ബാധ്യതയില്‍ ചില സാധ്യതകള്‍

0
121

ഒരു 100 രൂപയെങ്കിലും കടം മേടിക്കാത്തവര്‍ ചുരുക്കമാണ്. എത്ര വലിയ പണക്കാരായാല്‍പോലും ഏതെങ്കിലുമൊരു വായ്പ ജീവിതത്തില്‍ എടുത്തിട്ടുണ്ടാകും. ഒരു സാധാരണക്കാരന്‍റെ കാര്യമെടുത്താല്‍ ഒരു സമയത്ത് ഒന്നില്‍ കൂടുതല്‍ വായ്പ ഉണ്ടായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആവശ്യങ്ങള്‍ എണ്ണമറ്റതാകുമ്പോള്‍ വായ്പകളുടെ എണ്ണവും കൂടും. പണ്ട് നാം വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചിരുന്നു. ഇന്ന് ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും പൂര്‍വാനുമതിയുള്ള വായ്പകളുമായി നമ്മെ സമീപിച്ചു തുടങ്ങി. ഒരു മിനിറ്റ് കൊണ്ട് ലോണ്‍തുക നമ്മുടെ അക്കൗണ്ടിലേക്ക് വന്നു ചേരും. പക്ഷെ തിരിച്ചടയ്ക്കാനാണ് ഒരു പതിറ്റാണ്ട് വേണ്ടി വരുന്നത്. ഒന്നോ രണ്ടോ വായ്പയാണെങ്കില്‍ തിരിച്ചടവ് ഒരാള്‍ക്ക് തനിയെ ക്രമീകരിക്കാന്‍ സാധിക്കും. പക്ഷെ വായ്പകളുടെ എണ്ണം കൂടുമ്പോള്‍ അവ അടച്ചു തീര്‍ക്കുന്നതില്‍ ചില സാധ്യതകള്‍ തിരയുന്നത് നല്ലതാണു. ചില പോംവഴികള്‍ ബാധ്യതയുടെ തോത് കുറയ്ക്കാന്‍ മാത്രമല്ല നിശ്ചിത സമയത്തിന് മുന്‍പ് തന്നെ വായ്പകള്‍ അടച്ചു തീര്‍ക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യും രണ്ടു പ്രധാന തിരിച്ചടവ് രീതികളാണ് ഇന്നിവിടെ പ്രതിപാദിക്കുന്നത്. രണ്ടിനും അവയുടേതായ ഗുണവും ദോഷവുമുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും പ്രായോഗികതയും അനുസരിച്ച് ഇവയില്‍ ഏതു വേണമെന്ന് തീരുമാനിക്കാവുന്നതാണ്.

പലിശയടിസ്ഥാനമാക്കിയുള്ള തിരിച്ചടവ്

ഏറ്റവും കൂടുതല്‍ പലിശ നിരക്കുള്ള വായ്പ ഏറ്റവും ആദ്യം അടച്ചു തീര്‍ക്കുക എന്നതാണ് ഈ രീതികൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റെല്ലാ വായ്പകളിലേക്കും കുറഞ്ഞ തുക മാത്രം അടച്ച് ഏറ്റവും കൂടുതല്‍ പലിശയുള്ള വായ്പയിലേക്ക് കൂടുതല്‍ തുക അടയ്ക്കുക. ഇതിനായി, എടുത്തിട്ടുള്ള വായ്പകളെ ഏറ്റവും പലിശ കൂടിയതു മുതല്‍ പലിശ കുറഞ്ഞതുവരെയെന്ന ക്രമത്തില്‍ തിട്ടപ്പെടുത്തുക. അടയ്ക്കേണ്ട തുകയും അതെ ക്രമത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍ ഏറ്റവും കുറഞ്ഞ തോതില്‍ ക്രമപ്പെടുത്തുക. അപ്പോള്‍ ഏറ്റവും കൂടുതല്‍ പലിശ ഈടാക്കുന്ന വായ്പയിലേക്ക് ഏറ്റവും കൂടുതല്‍ അടവ് നിശ്ചയിക്കാനാകും. ഇങ്ങനെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഗുണവും ദോഷവും നോക്കാം. ഈ ഒരു രീതിക്ക് ഗുണമാണ് കൂടുതല്‍. കാരണം, ഈ രീതിമൂലം ഒരാള്‍ക്ക് പലിശയിനത്തില്‍ നല്ലൊരു തുക ലാഭിക്കാനാകുമെന്നു മാത്രമല്ല, ഗഡുക്കളില്‍ കുറവ് വരുത്താനും തډൂലം വായ്പ നേരത്തെ അടച്ചു തീര്‍ക്കാനും സാധിക്കും. ഓരോ വായ്പയിലേക്കും അടയ്ക്കാനുള്ള തുക ക്രമീകരിക്കുമ്പോള്‍ ഏതെങ്കിലും വായ്പകളില്‍ പിഴയോ മറ്റ് നടപടികളോ ഇല്ല എന്ന ഉറപ്പു വരുത്തണം. ഈ രീതിയുടെ അടിസ്ഥാന ഉദ്ദേശം വായ്പ ചിലവ് കുറയ്ക്കുക എന്നതാണ്. ഇങ്ങനെ ചെയ്യമ്പോള്‍ ചിലപ്പോള്‍ ആദ്യം അടഞ്ഞു തീരുന്നത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലായിരിക്കും. അതിനുശേഷം വ്യക്തിഗത വായ്പകള്‍, പിന്നെ കാര്‍ ലോണ്‍, പിന്നെ ഈ ട ിന ്പുറത്തുള്ള വായ്പകള്‍ എന്നിങ്ങനെ തുടങ്ങി ഭവനവായ്പയും, സ്വര്‍ണ്ണ പണയവുമെല്ലാം ക്രമമായി അടഞ്ഞു തീരും. ഈ രീതിയുടെ ദോഷവശം തികച്ചും മനശ്ശാസ്ത്രപരമാണ്. ഈ രീതിയുടെ ഫലം നമുക്ക് ലഭിക്കുന്നത് വായ്പയുടെ അവസാനകാലത്തായതുകൊണ്ട് ഒരാളുടെ ജീവിതത്തില്‍ പെട്ടെന്ന് പ്രകടമായ ഒരു മാറ്റമോ സംതൃപ്തിയോ ഉണ്ടാകില്ല. കണക്കുകളില്‍ നല്ല മാറ്റം കാണാനാകുമെങ്കിലും മാനസിക സംതൃപ്തി പ്രദാനം ചെയ്യാന്‍ ഈ രീതിക്ക് കഴിയില്ല. മാത്രമല്ല തികഞ്ഞ അച്ചടക്കം ഈ ഒരു രീതിയുടെ വിജയത്തിന് അത്യന്താപേക്ഷികമാണ്. ഇടയ്ക്ക് അടവുകള്‍ മുടങ്ങിയാല്‍ ഈ രീതികൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാകില്ല.

തുകയടിസ്ഥാനമാക്കിയുള്ള തിരിച്ചടവ്
കണക്കു പ്രകാരം കൂടുതല്‍ ലാഭകരം മുന്‍പ് പറഞ്ഞ രീതിയാണെങ്കിലും മനഃസംതൃപ്തി കൂടുതല്‍ പ്രദാനം ചെയ്യുന്ന രീതി ഇതാണ്. ഇതില്‍ പലിശ നിരക്കിനല്ല, വായ്പയുടെ തുകയ്ക്കാണ് പ്രാധാന്യം. ഏറ്റവും കുറവ് തുക മുതല്‍ ഏറ്റവും കൂടുതല്‍ തുക എന്ന ക്രമത്തില്‍ തിരിച്ചടവ് ക്രമീകരിക്കുന്ന രീതിയാണിത്. ചെറിയ തുകകള്‍ ആദ്യമേ അടഞ്ഞു തീരുന്ന രീതിയില്‍ പ്രതിമാസം തിരിച്ചടയ്ക്കുന്ന തുകയെ ക്രമപ്പെടുത്തുന്നു. ഇതില്‍ പലിശ നിരക്ക് കണക്കിലെടുക്കില്ല. ചിലപ്പോള്‍ ഏറ്റവും തുക ബാക്കിയുള്ള വായ്പയ്ക്കായിരിക്കാം ഏറ്റവും കൂടുതല്‍ പലിശ. പക്ഷെ ക്രമപ്പെടുത്തുമ്പോള്‍ ആ വായ്പ അടച്ചു തീര്‍ക്കുക ഏറ്റവും അവസാനമായിരിക്കും. ഇതിനായി പലിശ കൂടിയ വായ്പകളുടെ കാലാവധി കൂട്ടി അതിലേക്കുള്ള തിരിച്ചടവിന്‍റെ മാസഗഡു കുറയ്ക്കുന്നു. ഇങ്ങനെ ലാഭിക്കുന്ന തുകകള്‍ കൊണ്ട് ചെറിയ വായ്പകള്‍ വേഗത്തില്‍ അടച്ചു തീര്‍ക്കുന്നു.

ഈ രീതിയും ഗുണദോഷ സമ്മിശ്രമാണ്. ഇതിനു മുന്‍പുള്ള രീതിയെ താരതമ്യപ്പെടുത്തി നോക്കുമ്പോ ഈ രീതി സാമ്പത്തിക മെച്ചം കുറഞ്ഞ ഒന്നാണ്. വായ്പകളുടെ പലിശയെ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് പാഴ്ചിലവ് ഈ ഒരു രീതിയില്‍ കൂടുതലായിരിക്കും. പലിശ കൂടിയ വായ്പകളുടെ പലിശ കുന്നുകൂടുമ്പോഴും തുക കുറഞ്ഞ വായ്പകള്‍ ആദ്യം അടച്ചു തീര്‍ക്കാന്‍ ശ്രദ്ദിക്കുന്നതിനാല്‍ ഭാവിയില്‍ ബാധ്യത കൂടിവരും. മാനസിക സംതൃപ്തിയും നടപ്പാക്കാന്‍ എളുപ്പമാണെന്നുമുള്ളതാണ് ഈ രീതിയുടെ ഗുണങ്ങള്‍. വായ്പകളുടെ എണ്ണം വേഗത്തില്‍ കുറയുന്നത് പ്രകടമായ മാറ്റം കാണിക്കും, കാര്യങ്ങള്‍ എളുപ്പമാകും, പക്ഷെ ചിലവ് കൂടും. ഒരു രീതി സാമ്പത്തികമായി ഗുണകരമാണെങ്കിലും തികഞ്ഞ അച്ചടക്കം ആവശ്യവുള്ളതും, എന്നാല്‍ പ്രകടമായ മാറ്റമൊന്നും കാണിക്കാത്തതുമാണ്. രണ്ടാമത്തേത് സാമ്പത്തികമായി ഗുണകരമല്ലെങ്കിലും വേഗത്തില്‍ പ്രകടമായ മാറ്റവും മന:സംതൃപ്തിയും പ്രദാനം ചെയ്യുന്നതാണ്. ഇതില്‍ ഏതു രീതി അവലംബിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here