ഐപിഒയില്‍ ബുദ്ധിപൂര്‍വ്വം നിക്ഷേപിക്കാം

0
227

വിപണിയിലെ ഐപിഒ തരംഗം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ ഐപിഒ കഴിയുമ്പോഴും നിക്ഷേപകരില്‍ നിന്നുണ്ടാകുന്ന മികച്ച പ്രതികരണമാണ് കൂടുതല്‍ കമ്പനികളെ ധനസമാഹരണത്തിനായി ഐപിഒ മാര്‍ഗം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍, എല്ലാ ഐപിഒകളും നിക്ഷേപകന് ലാഭം നേടിക്കൊടുക്കണമെന്നില്ല. ഐപിഒകളില്‍ നിക്ഷേപിക്കാനൊരുങ്ങുമ്പോള്‍ നിക്ഷേപകര്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം തലവനായ വിനോദ് നായര്‍.

ഐപിഒകളില്‍ നിക്ഷേപിക്കുന്നത് ഒരു നല്ല തന്ത്രമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
ഇത് ഒരു നല്ല നിക്ഷേപ തന്ത്രമാണ്. ഫണ്ടുകളുടെ ലഭ്യതയ്ക്കായി കമ്പനികള്‍ മികച്ച ആശയങ്ങള്‍ വിപണിയിലെത്തിക്കുമ്പോള്‍ അത്തരം കമ്പനികളുടെ ഓഹരിയില്‍ ഐപിഒകളിലൂടെ നിക്ഷേപിക്കുന്നത് രാജ്യത്തിനും നിക്ഷേപകര്‍ക്കും സമ്പത്ത് വര്‍ധിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ്. ടിസിഎസ്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി തുടങ്ങിയവ ചില മികച്ച ഉദാഹരണങ്ങളാണ്. ഭാവിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള കമ്പനികളെ തിരിച്ചറിയുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്തരം കമ്പനികളുടെ ഓഹരികള്‍ ശേഖരിക്കുകയും ചെയ്യുന്നതാണ് നല്ലത്.

ഐപിഒകള്‍ സബ്സ്ക്രൈബ് ചെയ്യുന്നതിന് നിക്ഷേപകര്‍ അവരുടെ സ്റ്റോക്കുകള്‍ വില്‍ക്കണോ?
അതിന്‍റെ ആവശ്യമില്ല. ഒരാളുടെ കയ്യിലുള്ള സ്റ്റോക്കുകളുടെ മുന്‍കാല പ്രകടനവും വിപണിയില്‍ ഉണ്ടായേക്കാവുന്ന സംഭവവികാസങ്ങളേയും അടിസ്ഥാനപ്പെടുത്തി മാത്രമായിരിക്കണം നിലവിലെ പോര്‍ട്ട്ഫോളിയോയില്‍ നിന്ന് ഏതെങ്കിലും സ്റ്റോക്കുകള്‍ വില്‍ക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. കയ്യിലുള്ള സ്റ്റോക്കുകള്‍ ദുര്‍ബലമാണെങ്കില്‍, വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. നിക്ഷേപകന് ഫണ്ടുകളുടെ അഭാവവും സ്റ്റോക്കുകള്‍ വില്‍ക്കാന്‍ പദ്ധതിയുമുണ്ടെങ്കില്‍, അത് ഓഹരികളുടെ ഗുണനിലവാരവും പ്രതീക്ഷിച്ച നേട്ടങ്ങളും തമ്മിലുള്ള താരതമ്യത്തെ അടിസ്ഥാനമാക്കിയായിരിക്കണം. അപേക്ഷിച്ച ഓഹരിയില്‍ അലോട്ട്മെന്‍റ് ലഭിക്കുമ്പോഴാണ് ഒരാള്‍ ഐപിഒയില്‍ പങ്കാളികളാകുന്നത്. കൂടാതെ, ഒരു ലോട്ട് സ്വന്തമാക്കാന്‍ 15,000 രൂപ മതി. അതിനാല്‍ത്തന്നെ, ഇന്നത്തെ ഓവര്‍ സബ്സ്ക്രൈബ്ഡ് സാഹചര്യത്തില്‍ ഐപിഒയില്‍ പങ്കാളികളാകാന്‍ കയ്യിലുള്ള ഷെയറുകള്‍ വില്‍ക്കേണ്ട ആവശ്യം വരുന്നില്ല.

ഏത് ഐപിഒ സബ്സ്ക്രൈബ് ചെയ്യണമെന്ന് നിക്ഷേപകര്‍ എങ്ങനെ തിരഞ്ഞെടുക്കണം?
വിപണിയെകുറിച്ചുള്ള വിവരങ്ങളെല്ലാം എളുപ്പം ലഭിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ഈ തീരുമാനം എളുപ്പമാണ്. ഓപ്പണ്‍ മാര്‍ക്കറ്റ് അവലോകനങ്ങളും ഫോറങ്ങളും ബന്ധപ്പെട്ട ഐപിഒകളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ സഹായിക്കുന്നു. കൂടാതെ, പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ഐപിഒ കുറിപ്പുകളും വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ സഹായിക്കുന്നു. ഇതിനൊക്കെ പുറമെ, നിക്ഷേപകന് ആര്‍എച്ച്പി (റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്), മാര്‍ക്കറ്റ് വ്യൂ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള വിവരങ്ങള്‍ വെച്ച് സ്വയം ഗവേഷണം നടത്താവുന്നതുമാണ്. ബിസിനസുകളുടെ തരം, വ്യവസായ കാഴ്ചപ്പാട്, ബ്രാന്‍ഡ് & ഉല്‍പ്പന്നങ്ങള്‍, മാനേജ്മെന്‍റിന്‍റെ കാര്യപ്രാപ്തി, ലാഭക്ഷമത, സ്റ്റോക്കിന്‍റെ വില എന്നിവ പരിശോധിക്കേണ്ട ചില പ്രധാന ഘടകങ്ങളാണ്.

ലിസ്റ്റിംഗിന് ശേഷം പല നിക്ഷേപകരും വില്‍ക്കുന്ന ഒരു പ്രവണതയുണ്ടോ? ഇത് ശരിയായ തന്ത്രമാണോ? അലോട്ട്മെന്‍റ് ലഭിച്ചാല്‍ നിക്ഷേപകര്‍ എന്തു ചെയ്യണം?
ഇതൊരു മികച്ച ആശയമല്ല. എന്നിരുന്നാലും, ഹ്രസ്വകാല നിക്ഷേപകര്‍ക്ക് ലിസ്റ്റിംഗിനു ശേഷം ഓഹരികള്‍ വില്‍ക്കുന്നതിലൂടെ ലാഭമുണ്ടാക്കാവുന്നതാണ്. ഭാവിയില്‍ എല്ലാ ഓഫറുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നില്ല എന്നതിനാല്‍, നിലവിലുള്ള ആവേശകരമായ മാര്‍ക്കറ്റ് സാഹചര്യത്തില്‍ ഭാഗികമായി ലാഭമെടുക്കുന്നതും നല്ലൊരു തന്ത്രമാണ്. അതേസമയം, തുടക്കത്തിലെ കുതിപ്പിനു ശേഷം ഓഹരികള്‍ വില സ്ഥിരത കൈവരിക്കുമെന്നതിനാല്‍, കമ്പനിയുടെ പ്രകടനത്തിനനുസരിച്ച് ഓഹരികള്‍ ശേഖരിക്കുകയോ വില്‍ക്കുകയോ ചെയ്യാം. രാസവസ്തുക്കള്‍, ഐടി, ഫാര്‍മ, കരാര്‍ നിര്‍മ്മാണം, ടെക് അധിഷ്ഠിത കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നീ മേഖലകള്‍ പ്രതീക്ഷ നല്‍കുന്നവയാണ്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഐപിഒകള്‍ തുടര്‍ക്കഥയാകുമ്പോഴും, സമീപകാല ലിസ്റ്റിംഗ് വിലകള്‍ കുറയുന്ന പ്രവണത കാണുന്നുണ്ട്. എന്താണിതിനു കാരണം?
2020, 2021 കാലഘട്ടത്തിലെ ഐപിഒകളുടെ എക്കാലത്തെയും മികച്ച പ്രകടനം, അമിതമായ വിതരണത്തിലും ഓഫറിന്‍റെ ഗുണനിലവാരത്തകര്‍ച്ചയിലും കൊണ്ടെത്തിച്ചു, ഇത് സമീപകാല ഐപിഒകളുടെ ദുര്‍ബലമായ പ്രകടനത്തിലേക്ക് നയിച്ചു. കൂടാതെ, ഓഗസ്റ്റ് മാസത്തിലെ മിഡ് & സ്മോള്‍ ക്യാപ്പുകളുടെ ഉയര്‍ന്ന ചാഞ്ചാട്ടം, അടുത്തിടെ സമാനമായ തരത്തിലുള്ള ഐപിഒകളുടെ പ്രകടനത്തെ ബാധിച്ചു.

ഐപിഒ തരംഗം തുടരുമോ? ലിസ്റ്റിംഗ് വിലകള്‍ കുറയുന്ന പ്രവണത തുടരുമോ?
അടുത്ത കാലങ്ങളിലായി മികച്ച കമ്പനികളുടെ ഐപിഒ കുറയാന്‍ തുടങ്ങി. ഹ്രസ്വകാലങ്ങളിലേക്കു ഈ സാഹചര്യം നിലനില്‍ക്കാനാണ് സാധ്യത, നിക്ഷേപകര്‍ ജാഗ്രതയോടുകൂടി വേണം സമീപിക്കാന്‍. മാര്‍ക്കറ്റിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഇത് ഒരു ഉയര്‍ച്ചയോടെ സ്ഥിരപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഒരു ഇടക്കാല അടിസ്ഥാനത്തില്‍, സമ്പദ്വ്യവസ്ഥ അണ്‍ലോക്ക് ചെയ്യുമ്പോള്‍, വലുതും മികച്ചതുമായ ഓഫര്‍ പ്രതീക്ഷിക്കാം. ഇന്ത്യന്‍ ജിഡിപിയുടെ പ്രതീക്ഷിക്കപ്പെടുന്ന വളര്‍ച്ചയും സാമ്പത്തിക പരിഷ്കാരങ്ങളും ലിസ്റ്റിംഗ് വിലകളില്‍ ഉയര്‍ച്ചയുണ്ടാക്കാന്‍ സാധ്യതയുണ്ട്.

പല ഐപിഒ കമ്പനികളും സാമ്പത്തികമായി ശക്തമല്ലാത്തതിനാല്‍, ദീര്‍ഘകാല സാഹചര്യത്തില്‍, നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടോ?
ഐപിഒ കമ്പനികള്‍ സാമ്പത്തികമായി ശക്തമല്ലെങ്കില്‍, തീര്‍ച്ചയായും ആ സ്റ്റോക്ക് വിലകളെ സാരമായി ബാധിക്കും. 2020 & 2021 ല്‍ വാഗ്ദാനം ചെയ്ത ഐപിഒകളുടെ ഗുണനിലവാരം വിലയിരുത്തിയാല്‍, മിക്കവയും നല്ല നിലവാരമുള്ളവയാണ്. അവയില്‍ ഭൂരിഭാഗവും കെമിക്കല്‍സ്, ഫാര്‍മ, ഐടി അധിഷ്ഠിത മേഖലകളുമായി ബന്ധപ്പെട്ടവയാണ്. കൂടാതെ പല സ്റ്റോക്കുകളുടെയും ബിസിനസ് മാതൃക നേരുള്ളതായിരുന്നു. അതിനാല്‍ത്തന്നെ, കനത്ത നഷ്ടം നേരിടാനുള്ള സാധ്യത കുറവാണ്. ഈയിടെയായി ഓഫറുകളുടെ ഗുണനിലവാരം ദുര്‍ബലമാകുന്ന ഒരു പ്രവണതയും കാണുന്നുണ്ട്.

വരാനിരിക്കുന്ന ഐപിഒകള്‍ക്കായി നിങ്ങള്‍ എന്താണ് മുന്‍കൂട്ടി കാണുന്നത്?
വിപണിയില്‍ നിലവിലുള്ള അമിത ആവേശം മാറി സമീപഭാവിയില്‍ത്തന്നെ സാധാരണ നിലയിലേക്കെത്തുമെന്നു പ്രതീക്ഷിക്കാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍, സമ്പദ്വ്യവസ്ഥ അണ്‍ലോക്ക് ചെയ്യുമ്പോള്‍, ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയില്‍ വിപണിയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. സര്‍ക്കാരിന്‍റെ സാമ്പത്തിക പരിഷ്കാര നടപടികളും മെച്ചപ്പട്ട സാഹചര്യങ്ങളെക്കാണു വിരല്‍ചൂണ്ടുന്നത്.

ചൈനീസ് വിപണിയിലെ തകര്‍ച്ച ഇന്ത്യന്‍ വിപണിയോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ടോ?
ഇന്ത്യന്‍ മാര്‍ക്കറ്റിന് എത്രത്തോളം പ്രയോജനം ലഭിച്ചുവെന്ന് പറയാറായിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ഐടി, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയോടുള്ള താല്‍പ്പര്യം മെച്ചപ്പെടുകയും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും സാധിച്ചിട്ടുണ്ട്. ഇത് തുടരുകയാണെങ്കില്‍, ഇന്ത്യയ്ക്ക് നേട്ടം തന്നെ ആയിരിക്കും.

First published in Malayala Manorama

LEAVE A REPLY

Please enter your comment!
Please enter your name here