതമാനം. ഉപഭോക്തൃ വില സൂചികാ സഞ്ചിയില്‍ ഇന്ധനത്തിന്‍റെ പങ്ക് 10 ശതമാനത്തില്‍ താഴെ മാത്രമാണെങ്കിലും ക്രൂഡോയില്‍ വിലയ്ക്ക് മൊത്തത്തിലുള്ള വിലക്കയറ്റ നിരക്കുമായി വലിയ ബന്ധമുണ്ട്. എണ്ണ വില കൂടുന്നത് മറ്റുല്‍പന്നങ്ങളുടെ വില വര്‍ധവിനും ഇടയാക്കും. വിവിധ മേഖലകളില്‍ അസംസ്കൃത വസ്തുവായി ക്രൂഡോയില്‍ ഉപയോഗിക്കുമ്പോള്‍ പെട്രോളും ഡീസലും ചരക്കു ഗതാഗതത്തിന് അത്യന്താപേക്ഷിതമാണ്. ഉല്‍പാദനച്ചിലവിലെ വര്‍ധനയുടെ ഭാരം സ്വാഭാവികമായും ഉപഭോക്താക്കളിലെത്തിച്ചേരും. നിലവിലെ സാഹചര്യത്തില്‍ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഉയര്‍ന്ന വില ഉപഭോക്താക്കള്‍ക്കും ഉല്‍പാദകര്‍ക്കും അധിക ബാധ്യത ഉണ്ടാക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോഴും വീണ്ടെടുപ്പിന്‍റെ ബാല്യ ദശയിലാണ്. വീണ്ടെടുപ്പിന്‍റെ ഘട്ടത്തിലുള്ള ഒരു സമ്പദ് വ്യവസ്ഥയ്ക്ക് കൂടിയ വിലക്കയറ്റ നിരക്ക് താങ്ങാവുന്നതല്ല. 2021 ജൂലൈ മാസത്തെ വിലക്കയറ്റ നിരക്ക് ഉയര്‍ന്ന പരിധിയായ 6 ശതമാനത്തിനുള്ളില്‍ 5.59 ശതമാനമായിരുന്നു. എങ്കിലും വരും മാസങ്ങളിലെ വ നിരക്ക് നാം ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യവില കുറയുമ്പോള്‍ മാത്രമേ മൊത്തത്തിലുള്ള വിലക്കയറ്റ നിരക്കില്‍ കുറവനുഭവപ്പെടൂ. ഭക്ഷ്യ വിലക്കയറ്റം മുന്‍വര്‍ഷത്തെയപേക്ഷിച്ച് 2021 ജൂണിലെ 5.15 ശതമാനത്തില്‍ നിന്ന് 2021 ജൂലൈയില്‍ 3.39 ശതമാനം കുറഞ്ഞു. എങ്കിലും ഇന്ധനത്തിനും വെളിച്ചത്തിനുമുള്ള വിലവര്‍ധന 12.6 ശതമാനത്തില്‍ നിന്ന് 12.4 ശതമാനമായി മാത്രമേ കുറയുകയുണ്ടായുള്ളു.

ഈ ഘട്ടത്തില്‍ , ഉയരുന്ന ഇന്ധനവിലയില്‍ നിന്നുണ്ടാകുന്ന ബാധ്യതകള്‍ ലഘൂകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മാര്‍ഗങ്ങള്‍ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. ഇന്ധന നികുതി കുറയ്ക്കുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപടി കൈക്കൊള്ളേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പലതവണ ആവശ്യപ്പെടുകയുണ്ടായി. ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്ര സര്‍ക്കാര്‍ 32.9 രൂപയാണ് എക്സൈസ് നികുതിയായി പിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ പിരിക്കുന്ന വാറ്റ് പലയിടങ്ങളിലും വ്യത്യസ്തമാണ്. എക്സൈസ് നികുതിയിലും വാറ്റിലും വരുത്തുന്ന കുറവ് സാധാരണക്കാരന്‍റെ കൈവശം ചിലവാക്കാവുന്ന പണത്തിന്‍റെ തോത് വര്‍ധിപ്പിക്കും. ഇത് ഉപഭോക്തൃ വിപണിയില്‍ പ്രതിഫലിക്കുകയും സമ്പദ് വ്യവസ്ഥയുടെ സന്തുലനം നില നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

ഇന്ത്യയില്‍, വിലക്കയറ്റ നിരക്കു കുറയ്ക്കുക എന്നത് റിസര്‍വ് ബാങ്കിന്‍റെ മാത്രം ജോലിയല്ല. രാജ്യത്ത് വിലക്കയറ്റ നിരക്കു വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു.

First published in Madhyamam


LEAVE A REPLY

Please enter your comment!
Please enter your name here